ജസ്റ്റിസ് കെ.ടി.തോമസിന്റെ നിലപാടിനെച്ചൊല്ലി വിവാദം
- Last Updated on 07 May 2012
കോട്ടയം:മുല്ലപ്പെരിയാര്‍ അണക്കെട്ട് പ്രശ്നത്തില്‍ ജസ്റ്റിസ് കെ.ടി.തോമസ് സ്വീകരിച്ച നിലപാടിനെച്ചൊല്ലി ആരോപണ പ്രത്യാരോപണങ്ങള്‍. സുപ്രിംകോടതി രൂപവത്കരിച്ച ഉന്നതാധികാര സമിതിയിലെ കേരളത്തിന്റെ പ്രതിനിധിയാണ് കെ.ടി.തോമസ്. എന്നാല്‍, അദ്ദേഹം കേരളത്തിന്റെ താല്പര്യങ്ങള്ക്കുവേണ്ടി പ്രവര്‍ത്തിച്ചില്ലെന്ന് ഒരുപക്ഷം ആക്ഷേപം ഉന്നയിക്കുന്നു. മറ്റൊരു പക്ഷമാകട്ടെ,
തോമസിന്റെ നിലപാട് കേരളത്തിന് എതിരല്ലെന്ന് വാദിക്കുന്നു. തന്റെ പരിമിതിക്കുള്ളില്‍നിന്ന് ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്തിട്ടുണ്ടെന്ന് ജസ്റ്റിസ് കെ.ടി.തോമസും പറയുന്നു.
കെ.ടി.തോമസിന്റെ പ്രവര്‍ത്തനം പരാജയമെന്ന് മന്ത്രി
കേരളത്തിന്റെ പ്രതിനിധിയെന്ന നിലയില്‍ ജസ്റ്റിസ് തോമസിന്റെ പ്രവര്‍ത്തനം പരാജയമാണെന്നാണ് മന്ത്രി പി.ജെ.ജോസഫ് തുറന്നടിച്ചത്. താന്‍ കേരളത്തിന്റെ പ്രതിനിധിയല്ലെന്ന അദ്ദേഹത്തിന്റെ പ്രസ്താവന, അദ്ദേഹത്തിന്റെ നിയമനത്തെത്തന്നെ ചോദ്യം ചെയ്യുന്നതാണ്. കേരളമാണ് അദ്ദേഹത്തെ നിയോഗിച്ചത്. സംസ്ഥാനത്തിന്റെ താല്പര്യം സംരക്ഷിക്കേണ്ട ഉത്തരവാദിത്വം അദ്ദേഹത്തിനുണ്ടായിരുന്നു. അത് സംരക്ഷിക്കാന്‍ കഴിയാത്തതിന്റെ കുറ്റബോധമാണ് താന്‍ കേരളത്തിന്റെ പ്രതിനിധിയല്ലെന്ന അദ്ദേഹത്തിന്റെ പ്രസ്താവനയില്‍ കാണുന്നത്-മന്ത്രി പറഞ്ഞു.കെ.ടി. തോമസിന്റെ നിലപാട് കേരളത്തിന് വലിയ ദോഷം ചെയ്തിട്ടുണ്ടെന്നാണ് മുന്‍ മന്ത്രി എന്‍. കെ. പ്രേമചന്ദ്രന്റെയും നിലപാടെന്നറിയുന്നു.
വ്യക്തിപരമായിട്ടല്ലെങ്കിലും ജസ്റ്റിസ് വി.ആര്. കൃഷ്ണയ്യരുടെ പ്രതികരണവും തോമസിന്റെ നിലപാടിനെ കുറ്റപ്പെടുത്തുന്നതാണ്. അണക്കെട്ട് സുരക്ഷിതമാണെന്ന ഉന്നതാധികാരസമിതിയുടെ റിപ്പോര്‍ട്ടിനോട് യോജിക്കാനാവില്ലെന്നാണ് കൃഷ്ണയ്യര്‍ പറഞ്ഞത്. ജഡ്ജിമാര്‍ക്ക് അണക്കെട്ടിനെയോ ഭൂചലനത്തെയോ പറ്റി ഒരുചുക്കും അറിയില്ലെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ഇതുതന്നെയാണ് കേരളത്തില്‍ മുല്ലപ്പെരിയാറിന് വേണ്ടി അക്ഷീണം യത്നിച്ച വിദഗ്ധരുടെയും അഭിപ്രായം. പ്രതിനിധിയായ ആളിന് കാര്യങ്ങള്‍ അറിയില്ലായിരുന്നെങ്കില്‍ അറിയാവുന്ന എന്‍ജിനിയര്‍മാരോട് ചോദിക്കാമായിരുന്നല്ലോ എന്നാണവരുടെ അഭിപ്രായം.