19August2012

You are here: Home World ഈജിപ്തില്‍ വീണ്ടും കലാപഭീതി

ഈജിപ്തില്‍ വീണ്ടും കലാപഭീതി

കയ്‌റോ: നീണ്ട കാലത്തെ ഏകാധിപത്യത്തിനു വിരാമമിട്ട് കഴിഞ്ഞവര്‍ഷം തിരഞ്ഞെടുക്കപ്പെട്ട പാര്‍ലമെന്‍റ് പിരിച്ചുവിടണമെന്ന സുപ്രീംകോടതി വിധി ഈജിപ്തിലെ സമാധാന അന്തരീക്ഷത്തിന് ഭീഷണിയായി. അധികാരം മുന്‍ഭരണകൂടത്തിന് ബന്ധമുള്ളവരിലേക്ക് നീങ്ങിയാല്‍ ഈജിപ്തില്‍ അപകടകരമായ ദിവസങ്ങളാണ് വരാന്‍ പോകുന്നതെന്ന് പ്രമുഖ

രാഷ്ട്രീയകക്ഷിയായ മുസ്‌ലിം ബ്രദര്‍ഹുഡ് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

രാജ്യത്ത് പ്രസിഡന്‍റ് തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടം നടക്കാനിരിക്കേയാണ് പാര്‍ലമെന്‍റ് ഭരണഘടനാവിരുദ്ധമാണെന്ന സുപ്രീംകോടതി വിധി വരുന്നത്. തിരഞ്ഞെടുപ്പിലെ ചില വ്യവസ്ഥകള്‍ ഭരണഘടനാ വിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടിയാണ് പാര്‍ലമെന്‍റ് പിരിച്ചുവിടാന്‍ സുപ്രീംകോടതി ഉത്തരവിട്ടത്. പുതിയ തിരഞ്ഞെടുപ്പ് നടത്താനും കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. മുബാറക്ക് ഭരണകൂടത്തിലെ അംഗങ്ങള്‍ക്ക് തിരഞ്ഞെടുപ്പില്‍ വിലക്കേര്‍പ്പെടുത്തിയ നിയമം പിന്‍വലിക്കുകയും ചെയ്തു. ഇതോടെ അധികാരം മുഴുവനായും ഈജിപ്തിലെ അധികാര കൈമാറ്റത്തിനു മേല്‍നോട്ടം വഹിക്കാന്‍ രൂപവത്കരിക്കപ്പെട്ട ഉന്നത സായുധസേനാ സമിതിയുടെ (സ്‌കാഫ്) കൈയിലാകും.

വ്യാഴാഴ്ച വിധി പുറത്തുവന്നതോടെ ഒട്ടേറേ യുവാക്കള്‍ ചരിത്രപ്രസിദ്ധമായ തഹ്‌രീര്‍ സ്‌ക്വയറില്‍ ഒത്തുകൂടി പ്രതിഷേധം രേഖപ്പെടുത്തി. വരുംദിവസങ്ങളില്‍ പ്രതിഷേധം ശക്തമാകുമെന്നാണ് വിലയിരുത്തല്‍. സായുധ സേനാ സമിതി അധികാരം പിടിച്ചെടുക്കാന്‍ ശ്രമിക്കുകയാണെന്ന ഭീതിയും ജനാധിപത്യ പ്രക്ഷോഭകര്‍ക്കിടയില്‍ ശക്തമാണ്. പ്രസിഡന്‍റ് തിരഞ്ഞെടുപ്പ് നിശ്ചയിച്ചതുപോലെ മുന്നോട്ടുകൊണ്ടുപോകാന്‍ സമിതി അടിയന്തരയോഗം ചേര്‍ന്നു തീരുമാനിച്ചിട്ടുണ്ട്.

ഹുസ്‌നി മുബാറക്കിന്റെ കാലത്ത് നിയമിച്ച ജഡ്ജിമാരുടെ പിന്തുണയോടെ ജനകീയ വിപ്ലവത്തിന് തുരങ്കംവെക്കാന്‍ സേനാ സമിതി ശ്രമിക്കുകയാണെന്നാണ് ജനാധിപത്യവാദികളുടെ മുഖ്യ വിമര്‍ശനം. ജനകീയ വിപ്ലവത്തിലൂടെ നേടിയെടുത്ത എല്ലാ ജനാധിപത്യ സംവിധാനങ്ങളും ഇതോടെ താറുമാറാകുമെന്നാണ് വിമതര്‍ ആരോപിക്കുന്നത്.

മുബാറക്ക് ഭരണകാലത്ത് പ്രധാനമന്ത്രിയായിരുന്ന അഹമ്മദ് ഷഫീഖിന് പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കോടതി അനുമതി നല്‍കിയിട്ടുണ്ട്. ഇതോടെ പ്രസിഡന്‍റ് സ്ഥാനത്തിനുവേണ്ടിയുള്ള പോരാട്ടം മുസ്‌ലിം ബ്രദര്‍ഹുഡ് നയിക്കുന്ന മുന്നണിയുടെ സ്ഥാനാര്‍ഥി മുഹമ്മദ് മുര്‍സിയും അഹമ്മദ് ഷഫീഖും തമ്മിലാകും. കോടതിയുത്തരവിലുള്ള അതൃപ്തി മുര്‍സി വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്തെ ഒരു ന്യൂനപക്ഷം ഈജിപ്തിനെ പഴയകാലത്തേക്ക് കൊണ്ടുപോകാന്‍ ശ്രമിക്കുകയാണെന്നും അതിനെതിരെ വോട്ടിലൂടെ പ്രതികാരം ചെയ്യണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

എന്നാല്‍, ചില പ്രത്യേക ആളുകള്‍ക്ക് പ്രത്യേക നിയമമെന്ന സങ്കല്പം ഇല്ലാതാക്കിയ ചരിത്രപരമായ വിധിയെന്നാണ് അഹമ്മദ് ഷഫീഖ് അഭിപ്രായപ്പെട്ടത്. വോട്ടര്‍മാരുടെ സ്വാതന്ത്ര്യത്തെ പൂര്‍ണമായും അവഗണിച്ച വിധിയെന്നാണ് രാജ്യത്തെ രണ്ടാമത്തെ വലിയ രാഷ്ട്രീയകക്ഷിയായ സലഫിസ്റ്റ് അല്‍ നൂര്‍ പാര്‍ട്ടി പറയുന്നത്. കോടതി വിധി നടപ്പാകുന്നതോടെ പാര്‍ലമെന്‍േറാ ഭരണഘടനയോ ഇല്ലാതെ ഈജിപ്ത് ജനതയ്ക്കു പ്രസിഡന്‍റിനെ തിരഞ്ഞെടുക്കേണ്ടി വരും. എങ്കിലും ഈജിപ്ത് ജനാധിപത്യപരമായ അധികാരക്കൈമാറ്റത്തില്‍ നിന്ന് പിന്നോട്ടു പോകില്ലെന്ന് യു.എസ്. വിദേശകാര്യ സെക്രട്ടറി ഹില്ലരി ക്ലിന്‍റണ്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.

ടുണീഷ്യയ്ക്ക് പിന്നാലെ നടന്ന ജനകീയ വിപ്ലവത്തെതുടര്‍ന്നാണ് ഈജിപ്തില്‍ ഹുസ്‌നി മുബാറക്കിന്റെ ഭരണത്തിന് അന്ത്യം കുറിച്ച തിരഞ്ഞെടുപ്പ് നടന്നത്. മുസ്‌ലിം ബ്രദര്‍ഹുഡ് നയിക്കുന്ന ഇസ്‌ലാമിക കക്ഷികള്‍ പാര്‍ലമെന്‍റില്‍ മൂന്നില്‍ രണ്ടു ഭാഗം സീറ്റുകളും കൈക്കലാക്കി അധികാരത്തിലെത്തി. മുസ്‌ലിം ബ്രദര്‍ഹുഡിന് 46 ശതമാനം സീറ്റുകളാണ് ലഭിച്ചത്.

Newsletter