ഒരു മൃതദേഹം കണ്ടെത്തി; തിരച്ചില്‍ തുടരുന്നു
- Last Updated on 04 March 2012
കൊല്ലം: വ്യാഴാഴ്ച പുലര്‍ച്ചെ കപ്പലിടിച്ച് മുങ്ങിയ ബോട്ടിലുണ്ടായിരുന്ന മൂന്നുപേരില്‍ ഒരാളുടെ മൃതദേഹം നാവികസേനയുടെ മുങ്ങല്‍ വിദഗ്ദ്ധര്‍ കണ്ടെത്തി. പള്ളിത്തോട്ടം സ്വദേശി സന്തോഷി (28) ന്റെ മൃതദേഹമാണ് കിട്ടിയത്.മറ്റു രണ്ടു പേര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. സന്തോഷിന്റെ മൃതദേഹം മത്സ്യത്തൊഴിലാളികള്‍ക്ക് കൈമാറി.
കടലില്‍ 47 മീറ്റര്‍ ആഴത്തില്‍ കിടക്കുന്ന ബോട്ട് നേവിയുടെ കപ്പല്‍ കഴിഞ്ഞ ദിവസമാണ് കണ്ടെത്തിയത്.നാവികസേനയുടെ സ്കാനിങ് കപ്പലായ സര്‍വേക്ഷക് ആണ് അപകടമുണ്ടായ ഭാഗത്ത് ബോട്ട് കണ്ടെത്തിയത്. നാവികസേനതന്നെ മുങ്ങല്‍വിദഗ്ധരെ എത്തിച്ചെങ്കിലും ബോട്ട് ക്യാബിന് തകര്‍ന്ന് എണ്ണ ചോരുന്ന നിലയിലായിരുന്നെന്ന് നാവിക അധികൃതര്‍ പറഞ്ഞു. മണ്ണുമൂടിയ നിലയിലുള്ള ബോട്ട്, പൊക്കിയെടുക്കാനാകാത്തവിധം മത്സ്യബന്ധനവല കുരുങ്ങിക്കിടക്കുകയാണ്. ഇന്നുച്ചയോടെ ബോട്ട് പൊക്കിയെടുക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നതെന്ന് നാവികസേന അറിയിച്ചു.
കാണാതായവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.കൊല്ലം, പള്ളിത്തോട്ടം തോപ്പില്‍ ഡോണ്‍ ബോസ്കോ നഗറില്‍ ബേബിച്ചന് എന്ന ബര്‍ണാഡ് (32), ചവറ കോവില്‍ത്തോട്ടം സ്വദേശി ക്ലീറ്റസ് (34) എന്നിവരെയാണ് ഇനി കണ്ടെത്താനുള്ളത്.