'ജാഗ്വര്‍' ഇനി 'ചെറി'യുടെ നിറവില്‍
- Last Updated on 29 March 2012
- Hits: 7
ചൈനയിലെ 'പുലി'ക്കുട്ടികള്‍ക്ക് ഇനി ചെറി യുടെ നിറമായിരിക്കും. കുഞ്ഞുകണ്ണുകളും പതിഞ്ഞ മൂക്കും ഉണ്ടാകും. ഇനി ജാഗ്വര്‍്, ലാന്റ് റോവറും ചൈനയിലെ പ്രധാന ബ്രാഡായ 'ചെറി'യും ഒരു പുതിയ ലേബലില്‍ സംയുക്തമായി കാറുകളുണ്ടാക്കി തുടങ്ങും. ഇതുസംബന്ധിച്ച കരാറില്‍ ഇരുകമ്പനികളും ഒപ്പുവച്ചു. 60 രാജ്യങ്ങളില്‍ സാന്നിധ്യമുള്ള 'ചെറി' ഓട്ടോമൊബൈല്‍സും ടാറ്റ മോട്ടോഴ്‌സും തുല്യ പങ്കാളിത്തത്തോടെയുള്ള
സംയുക്ത സംരംഭത്തിലെ ആദ്യ കാര്‍ 2014 ജൂലായില്‍ പുറത്തിറങ്ങും. 2.7 ബില്ല്യന്‍ ഡോളറാണ് ഇരുകമ്പനികളും ഇതില്‍ നിക്ഷേപിക്കുന്നത്.
വാര്‍ത്ത കേട്ടതും ടാറ്റായുടെ ഷെയറുകള്‍ക്ക് വില ഉയര്‍ന്നു. മുമ്പ്, 2008-ല്‍ ടാറ്റ മോട്ടോഴ്‌സിന്റെ ഷെയറുകള്‍ ഓഹരിവിപണിയില്‍ തകര്‍ച്ച നേരിട്ടിരുന്നു. അന്നും ജാഗ്വറും ലാന്റ് റോവറുമായിരുന്നു സംസാരവിഷയം. ചെറിയുടെ വിപണന ശൃംഖലയും ചൈനയിലെ കൂലി കുറഞ്ഞ തൊഴിലാളികളും ജാഗ്വറിന് ലഭിക്കുമ്പോള്‍ ജാഗ്വാറിന്റെ പിന്‍ബലത്തില്‍ തങ്ങളുടെ കാറുകളെ യൂറോപ്പിലും യു.എസ്സിലും എത്തിക്കാന്‍ ചെറിക്കും കഴിയും.
വന്‍ നഷ്ടത്തിലായ രണ്ട് ആഗോള ബ്രാഡുകള്‍ അന്ന് ഏറ്റെടുക്കുമ്പോള്‍ ടാറ്റ മോട്ടോഴ്‌സ് ഏറെ പഴി കേട്ടു. പിടിച്ചുനില്കാന്‍ പെടാപാടുപെടുന്ന ഇവ ടാറ്റയുടെ ഇനിയങ്ങോട്ടുള്ള പാതയില്‍ വിള്ളലുണ്ടാക്കുമെന്ന് വിമര്‍ശകര്‍ ആവര്‍ത്തിച്ചുറപ്പിച്ചു. ആഗോള തകര്‍ച്ചയില്‍ കൈകാലിട്ടടിക്കുന്ന ഈ 'വെള്ള'ക്കുട്ടികളെ രക്ഷിക്കാന്‍ എന്ത് ഒറ്റമൂലിയാണ് ടാറ്റയുടെ കയ്യില്‍- നിക്ഷേപകര്‍ തല പുകച്ചു.
കല്ലേറുകള്‍ പുഞ്ചിരിയോടെ ഏറ്റുവാങ്ങി അന്ന് രത്തന്‍ ടാറ്റ ആഗോളതലത്തിലെ വന്‍ ഇന്ത്യന്‍ ഡീലുകളിലൊന്നുമായി മുന്നോട്ടുപോയി. 2.3 ബില്യന്‍ ഇടപാട് പക്ഷേ, അത്ര മെച്ചമായിരുന്നില്ല, ആദ്യത്തെ പത്തുമാസം. യു.കെ.യിലെ ജാഗ്വര്‍ ലാന്റ് റോവര്‍ നിര്‍മ്മാണ യൂണിറ്റുകള്‍ 280 ദശലക്ഷം പൗണ്ട് നഷ്ടമുണ്ടാക്കി. ഒടുവില്‍ 'പുലി' മെരുങ്ങി. 2010 അവസാനിക്കുമ്പോള്‍ ഈ രണ്ടു ബ്രാഡുകളും കൂടി ടാറ്റയുടെ ലാഭത്തിന്റെ കണക്കില്‍ എഴുതിച്ചേര്‍ത്തത് 275 ദശലക്ഷം പൗണ്ട്.
കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ വികസിത സമ്പദ്‌വ്യവസ്ഥകള്‍ ആടിയുലഞ്ഞപ്പോഴാണിതെന്ന് ഓര്‍ക്കുക. പട്ടിണിയിലായ സായിപ്പുമാരെ നമ്പിയിട്ട് കാര്യമില്ലെന്ന് തിരിച്ചറിഞ്ഞ ടാറ്റ വണ്ടിയുടെ ഗിയര്‍ മാറ്റി നേരെ ചൈനയ്ക്ക് വിട്ടു. കാറ്റുപോയ കമ്മ്യൂണിസത്തെ വഴിയോരത്തേക്ക് മാറ്റിയിട്ട് ആഡംബരം കാത്തിരുന്ന പുതിയ ചൈനീസ് മുതലാളിമാര്‍ ടാറ്റയുടെ ചൂണ്ടയില്‍ കൊത്തി. 2011ല്‍ 43000 കാറുകളാണ് ടാറ്റ ചൈനയില്‍ വിറ്റത്. മുതലാളിത്തം നീണാള്‍ വാഴട്ടെ! ചൈനയിലെ പുത്തന്‍കൂറ്റ് മുതലാളിമാരുടെ ഇടയില്‍ ഇന്ന് കേള്‍വി കേട്ട ബ്രാഡാണ് ലാന്റ് റോവര്‍. ടാറ്റ ഏറ്റെടുത്തതിന് ശേഷം 60 ശതമാനമാണ് ഇതിന്റെ കച്ചവടം ഉയര്‍ന്നത്.
ചൈന കുതിക്കുകയാണ്. അല്ല, പറ പറക്കുകയാണ്. കമ്മ്യൂണിസം അവര്‍ തല്കാലം പൂട്ടിവെച്ചിരിക്കുന്നു. ആഢംബരകാറുകളുടെ വില്പനയുടെ വാര്‍ഷിക വളര്‍ച്ച 38 ശതമാനമാണിപ്പോള്‍ അവിടെ. 9.5 ലക്ഷം ആഡംബര വണ്ടികള്‍ കഴിഞ്ഞവര്‍ഷം ചൈനയില്‍ വിറ്റു. ഈ പശ്ചാത്തലത്തിലാണ് ചൈനീസ് ആഗോള കാര്‍ നിര്‍മ്മാതാക്കളായ ചെറി ഓട്ടോമൊബൈല്‍സുമായി ടാറ്റ കൈകോര്‍ക്കുന്നത്. ജാഗ്വറും ലാന്റ് റോവറും ഇനി ചൈനയില്‍ ഇറക്കുന്നത് ഈ സംയുക്ത സംരംഭമായിരിക്കും. ബ്രിട്ടനു പുറത്ത് ഇതാദ്യമായാണ് ഈ ബ്രാഡുകളുടെ നിര്‍മ്മാണ യൂണിറ്റ് തുറക്കുന്നത്. 30 വര്‍ഷത്തേക്കാണ് കരാര്‍. 170 രാജ്യങ്ങളില്‍ ഇപ്പോള്‍ വില്പനയിലുള്ള ഈ ബ്രാഡുകള്‍ ഷാങ്ഹായില്‍ നിന്ന് 100 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറ് ചാങ്ഷൂവില്‍ നിന്നായിരിക്കും പുറത്തിറങ്ങുക.
1997ല്‍ ആണ് ചെറി ഓട്ടോമൊബൈല്‍സ് കമ്പനി ചൈനയില്‍ ആരംഭിക്കുന്നത്. 1997 മാര്‍ച്ചില്‍ പ്ലാന്റ് നിര്‍മ്മാണം ആരംഭിച്ചു. 99 ഡിസംബറില്‍ ആദ്യകാര്‍ പുറത്തിറങ്ങി. ചെറി, കാറി, റിച്ച്, റെലി എന്നിങ്ങനെ 16 ബ്രാന്റുകളിലായി 9 ലക്ഷം കാറുകള്‍ ഒരുവര്‍ഷം ചെറി പുറത്തിറക്കുന്നു. കൂടാതെ ബസ്, വാണിജ്യവാഹനങ്ങള്‍, മിനി വാന്‍ എന്നിവയും ഇതേ ബ്രാന്റില്‍ പുറത്തിറങ്ങുന്നുണ്ട്. 60 രാജ്യങ്ങളിലേക്ക് ചെറി കയറ്റുമതി ചെയ്യപ്പെടുന്നുമുണ്ട്.