കയറ്റുമതിക്കാര്‍ പകുതി വിദേശനാണ്യം രൂപയാക്കി മാറ്റണമെന്ന് ആര്‍.ബി.ഐ
- Last Updated on 11 May 2012
- Hits: 2
മുംബൈ: രൂപയുടെ മൂല്യമുയര്‍ത്താന്‍ ഒട്ടേറെ നിര്‍ദേശങ്ങളുമായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ രംഗത്തെത്തി. വന്‍തോതില്‍ ഡോളര്‍ വിറ്റഴിച്ചിട്ടും രൂപയുടെ മൂല്യം പിടിച്ചുനിര്‍ത്താന്‍ കഴിയാതെ വന്നതിനെ തുടര്‍ന്നാണ് കൂടുതല്‍ നടപടികള്‍ കൈക്കൊള്ളാന്‍ ആര്‍.ബി.ഐ. നിര്‍ബന്ധിതമായത്. കയറ്റുമതിക്കാര്‍ തങ്ങളുടെ പക്കലുള്ള
വിദേശനാണ്യത്തിന്റെ 50 ശതമാനമെങ്കിലും രൂപയാക്കി മാറ്റണമെന്നാണ് വ്യാഴാഴ്ച ആര്‍.ബി.ഐ. ആവശ്യപ്പെട്ടത്.
തങ്ങളുടെ അക്കൗണ്ടിലുള്ള മുഴുവന്‍ വിദേശനാണ്യവും ഉപയോഗിച്ച ശേഷമേ ഇനി ഡോളറും മറ്റും വാങ്ങാന്‍ കയറ്റുമതിക്കാരെ അനുവദിക്കൂ. റിസര്‍വ് ബാങ്കിന്റെ ഈ നടപടി രൂപയുടെ മൂല്യമുയര്‍ത്താന്‍ സഹായിക്കുമെന്നാണ് വ്യാപാരികള്‍ പറയുന്നത്. ബുധനാഴ്ച രൂപ ഡോളറുമായുള്ള എക്കാലത്തേയും താഴ്ന്ന നിരക്കായ 53.83-ല്‍ വ്യാപാരം അവസാനിപ്പിച്ചതിനെ തുടര്‍ന്നായിരുന്നു ആര്‍.ബി.ഐ. ഇടപെടല്‍. ഈ നിര്‍ദേശത്തെ തുടര്‍ന്ന് വ്യാഴാഴ്ച ഒരു ഘട്ടത്തില്‍ രൂപയുടെ മൂല്യം 52.95 വരെ ഉയര്‍ന്നിരുന്നു.ു
യൂറോപ്യന്‍ മേഖലയിലെ പ്രശ്‌നങ്ങളും ഗ്രീസിലെ രാഷ്ട്രീയ അനിശ്ചിതത്വം മൂലമുള്ള ആശങ്കയുമായിരുന്നു ബുധനാഴ്ച വന്‍തോതില്‍ ഡോളര്‍ വാങ്ങാന്‍ വ്യാപാരികളെ പ്രേരിപ്പിച്ചത്. ഇതേ തുടര്‍ന്ന് രൂപയുടെ മൂല്യം 53.80-ലേക്ക് ഇടിഞ്ഞെങ്കിലും ആര്‍.ബി.ഐ. ഇടപെടല്‍ മൂലം 53.70-ലേക്ക് തിരിച്ചുകയറി. എന്നാല്‍ അവസാന മിനുട്ടുകളില്‍ ഇറക്കുമതിക്കാര്‍ പരിഭ്രാന്തരായി ഡോളര്‍ വാങ്ങിക്കൂട്ടാന്‍ തുടങ്ങിയതോടെ രൂപയുടെ വില 1.3 ശതമാനം കുറഞ്ഞ് എക്കാലത്തേയും താഴ്ന്ന നിലയിലാണ് അവസാനിച്ചത് (53.83). ഇതിനുമുമ്പ് 2011 ഡിസംബര്‍ 14-നായിരുന്നു മൂല്യം ഏറ്റവും കുറഞ്ഞ നിരക്കില്‍ രൂപയുടെ വ്യാപാരം അവസാനിച്ചത്.
അന്ന് ഒരു ഡോളറിന് 53.72 എന്ന നിലയിലായിരുന്നു രൂപ. തൊട്ടടുത്ത ദിവസം വ്യാപാരത്തിനിടെ രൂപ 54.30 എന്ന നിരക്ക് കാണിച്ചു എങ്കിലും വ്യാപാരം അവസാനിച്ചത് കരുത്താര്‍ജിച്ച നിലയിലായിരുന്നു. ഇതിനിടെ വിദേശനാണ്യ വിനിമയ വിപണിയിലെ ഊഹക്കച്ചവടം കുറയ്ക്കുന്നതിന് റിസര്‍വ് ബാങ്ക് നടപടിയെടുക്കണമെന്ന് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് കൗശിക് ബാബു പറഞ്ഞു.