വെബ്ബ്ഒഎസ് ഓപ്പണ്‍ സോഴ്സാകുന്നു
- Last Updated on 02 May 2012
- Hits: 3
മൊബൈല്‍ പ്ലാറ്റ്ഫോമായ വെബ്ബ്ഒഎസ് ഡെവലപ്പര്‍മാര്‍ക്കായി തുറന്നുകൊടുക്കാന്‍ ഹ്യൂലറ്റ് പക്കാര്‍ഡ് (എച്ച് പി) തീരുമാനിച്ചു. ഓപ്പണ്‍ സോഴ്സ് മൊബൈല്‍ പ്ലാറ്റ്ഫോമായ ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് പ്ലാറ്റ്ഫോമിന് വെല്ലുവിളി ഉയര്‍ത്തുന്നതാണ് എച്ച് പിയുടെ ഈ തീരുമാനമെന്ന് വിലയിരുത്തപ്പെടുന്നു.
120 കോടി ഡോളര്‍ നല്കി പാം (Palm) കമ്പനിയെ സ്വന്തമാക്കുക വഴിയാണ്, പാമിന്റെ മൊബൈല്‍ പ്ലാറ്റ്ഫോമായ വെബ്ബ്ഒഎസ് (WebOS) എച്ച് പിയുടെ വരുതിയിലായത്. എന്നാല്‍, എച്ച് പിക്ക് ആ പ്ലാറ്റ്ഫോം കാര്യമായി ഉപയോഗിക്കാന്‍ കഴിഞ്ഞില്ല. അതിനെ തുടര്‍ന്നാണ് എന്തുവേണം എന്ന ആലോചന നടന്നത്.
വെബ്ബ്ഒഎസ് വിഭാഗം പൂട്ടുന്നതുള്‍പ്പടെയുള്ള കാര്യങ്ങള്‍ എച്ച് പി പരിഗണിച്ചിരുന്നു. ഒടുവില്‍ 'ഓപ്പണ്‍സോഴ്സ് ലൈസന്‍സിങ് എഗ്രിമെന്റ്' (open source licensing agreement) അനുസരിച്ച് ഡെവലപ്പര്‍മാര്‍ക്ക് വെബ്ബ്ഒഎസ് തുറുന്നു കൊടുക്കാന്‍ തീരുമാനിക്കുകയായിരുന്നു.
ലൈസന്സിങിന്റെ വ്യവസ്ഥകള്‍ ഡെവലപ്പര്‍മാരുടെ അഭിപ്രായങ്ങള്‍ ആരാഞ്ഞ ശേഷം തീരുമാനിക്കുമെന്ന് എച്ച് പി ചീഫ് എക്സിക്യുട്ടീവ് മെഗ് വൈറ്റ്മാന്‍ പറഞ്ഞതായി റോയിട്ടേഴ്സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു.
ഓപ്പണ്‍സോഴ്സ് പ്ലാറ്റ്ഫോമായ ആന്‍ഡ്രോയിഡിന് മൊബൈല്‍ നിര്‍മാതാക്കള്‍ക്കിടയിലും ഉപഭോക്താക്കള്‍ക്കിടയിലും ലഭിച്ച സ്വീകാര്യത തങ്ങള്‍ക്ക് മതിപ്പുളവാക്കിയതായി വൈറ്റ്മാന്‍ പറഞ്ഞു.
2013 ല്‍ ടാബ്ലറ്റ് വിപണിയില്‍ എച്ച് പി തിരിച്ചെത്തുമെന്ന് അവര്‍ അറിയിച്ചു. എന്നാല്‍, ഇനി സ്മാര്‍ട്ട്ഫോണുകള്‍ നിര്‍മിക്കാന്‍ കമ്പനി ഉദ്ദേശിക്കുന്നില്ല. വെബ്ബ്ഒഎസ് അധിഷ്ഠിതമായി വിപണിയിലെത്തിച്ച ടച്ച്പാഡ് ടാബ്ലറ്റിനെ, വില്‍പ്പന മോശമായതിനെ തുടര്‍ന്ന് കഴിഞ്ഞ ആഗസ്തില്‍ എച്ച് പി പിന്‍വലിക്കുകയുണ്ടായി.
ലോകത്തേറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്ന മൊബൈല്‍ പ്ലാറ്റ്ഫോം ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് ആണ്. ദിവസവും അഞ്ചര ലക്ഷം ആന്‍ഡ്രോയിഡ് ഉപകരണങ്ങള്‍ ഗൂഗിള്‍ ആക്ടിവേറ്റ് ചെയ്യുന്നു എന്നാണ് കണക്ക്. അത്തരമൊരു പ്ലാറ്റ്ഫോമിനോട് മത്സരിച്ച് നിലയുറപ്പിക്കുക എച്ച് പിക്ക് എളുപ്പമാകില്ല.