24May2012

Breaking News
ലോഡ്‌ഷെഡ്ഡിങ് പിന്‍വലിച്ചു; മറ്റ് നിയന്ത്രണങ്ങള്‍ 31 വരെ
ഇന്ന് ഹര്‍ത്താല്‍
അമേരിക്കന്‍ വിമാനഭാഗങ്ങളില്‍ ചൈനീസ് വ്യാജന്‍
ഉസാമയെ കണ്ടെത്താന്‍ സഹായിച്ച ഡോക്ടര്‍ക്ക് 33വര്‍ഷം തടവ്
പെട്രോള്‍ ലിറ്ററിന് 7.50 രൂപ കൂട്ടി
ഇന്റര്‍ചര്‍ച്ച് കൗണ്‍സിലുമായി ധാരണയായി
ചന്ദ്രശേഖരന്‍ വധം: കൊലയാളികളിലൊരാള്‍ പിടിയില്‍
ലോഡ് ഷെഡിങ് പിന്‍വലിച്ചു
ഈജിപ്തില്‍ പ്രസിഡന്‍റ്തിരഞ്ഞെടുപ്പ് ഇന്ന്‌
You are here: Home Technology വനവും വഴിവിളക്കും ഇന്റര്‍നെറ്റില്‍ ബന്ധിപ്പിക്കാം

വനവും വഴിവിളക്കും ഇന്റര്‍നെറ്റില്‍ ബന്ധിപ്പിക്കാം

തൂണിലും തുരുമ്പിലും ദൈവമിരിക്കുന്നു എന്ന് പറയാറുണ്ടല്ലോ.....ഹൈടെക് യുഗത്തില്‍ ഇന്റര്‍നെറ്റിന്റെ കാര്യവും ഇങ്ങനെ പറയേണ്ടിവരും. അതിന് വഴിയൊരുക്കുന്നതാണ് ബ്രിട്ടീഷ് ടെക് കമ്പനിയായ ആം ഹോള്‍ഡിങ്‌സ് രൂപകല്‍പ്പന ചെയ്ത പുതിയ ഫ്ലൈക്യാച്ചര്‍ കമ്പ്യൂട്ടര്‍ ചിപ്പ്. 

കമ്പ്യൂട്ടറുകള്‍ക്കൊപ്പം മറ്റ് 'വസ്തുക്കളെയും ഇന്റര്‍നെറ്റുമായി ബന്ധിപ്പിക്കാന്‍' 'ലോകത്തെ ഏറ്റവും ഊര്‍ജക്ഷമതയേറിയ ഈ കമ്പ്യൂട്ടര്‍ ചിപ്പ്' അവസരമൊരുക്കുമെന്ന് ആം കമ്പനി അവകാശപ്പെടുന്നു. ട്രാഫിക് വിളക്കുകളെയും പാര്‍ക്കിങ് മീറ്ററുകളെയും ആവശ്യമെങ്കില്‍ വനങ്ങളെ പോലും ഇന്റര്‍നെറ്റുമായി ബന്ധിപ്പിക്കാന്‍ ഈ ചിപ്പിന്റെ സഹായത്തോടെ സാധിക്കും. 

മൊബൈല്‍ ഉപകരണങ്ങള്‍ക്കായി (സ്മാര്‍ട്ട്‌ഫോണ്‍, ടാബ്‌ലറ്റ് കമ്പ്യൂട്ടറുകള്‍) ചിപ്പ് രൂപകല്‍പ്പന ചെയ്യുന്നതില്‍ പെരുമനേടിയ കമ്പനിയാണ് ആം ഹോള്‍ഡിങ്‌സ്. മൊബൈല്‍ വിപണിയില്‍ ഏതാണ്ട് പൂര്‍ണ ആധിപത്യമുള്ള ആ കമ്പനി, മൊബൈല്‍ ഉപകരണങ്ങള്‍ക്ക് പുറത്തേക്കും അതിന്റെ സാന്നിധ്യം വ്യാപിപ്പിക്കുന്നു എന്നാണ് പുതിയ നീക്കം സൂചിപ്പിക്കുന്നത്.

ഈ പതിറ്റാണ്ട് അവസാനിക്കുമ്പോഴേക്കും നിത്യജീവിതവുമായി ബന്ധപ്പെട്ട 50 ബില്യണ്‍ വസ്തുക്കളും ഉപകരണങ്ങളും ഇന്റര്‍നെറ്റ് ബന്ധം സ്ഥാപിച്ചിരിക്കുമെന്ന് കമ്പനി പറയുന്നു. 

പാര്‍ക്കിങ് മീറ്ററുകളെ ഇന്റര്‍നെറ്റുമായി ബന്ധിപ്പിച്ച് ഒരു പരീക്ഷണം സാന്‍ ഫ്രാന്‍സിസ്‌കോയില്‍ നടന്നു. പാര്‍ക്കിങിന് ഒഴിവുള്ള സ്ഥാനങ്ങള്‍ ഏതെന്ന് സ്മാര്‍ട്ട്‌ഫോണുകള്‍ വഴി അറിയാനും മുന്‍കൂട്ടി അവ ബുക്ക് ചെയ്യാനും ആളുകള്‍ക്കായി. പണവും ഇന്റര്‍നെറ്റിലൂടെ അടയ്ക്കാമെന്നതിനാല്‍ ചില്ലറയ്ക്കായി ബുദ്ധിമുട്ടേണ്ടിയും വന്നില്ല.

ഒരു ചതുരശ്ര മില്ലിമീറ്ററില്‍ താഴെ മാത്രം വലിപ്പമുള്ള ഫ്ലൈക്യാച്ചര്‍ ചിപ്പ്, ഏത് തരം ഉപകരണത്തിലും സെന്‍സറുകളിലും ഘടിപ്പിക്കാനാകും. വീടുകളിലും ഓഫീസുകളിലും വിളക്കുകള്‍ തെളിക്കാനും ശീതീകരണസംവിധാനം നിയന്ത്രിക്കാനും അലാറാമുകള്‍ പ്രവര്‍ത്തിപ്പിക്കാനും ഇത്തരം ചിപ്പുകളുപയോഗിക്കുന്ന വയര്‍ലെസ്സ് സെന്‍സറുകള്‍ സഹായിക്കും. 

സ്‌തെതസ്‌കോപ്പുകള്‍, രക്തസമ്മര്‍ദ്ദമാപിനികള്‍, ഗ്ലൂക്കോസ് മോണിറ്ററുകള്‍ തുടങ്ങിയ മെഡിക്കല്‍ ഉപകരണങ്ങളില്‍ ഇത്തരം സെന്‍സറുകള്‍ സ്ഥാനം പിടിക്കുമ്പോള്‍, ആ വിവരങ്ങളൊക്കെ സര്‍ജറിയുടെ സമയത്ത് ട്രാന്‍സ്മിറ്റ് ചെയ്യാനാകും. 

ഫ്ലൈക്യാച്ചറിന്റെ ഔദ്യോഗികനാമം Cortex-M0+ എന്നാണ്. വൈദ്യുതിബന്ധം നല്‍കാന്‍ നിവൃത്തിയില്ലാത്ത ഉപകരണങ്ങള്‍ക്കായാണ് ഇത് രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. 

ഈ ചിപ്പുകളുള്ള സെന്‍സറുകള്‍ ആമസോണ്‍ വനത്തിലെ മരങ്ങളില്‍ ഘടിപ്പിച്ചാല്‍, അവിടെ ലഭിക്കുന്ന മഴയും അവിടുത്തെ മഞ്ഞുമൊക്കെ കൃത്യമായി മനസിലാക്കാന്‍ സാധിക്കും. ജലവിതരണ പൈപ്പുകളുമായി ഇവയെ ഘടിപ്പിച്ച് നിരീക്ഷിച്ചാല്‍ ജലം പാഴാക്കുന്നത് കുറയ്ക്കാം. 

ദൈനംദിന ജീവിതത്തിലെ സാധാരണ വസ്തുക്കളുമായി ബന്ധമുണ്ടാക്കുക വഴി ഇന്റര്‍നെറ്റിനെ പുതിയ ചക്രവാളങ്ങളിലേക്ക് എത്തിക്കുകയാണ് തങ്ങളെന്ന് ആം ഡയറക്ടര്‍ ഗാരി അറ്റ്കിന്‍സന്‍ അറിയിച്ചു. മുറികളെയും യന്ത്രങ്ങളെയും ഇന്റര്‍നെറ്റുമായി ബന്ധിപ്പിക്കുക വഴി, ആഗോളതലത്തില്‍ ഊര്‍ജോപയോഗം കാര്യമായി കുറയ്ക്കാനാകും-അദ്ദേഹം പറഞ്ഞു. 

പുതുതലമുറയില്‍ പെട്ട 32 ബിറ്റ് മൈക്രോപ്രൊസസറുകളിലൊന്നാണിതെന്ന് അറ്റ്കിന്‍സന്‍ അറിയിച്ചു. നിലവില്‍ ഉപയോഗിക്കുന്ന എട്ട് അല്ലെങ്കില്‍ 16 ബിറ്റ് പ്രൊസസറുകളെ അപേക്ഷിച്ച് മൂന്നിലൊന്ന് ഊര്‍ജമേ പുതിയ ചിപ്പ് പ്രവര്‍ത്തിക്കാന്‍ ആവശ്യമുള്ളൂ. ബാറ്ററി മാറ്റാതെ വര്‍ഷങ്ങളോളം പ്രവര്‍ത്തിക്കാന്‍ പുതിയ ചിപ്പിനാകും. 

ജപ്പാനിലെ റിനിസാസ് ഇലക്ട്രോണിക്‌സ് കോര്‍പ്പറേഷനും അമേരിക്കയിലെ മൈക്രോചിപ്പ് ടെക്‌നോളജി കമ്പനിയുമാണ് ഫ്ലൈക്യാച്ചര്‍ ചിപ്പ് നിര്‍മിക്കുക. 

നിലവില്‍ ലോകത്താകെ ഇന്റര്‍നെറ്റുമായി ബന്ധമുള്ള 12.5 ബില്യണ്‍ ഉപകരണങ്ങള്‍ ഉണ്ടെന്നാണ് കണക്ക്. ഫോണുകളും കമ്പ്യൂട്ടറുകളുമാണ് അതില്‍ ബഹുഭൂരിപക്ഷവും. ഐടി സ്ഥാപനമായ സിസ്‌കോയുടെ കണക്കു പ്രകാരം, 2025 ല്‍ ഇന്റര്‍നെറ്റുമായി ബന്ധിപ്പിക്കപ്പെട്ട ഒരു ട്രില്യണ്‍ (ഒരു ലക്ഷംകോടി) ഉപകരണങ്ങള്‍ ലോകത്തുണ്ടാകും. 

Newsletter