ഗൂഗിള്‍ ടേക്കൗട്ട്: നമ്മുടെ വിവരങ്ങള്‍ നമുക്ക്
- Last Updated on 04 May 2012
- Hits: 6
ഡേറ്റാ ലിബറേഷന്‍ എന്ന പ്രയോഗത്തിന് വിപ്ലവച്ചുവയുണ്ട്. ഗൂഗിള്‍ ടീമിലെ ഡാറ്റാ ലിബറേഷന്‍ ഫ്രണ്ടിന്റെ വെബ്‌സൈറ്റ് കണ്ടാലും അങ്ങനെ തോന്നും. വിപുലമായ അര്‍ഥത്തില്‍ അവര്‍ ചെയ്യുന്നത് ഒരു വിമോചന പ്രവര്‍ത്തനം തന്നെയാണ്, നമ്മള്‍ ശേഖരിച്ചുവെച്ച ഡിജിറ്റല്‍ വിവരങ്ങള്‍ തരംപോലെ സ്വന്തം കമ്പ്യൂട്ടറിലേക്കോ പെന്‍ഡ്രൈവിലേക്കോ ശേഖരിച്ചുവെക്കാന്‍
സൗകര്യമൊരുക്കുന്ന ഡിജിറ്റല്‍ വിപ്ലവം. www.google.com/takeout എന്ന പേജിലെത്തിയാല്‍ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാകും. ഗൂഗിള്‍ പ്ലസ്, ഡോക്‌സ്, ബസ്, കോണ്‍ടാക്ട്‌സ്, നോള്‍, പിക്കാസ, സ്ട്രീം, വോയ്‌സ് തുടങ്ങിയവയില്‍ നമ്മള്‍ സൂക്ഷിച്ചുവെച്ച വിവരങ്ങള്‍ ലളിതമായി ഡൗണ്‍ലോഡു ചെയ്യാനുള്ള ഇടമാണിത്. നമുക്ക് ആവശ്യമുള്ളതു മാത്രമോ അല്ലെങ്കില്‍ ഗൂഗിളില്‍ ശേഖരിച്ച എല്ലാ വിവരങ്ങളും മൊത്തമായോ ഡൗണ്‍ലോഡു ചെയ്യാം.
ഗൂഗിള്‍ ഡോക്‌സില്‍ നമ്മള്‍ ശേഖരിച്ചു വെച്ച ഡോക്യുമെന്റുകളാണ് വേണ്ടതെങ്കില്‍ choose service ല്‍ പോയി ഡോക്‌സ് സെലക്ടു ചെയ്താല്‍ മതി. configure എന്ന ബട്ടണ്‍ ക്ലിക്കു ചെയ്താല്‍ ഡോക്യുമെന്റുകളും, ചിത്രങ്ങളും, പ്രസന്റേഷനുകളും, സ്‌പ്രെഡ് ഷീറ്റുകളും പിഡിഎഫോ, ഡോക്, ആര്‍.ടി.എഫ്, എക്‌സല്‍ തുടങ്ങിയ ഏത് ഫോര്‍മാറ്റിലാണോ വേണ്ടതെന്നും നമുക്ക് നിശ്ചയിക്കാം. ശേഷം create archive ക്ലിക്കു ചെയ്താല്‍ മതി. കുറച്ചു കാത്തുനിന്നാല്‍ എത്ര ഫലയലുകളുണ്ടെന്നും അവയുടെ വലിപ്പവും കാണിച്ച് ഡൗണ്‍ലോഡു ചെയ്യാനുള്ള ലിങ്ക് തെളിഞ്ഞുവരും. പികാസയിലെ ചിത്രങ്ങളും ഇതര സേവനങ്ങളും ഇങ്ങനെ ഡൗണ്‍ലോഡു ചെയ്യാം.
ഗൂഗിള്‍ സെര്‍വറില്‍ സൂക്ഷിച്ചു വെച്ചിരിക്കുന്ന ഉപയോക്താക്കളുടെ വ്യക്തിഗതവിവരങ്ങള്‍ അവര്‍ക്ക് എളുപ്പത്തില്‍ ലഭ്യമാക്കുന്നതിനു വേണ്ടിയാണ് ഡാറ്റാ ലിബറേഷന്‍ ഫ്രണ്ട് എന്ന ഓമനപ്പേരില്‍ ഗൂഗിള്‍ പുതിയ ടീമിനെ രൂപവത്കരിച്ചത്. ഗൂഗിളിനെ മറ്റ് വിഭാഗങ്ങളുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്ന എന്‍ജിനീയര്‍മാരുടെ സംഘമാണിത്. ഉപയോക്താക്കല്‍ നല്‍കുന്ന ഡാറ്റയുടെ പൂര്‍ണനിയന്ത്രണം അവര്‍ക്കു തന്നെയായിരിക്കുമെന്ന് ഡാറ്റാ ലിബറേഷന്‍ ഫ്രണ്ട് ഉറപ്പിച്ചു പറയുന്നു. വര്‍ഷങ്ങള്‍ക്കു മുമ്പ് ഗൂഗിളിന്റെ ആദ്യകാലങ്ങളില്‍ അതിന്റെ സ്ഥാപകര്‍ പറഞ്ഞ അതേ വാക്കു തന്നെ.