ജീവിതം സമുദായസേവനത്തിനായി സമര്‍പ്പിച്ച നാരായണപ്പണിക്കര്‍ക്ക് പ്രണാമം
- Last Updated on 01 March 2012
ചങ്ങനാശ്ശേരി: ജീവിതം സമുദായസേവനത്തിനായി സമര്‍പ്പിച്ച നായര്‍ സര്‍വീസ് സൊസൈറ്റി പ്രസിഡന്റ് അഡ്വ. പി.കെ. നാരായണപ്പണിക്കര്‍ അന്തരിച്ചു. 81 വയസ്സായിരുന്നു. ബുധനാഴ്ച ഉച്ചകഴിഞ്ഞ് 2.10ന് ചങ്ങനാശ്ശേരി, വാഴപ്പള്ളിയിലെ വസതിയായ ലക്ഷ്മി ബംഗ്ലാവിലായിരുന്നു അന്ത്യം.
പ്രോസ്റ്റേറ്റ് കാന്‍സര്‍ ബാധിച്ച് ചികിത്സയിലായിരുന്നു. രോഗം കലശലായതിനെത്തുടര്‍ന്ന് കുറച്ചുദിവസങ്ങള്‍ക്കുമുമ്പ് പെരുന്ന എന്‍.എസ്.എസ്. മെഡിക്കല്‍ മിഷന് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെനിന്ന് മടങ്ങിയെത്തിയെങ്കിലും ആരോഗ്യനില തൃപ്തികരമായിരുന്നില്ല.
ബുധനാഴ്ച രാവിലെ കാപ്പി കഴിച്ച് വിശ്രമിക്കുമ്പോള്‍ ശ്വാസതടസ്സമുണ്ടായി. 11 മണിയോടെ നില വഷളായി. 2.10ന് മരണം സംഭവിക്കുകയായിരുന്നു. അന്ത്യസമയത്ത് മക്കളും മരുമക്കളും എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായരും സമീപത്തുണ്ടായിരുന്നു.
പരേതയായ എം.സാവിത്രിയമ്മ (റിട്ട. ഹെഡ്മിസ്ട്രസ്) ആണ് ഭാര്യ. മക്കള്‍: സതീഷ്കുമാര്‍ (ഐ.ഡി.ബി.ഐ., കെയര്‍വിങ് ജനറല്‍ മാനേജര്‍, മുംബൈ) , ഡോ. ജഗദീഷ്കുമാര് (എന്‍.എസ്.എസ്. മെഡിക്കല്‍മിഷന്‍, ചങ്ങനാശ്ശേരി), രഞ്ജിത്ത് (ടാറ്റാ ടീ പ്രൊഡക്ഷന്‍ മാനേജര്‍, എറണാകുളം). മരുമക്കള്‍: ദേവി (ഭാരത് പെട്രോളിയം, മുംബൈ), ഡോ. സീതാലക്ഷ്മി(താലൂക്ക് ആസ്പത്രി, ചങ്ങനാശ്ശേരി), ഡോ. പ്രിയ (എന്‍. എസ്. എസ്. മെഡിക്കല്‍ മിഷന്, ചങ്ങനാശ്ശേരി). പരേതയായ സരോജനിയമ്മ, അയ്യപ്പപ്പണിക്കര്‍, ശിവരാമപ്പണിക്കര്‍, ആനന്ദവല്ലിയമ്മ, മാധവപ്പണിക്കര്‍, രാധാദേവി എന്നിവര്‍ സഹോദരങ്ങളാണ്.
്യാഴാഴ്ച രാവിലെ വാഴപ്പള്ളിയിലെ വീട്ടില്‍നിന്ന് കൊണ്ടുപോകുന്ന മൃതദേഹം, 10 മണി മുതല്‍ പെരുന്ന എന്‍.എസ്.എസ്. ആസ്ഥാനത്ത് പൊതുദര്‍ശനത്തിന് വയ്ക്കും. ഉച്ചക്ക് ഒരു മണിയോടെ തിരികെ വീട്ടിലെത്തിക്കും. വൈകുന്നേരം നാലിന് വീട്ടുവളപ്പില്‍ ശവസംസ്കാരം നടത്തും.
മന്നത്ത് പദ്മനാഭനുശേഷം കൂടുതല്‍ കാലം എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറിയായിരുന്നത് നാരായണപ്പണിക്കരായിരുന്നു; 28 വര്‍ഷം. 1978-ല്‍ എന്‍.എസ്.എസ്. ഖജാന്ജിയായാണ് നേതൃസ്ഥാനത്തെത്തുന്നത്. 1983 ഡിസംബര്‍ 31ന് ആദ്യമായി ജനറല്‍ സെക്രട്ടറിയായി. കഴിഞ്ഞ വര്‍ഷം ജനറല്‍ സെക്രട്ടറി സ്ഥാനമൊഴിഞ്ഞ് സംഘടനയുടെ പ്രസിഡന്റായി. എന്‍.ഡി.പി. ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
1930 ആഗസ്ത് 30ന് ചിങ്ങത്തിലെ ചിത്തിര നക്ഷത്രത്തിലാണ് ജനനം. അച്ഛന്: കുട്ടനാട്ടിലെ പ്രശസ്ത കര്‍ഷക കുടുംബമായ കണ്ണാടി അമ്പാട്ടുമഠത്തില്‍ പരേതനായ വേലുപ്പിള്ള. അമ്മ: വാഴപ്പള്ളി പിച്ചാമത്ത് ലക്ഷ്മിക്കുട്ടിയമ്മ. വാഴപ്പള്ളി സെന്റ് തെരേസാസ് എല്‍.പി. സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. തുടര്‍ന്ന് പെരുന്ന എന്‍.എസ്.എസ്. ഹൈസ്കൂളില്‍. 1946-ല്‍ ഇ.എസ്.എല്‍.സി. പാസ്സായി. ചങ്ങനാശ്ശേരി എസ്.ബി., എറണാകുളം ലോ കോളേജ് എന്നിവിടങ്ങളില്‍ ഉന്നത വിദ്യാഭ്യാസം. എന്‍.എസ്.എസ്. യു.പി. സ്കൂളില്‍ ഹെഡ്മാസ്റ്ററായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഏറെക്കാലം അഭിഭാഷകനായിരുന്നു. വാഴപ്പള്ളി പഞ്ചായത്ത് കോടതി ജഡ്ജിയുമായി. 1972-ല്‍ ചങ്ങനാശ്ശേരി നഗരസഭാ കൗണ്‍സിലറായി. രണ്ടുവര്‍ഷം ചെയര്‍മാനായിരുന്നു. കേരള സര്‍വകലാശാലാ സെനറ്റംഗം, എം.ജി. സര്‍വകലാശാലാ സിന്‍ഡിക്കേറ്റംഗം, ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡംഗം, ചങ്ങനാശ്ശേരി ലയണ്‍സ് ക്ലബ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
എന്‍.എസ്.എസ്. സ്ഥാപനങ്ങള്‍ക്ക് അവധി
ചങ്ങനാശ്ശേരി:അന്തരിച്ച പി.കെ.നാരായണപ്പണിക്കരോടുള്ള ആദരസൂചകമായി സംസ്ഥാനത്തെ എന്‍.എസ്.എസ്സിന്റെ ഉടമസ്ഥതയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുള്‍പ്പെടെ എല്ലാ സ്ഥാപനങ്ങള്‍ക്കും വ്യാഴാഴ്ച അവധിയായിരിക്കുമെന്ന് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ അറിയിച്ചു. ബുധനാഴ്ചയും ഇവയ്ക്ക് അവധിയായിരുന്നു. എന്‍.എസ്.എസ്. ഒരാഴ്ചത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രധാനമന്ത്രി അനുശോചിച്ചു
ന്യൂഡല്‍ഹി: എന്‍.എസ്.എസ്.പ്രസിഡന്റ് പി.കെ.നാരായണപ്പണിക്കരുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍സിങ് അനുശോചിച്ചു.നായര്‍ സമുദായത്തിന്റെ നേതാവായിരിക്കെതന്നെ എല്ലാ വിഭാഗങ്ങളുടെയും സമുദായങ്ങളുടെയും ആദരവും പിന്തുണയുമാര്ജ്ജിക്കാന് അദ്ദേഹത്തിന് കഴിഞ്ഞുവെന്നും പ്രധാനമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
എന്‍.എസ്.എസ്. പ്രസിഡന്റ് പി.കെ. നാരായണപ്പണിക്കരുടെ നിര്യാണത്തില്‍ ഗവര്‍ണര്‍ എച്ച്.ആര്. ഭരദ്വാജ് അനുശോചിച്ചു. സമൂഹത്തിന്റെയും പ്രത്യേകിച്ച് നായര്‍ സമുദായത്തിന്റെയും ഉന്നതിക്കുവേണ്ടി അദ്ദേഹം നല്കിയ സംഭാവനകള്‍ എക്കാലവും ഓര്‍മിക്കപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു.
എന്‍.എസ്.എസിനെ യു.ഡി.എഫിന്റെ ഭാഗമാക്കി മാറ്റാനുള്ള ശ്രമത്തെ താന്‍ സജീവ നേതൃത്വത്തിലുള്ള കാലം വരെ നാരായണപ്പണിക്കര്‍ പ്രതിരോധിച്ചുവെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന് അനുസ്മരിച്ചു.
നാടിന്റെ വിശാലതാത്പര്യം ഉയര്‍ത്തിപ്പിടിക്കുന്ന ഒരു പ്രസ്ഥാനമായി എന്‍.എസ്.എസ്സിനെ വളര്‍ത്തിയെടുത്ത സമുദായനേതാവായിരുന്നു പി.കെ. നാരായണപ്പണിക്കരെന്ന് കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു.
സമദൂരസിദ്ധാന്തത്തില്‍ ഉറച്ചുനില്‍ക്കുമ്പോഴും കോണ്‍ഗ്രസിന് എക്കാലത്തും കരുത്തുപകരുന്ന സമീപനമായിരുന്നു അദ്ദേഹത്തിന്േറതെന്നും അദ്ദേഹം പറഞ്ഞു.
നാരായണപ്പണിക്കരുടെ നിര്യാണത്തില്‍ അനുശോചിച്ചു
കൊച്ചി: എന്‍എസ്എസ് നേതാവ് പി.കെ. നാരായണപ്പണിക്കരുടെ നിര്യാണത്തില്‍ കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരി അനുശോചിച്ചു. നായര്‍ സര്‍വീസ് സൊസൈറ്റിയെ വളരെ വിവേകത്തോടും ക്രാന്തദര്‍ശിത്വത്തോടും നയിച്ച അദ്ദേഹം കേരള സമൂഹത്തെ ഒന്നായി കാണാന്‍ ആഗ്രഹിച്ച വ്യക്തിയാണ്. ഇരുപത്തിയെട്ടു കൊല്ലം എന്‍എസ്എസിന്റെ ജനറല്‍ സെക്രട്ടറിയായും തുടര്‍ന്ന് പ്രസിഡന്റുമായിരുന്ന അദ്ദേഹം മറ്റു സമുദായങ്ങളോടും മതങ്ങളോടും വളരെ ആദരവിന്റെയും സഹകരണത്തിന്റെയും സമീപനം പുലര്‍ത്തിയെന്ന് കര്‍ദ്ദിനാള്‍ അനുസ്മരിച്ചു.
പുത്തന്‍കുരിശ്: എന്‍എസ്എസിന്റെ സാരഥിയായിരുന്ന പി.കെ. നാരായണപ്പണിക്കരുടെ വേര്‍പാട് വലിയ നഷ്ടമാണ് എന്ന് യാക്കോബായ സഭയുടെ ശ്രേഷ്ഠ കാതോലിക്ക ആബൂന്‍ മോര് ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ പറഞ്ഞു. കേരളത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും ഇടയിലും നിറഞ്ഞ് നിന്നിരുന്നതായ വ്യക്തിത്വമാണ് നാരായണ പ്പണിക്കരുടേതെന്ന് ശ്രേഷ്ഠ ബാവ പറഞ്ഞു.
പി.കെ. നാരായണപ്പണിക്കര്‍ കേരളത്തിലെ സമുദായ സൗഹാര്‍ദ്ദത്തിന് വേണ്ടി നിലകൊണ്ട മഹദ്വ്യക്തിയായിരുന്നുവെന്ന് കേരള കത്തോലിക്കാ മെത്രാന് സമിതി (കെസിബിസി) അഭിപ്രായപ്പെട്ടു. ലളിതമായ ജീവിതശൈലികൊണ്ടും സൗമ്യമായ പെരുമാറ്റംകൊണ്ടും എല്ലാവരുമായി സ്നേഹബന്ധം പുലര്‍ത്താനും സമചിത്തതയോടെ പ്രശ്നങ്ങളേയും പ്രതിസന്ധികളേയും കൈകാര്യം ചെയ്യാനും അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.
മതസൗഹാര്‍ദ്ദവും സമുദായങ്ങള്‍ തമ്മില്‍ സാഹോദര്യവും ഐക്യവും നിലനിറുത്താന്‍ വേണ്ടി അദ്ദേഹം നല്കിയ നിസ്തുലമായ നേതൃത്വവും സേവനങ്ങളും കേരള സമൂഹത്തിന് ഒരിക്കലും മറക്കാനാവില്ലെന്ന് കെസിബിസി പ്രസിഡന്റ് ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, വൈസ് പ്രസിഡന്റ് ആര്‍ച്ച് ബിഷപ്പ് ഡോ. ഫ്രാന്‍സിസ് കല്ലറക്കല്‍, സെക്രട്ടറി ജനറല്‍ ആര്‍ച്ച് ബിഷപ്പ് തോമസ് മാര്‍ കൂറിലോസ് എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.
പി.കെ. നാരായണപ്പണിക്കരുടെ നിര്യാണത്തില്‍ വിശ്വഹിന്ദു പരിഷത്ത് അനുശോചിച്ചു.
നാരായണപ്പണിക്കരുടെ നിര്യാണത്തില്‍ കൊച്ചി മേയര്‍ ടോണി ചമ്മണി അനുശോചിച്ചു.
പി.കെ. നാരായണപ്പണിക്കരുടെ നിര്യാണത്തില്‍ എന്‍സിപി ജില്ലാ കമ്മിറ്റി അനുശോചിച്ചു.
അധികാരത്തിന് പിന്നാലെ പോകാത്ത നേതാവായിരുന്നു നാരായണപ്പണിക്കരെന്ന് ഹൈബി ഈഡന് എംഎല്‍എ അനുസ്മരിച്ചു. ലളിതമായ ജീവിത ശൈലിയിലൂടെ കേരള സമൂഹത്തില്‍ ഏറെക്കാലം നിറഞ്ഞുനിന്ന മനുഷ്യസ്നേഹിയായിരുന്നു അദ്ദേഹമെന്ന് ഹൈബി ചൂണ്ടിക്കാട്ടി.
കൊച്ചി: ലളിതമായ ജീവിതശൈലിയിലൂടെ ഉന്നതമായ ആശയാദര്‍ശങ്ങള്‍ ജീവിതത്തില്‍ പുലര്‍ത്തിയ വ്യക്തിത്വത്തിനുടമയായിരുന്നു പി.കെ. നാരായണപ്പണിക്കരെന്ന് ഹിന്ദു ഐക്യവേദി ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന് അഭിപ്രായപ്പെട്ടു. കര്‍മ്മനിരതവും നിസ്വാര്‍ത്ഥവുമായ തന്റെ പൊതു ജീവിതം രാഷ്ട്രനന്മയ്ക്കും ജനങ്ങളുടെ ഉയര്‍ച്ചയ്ക്കും വേണ്ടി അദ്ദേഹം സമര്‍പ്പിച്ചു.
എന്നും തുറന്ന മനസ്സും നിഷ്ുളങ്ക സമീപനവുമായിരുന്നു ജനകീയ പ്രശ്നങ്ങളോട് ഉണ്ടായിരുന്നത്. പൊതുരംഗത്തെ അദ്ദേഹത്തിന്റെ നിറഞ്ഞ സാന്നിദ്ധ്യം സാമൂഹിക, രാഷ്ട്രീയ മണ്ഡലത്തെ സമ്പന്നമാക്കിയതായും കുമ്മനം ചൂണ്ടിക്കാട്ടി.
കൊച്ചി: പി.കെ. നാരായണപ്പണിക്കരുടെ നിര്യാണത്തില്‍ മുന്‍മുഖ്യമന്ത്രി ഇ.കെ. നായനാരുടെ ഭാര്യ ശാരദ ടീച്ചര്‍ അനുശോചിച്ചു.