മൊബൈല്‍ വിപണിയില്‍ നോക്കിയയെ സാംസങ് പിന്തള്ളി
- Last Updated on 28 April 2012
- Hits: 11
നോക്കിയയുടെ 14 വര്‍ഷത്തെ ആധിപത്യത്തിന് അന്ത്യം. ലോകത്ത് ഏറ്റവുമധികം മൊബൈല്‍ ഫോണുകള്‍ വില്‍ക്കുന്ന കമ്പനിയെന്ന പദവി നോക്കിയയ്ക്ക് നഷ്ടമായി. 1998 ല്‍ മോട്ടറോളയില്‍നിന്ന് നോക്കിയ കൈക്കലാക്കിയ ആ പദവി, ഇപ്പോള്‍ സാംസങാണ് സ്വന്തമാക്കിയിരിക്കുന്നത്. 2012 ലെ ആദ്യ മൂന്നുമാസത്തില്‍ സാംസങ് 935 ലക്ഷം മൊബൈല്‍ ഫോണുകള്‍ വിറ്റപ്പോള്‍,
നോക്കിയയ്ക്ക് വില്‍ക്കാന്‍ സാധിച്ചത് 827 ലക്ഷം മാത്രം.
ഈ കാലയളവില്‍ സാംസങിന് റിക്കോര്‍ഡ് ലാഭമാണ് ലഭിച്ചത്-520 കോടി ഡോളര്‍. സാംസങ് ആകെ വിറ്റ 935 ലക്ഷം മൊബൈലുകളില്‍ 445 ലക്ഷം സ്മാര്‍ട്ട്‌ഫോണുകളാണ്. ഗാലക്‌സി പരമ്പരയിലെ സ്മാര്‍ട്ട്‌ഫോണുകളാണ് കമ്പനിയെ ഇത്ര മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കാന്‍ സാഹായിച്ചത്.
ഇതോടെ ആഗോള സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലും സാംസങ് ഒന്നാമതെത്തി. ഇക്കാര്യത്തില്‍ സാംസങിന്റെ വിപണി വിഹിതം 30.6 ശതമാനമായിയെന്ന് 'സ്ട്രാറ്റജി അനലിറ്റിക്‌സ്' (Strategy Analytics) പുറത്തിറക്കിയ റിപ്പോര്‍ട്ട് പറയുന്നു. ആപ്പിളിനെയാണ് സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ സാംസങ് പിന്നിലാക്കിയത്. കഴിഞ്ഞ മൂന്നു മാസം 351 ലക്ഷം ഐഫോണ്‍ വിറ്റ ആപ്പിളിന്റെ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലെ വിഹിതം 24.1 ശതമാനമാണ്.
മൊത്തം മൊബൈലുകളുടെ കാര്യത്തിലും സ്മാര്‍ട്ട്‌ഫോണുകളുടെ കാര്യത്തിലും ഒറ്റയടിക്ക് സാംസങ് ഒന്നാമതെത്തിയെന്ന് ചുരുക്കം. മാത്രമല്ല, മൊബൈല്‍ രംഗത്ത് അതിവേഗം വളരുന്ന സ്മാര്‍ട്ട്‌ഫോണ്‍ സെഗ്മെന്റ് പ്രധാനമായും സാംസങും ആപ്പിളും തമ്മിലുള്ള മത്സരവേദിയാവുകയാണ് എന്നാണ് ഈ റിപ്പോര്‍ട്ട് നല്‍കുന്ന സൂചന - സ്ട്രാറ്റജി അനലിറ്റിക്‌സിലെ നീല്‍ മൗസ്‌റ്റോണ്‍ പറഞ്ഞു.
സാസങിന്റെ സൂപ്പര്‍ഫോണായ 'ഗാലക്‌സി എസി'ന്റെ മൂന്നാംപതിപ്പ് (Galaxy S 3) മെയ് മൂന്നിന് പുറത്തിറങ്ങാനിരിക്കെയാണ് ഈ റിപ്പോര്‍ട്ട്. ഗാലക്‌സി എസ് 3 യുടെ സവിശേഷതകളെപ്പറ്റി ഇപ്പോള്‍ തന്നെ സാങ്കേതികലോകം ആകാംക്ഷയിലാണ്. സാംസങിന്റെ ക്വാഡ്-കോര്‍ (quad-core) മൈക്രോപ്രൊസസറായിരിക്കും പുതിയ ഗാലക്‌സി എസിന് കരുത്തേകുകയെന്നും റിപ്പോര്‍ട്ടുണ്ട്. ഗാലക്‌സി എസ് 3 ന്റെ വരവ് സാംസങിന്റെ കുതിപ്പിന് കൂടുതല്‍ തുണയേകുമെന്നാണ് കരുതുന്നത്.
2012 ലെ ആദ്യ മൂന്നുമാസം ആഗോള മൊബൈല്‍ വിപണി ഇങ്ങനെ -
സാംസങ് -വിറ്റത് 935 ലക്ഷം ഫോണ്‍. വിപണി വിഹിതം -25.4 ശതമാനം
നോക്കിയ - വിറ്റത് 827 ലക്ഷം ഫോണ്‍. വിപണി വിഹിതം -22.5 ശതമാനം
ആപ്പിള്‍ - വിറ്റത് 351 ലക്ഷം ഫോണ്‍. വിപണിവിഹിതം - 9.5 ശതമാനം
മറ്റുള്ളവര്‍ - വിറ്റത് 1567 ലക്ഷം ഫോണ്‍. വിപണിവിഹിതം - 42.6 ശതമാനം