26April2012

You are here: Home Automotive ജനപ്രിയ കാറുകള്‍ക്ക് വിലകൂടും

ജനപ്രിയ കാറുകള്‍ക്ക് വിലകൂടും

തിരുവനന്തപുരം: പുതിയ സംസ്ഥാന ബജറ്റ് നിര്‍ദേശങ്ങള്‍ വഴി ജനപ്രിയ കാറുകളുടെ വിലയില്‍ 9000 മുതല്‍ 12000 രൂപവരെ വര്‍ധിക്കും. സെന്‍ട്രല്‍ എകൈ്‌സസ് ഡ്യുട്ടിയിലെ രണ്ടു ശതമാനവും സംസ്ഥാന നികുതിയുടെ ഒരു ശതമാനം വര്‍ധനവുമാണ് കാറുകളുടെ വില ഉയര്‍ത്തുന്നത്.നിലവിലുണ്ടായിരുന്ന 12.5 ശതമാനത്തില്‍ നിന്നും സംസ്ഥാന വാറ്റ് 13.5 ശതമാനമായി ഉയര്‍ന്നു. 

ജനപ്രിയ ബ്രാന്‍ഡായ മാരുതിയുടെ 800, ഓള്‍ട്ടോ, എ സ്റ്റാര്‍, റിറ്റ്‌സ്, സ്വിഫ്റ്റ് എന്നിവയ്ക്ക് ഏകദേശം 6000 രൂപ മുതല്‍ 12000 രൂപവരെ വര്‍ധനവ് ഉണ്ടാകും. ഹുണ്ടായിയുടെ മോഡലുകളായ ഐ 10 ന് 7000 രൂപ വര്‍ധിക്കും. ഐ 20 ന് 9000 രൂപയും എന്‍ട്രി ലെവലിലെ ഇയോണിന് 6000 രൂപയും വില ഉയരും. സാന്‍ട്രോയുടെ ബേസ് മോഡലിന് 7000 രൂപവരെ വര്‍ധനവുണ്ടാകും. ടാറ്റാ നാനോയുടെ മോഡലുകള്‍ക്ക് 3500 രൂപവരെ വിലകൂടും. ടാറ്റാ ഇന്‍ഡിക്കയുടെ മോഡലുകള്‍ക്ക് 16,000 രൂപവരെ വില ഉയര്‍ന്നേക്കും.

ആഡംബരവാഹനങ്ങളുടെ വിലയിലും കാര്യമായ വര്‍ധനവുണ്ട്. ടൊയോട്ട ഇന്നോവയുടെ മോഡലുകള്‍ക്ക് 30,000 മുതല്‍ 55,000 രൂപവരെ വില കൂടിയിട്ടുണ്ട്. ഫോര്‍ച്ച്യൂണറിന് 1.25 ലക്ഷംവരെ വില ഉയര്‍ന്നു. സ്‌കോഡ റാപ്പിഡിന് 25,000 നും ലോറയ്ക്ക് 35000 നും അടുത്ത് വില വര്‍ധനവുണ്ടായേക്കും. റോഡ് നികുതിയിലെ വര്‍ധനവാണ് ആഡംബരവാഹനങ്ങളുടെ വില ഉയര്‍ത്തിയത്.

റോഡു നികുതി കണക്കാക്കുന്നതിനുള്ള പുതിയ നിര്‍ദേശങ്ങള്‍ അഞ്ചുലക്ഷം രൂപയ്ക്ക് മുകളില്‍ വിലയുള്ള വാഹനങ്ങള്‍ക്കാണ് ബാധകമാകുന്നത്. അഞ്ചു ലക്ഷത്തിന് താഴെ വിലയുള്ള കാറുകള്‍ക്ക് വിലയുടെ ആറു ശതമാനം നികുതി നല്‍കിയാല്‍ മതി. 

വാഹനങ്ങളുടെ എന്‍ജിന്‍ സിലിണ്ടര്‍ വ്യാപ്തം (ക്യുബിക് കപ്പാസിറ്റി) അടിസ്ഥാനമാക്കിയാണ് ഇതുവരെ റോഡ് ടാക്‌സ് ഈടാക്കിയിരുന്നത്. 1500 സി.സിക്ക് താഴെയുള്ള കാറുകള്‍ക്ക് ആറുശതമാനമായിരുന്നു നികുതി. ഇതിന് മുകളിലുള്ള കാറുകള്‍ക്ക് എട്ടു ശതമാനം നികുതി നല്‍കിയാല്‍ മതിയായിരുന്നു. അതിനാല്‍ ചെറു കാറുകളുടെ റോഡ് നികുതി വര്‍ധിക്കാനിടയില്ല.

വിലയുടെ അടിസ്ഥാനത്തില്‍ റോഡ് ടാക്‌സ് നിശ്ചയിച്ചതോടെ 510 ലക്ഷം രൂപയ്ക്കിടയ്ക്ക് വിലവരുന്ന കാറുകള്‍ക്ക് വിലയുടെ എട്ടു ശതമാനം റോഡ് ടാക്‌സായി നല്‍കണം. 15 ലക്ഷത്തില്‍ താഴെവിലയുള്ള വാഹനങ്ങള്‍ക്ക് വിലയുടെ പത്തു ശതമാനവും അതിന് മുകളില്‍ വിലയുള്ള വാഹനങ്ങള്‍ക്ക് 15 ശതമാനവും റോഡു നികുതിയായി നല്‍കണം. ആഡംബരക്കാറുകളുടെ നികുതിഘടനയിലാണ് പ്രകടമായ മാറ്റം ഉണ്ടാകുക. 

ഡീസല്‍കാറുകളുടെ റോഡ് ടാക്‌സിലും വര്‍ധനവ് ഉണ്ടാകും. ഭൂരിഭാഗം ഡീസല്‍ കാറുകളും അഞ്ചുലക്ഷത്തിന് മുകളില്‍ വിലയുള്ളവയാണ്. ഇവയ്ക്ക് വിലയുടെ എട്ടുശതമാനം റോഡുനികുതി നല്‍കേണ്ടിവരും. അടുത്തിടെ പെട്രോള്‍ഡീസല്‍വിലയിലെ അന്തരം വ്യാപകമായതോടെ ഡീസല്‍ കാറുകളുടെ വില്‍പന വര്‍ധിച്ചിരുന്നു. ടാറ്റാ ഇന്‍ഡിക്ക, മാരുതി റിറ്റ്‌സ്, എ സ്റ്റാര്‍, സ്വിഫ്റ്റ്, ഫോര്‍ഡ് ഫിഗോ, ഫോക്‌സ് വാഗണ്‍ പോളോ, ഫിയറ്റ് പുന്തോ, മഹേന്ദ്ര വെരിറ്റോ എന്നിവയുടെ ഡീസല്‍ മോഡലുകള്‍ക്കെല്ലാം അഞ്ചുലക്ഷത്തിന് മുകളില്‍ വിലയുണ്ട്. 

സാധാരണക്കാരന്റെ വാഹനമായ ഓട്ടോറിക്ഷകള്‍ക്കും വില വര്‍ധിച്ചിട്ടുണ്ട്. ഡീസല്‍ മോഡല്‍ ഓട്ടോറിക്ഷകളുടെ വിലയില്‍ 7000 നും 8500 നും ഇടയ്ക്ക് വര്‍ധനവുണ്ടാകും. ബജാജിന്റെ 445 ഡീസല്‍ എന്ന മോഡലിന് 1,25,990 ആണ് ഇപ്പോഴത്തെ വില. സംസ്ഥാന കേന്ദ്രനികുതിയിലെ വര്‍ധനവോടെ 7000 രൂപ വിലകൂടും. ആര്‍.ഇ മാക്‌സ്, ജി.സി മാക്‌സ് എന്നീ മോഡലുകള്‍ക്കും 8000 രൂപയിലേറെ വില ഉയരും. പ്രതിമാസം 600 ല്‍ അധികം ഓട്ടോറിക്ഷകള്‍ തിരുവനന്തപുരം ജില്ലയില്‍ മാത്രം വില്‍ക്കപ്പെടുന്നുണ്ട്.

Newsletter