11May2012

You are here: Home Technology കണ്ണടകള്‍ കണ്ണടകളല്ലാതാകുന്ന കാലം

കണ്ണടകള്‍ കണ്ണടകളല്ലാതാകുന്ന കാലം

സൈബര്‍ലോകത്തെ കണ്ണടയിലേക്ക് പറിച്ചുനടാനുദ്ദേശിച്ച് ഗൂഗിളിന്റെ ആവനാഴിയിലൊരുങ്ങുന്ന 'പ്രോജക്ട് ഗ്ലാസ്' സംരംഭത്തെക്കുറിച്ചുള്ള വാര്‍ത്ത അടുത്തയിടെ പുറത്തുവന്നപ്പോഴാണ്, പലരും ഞെട്ടലോടെ ആ സത്യം തിരിച്ചറിഞ്ഞത്-ലോകം 'ഓഗ്‌മെന്റഡ് റിയാലിറ്റി'യിലേക്ക് ചുവടുവെയ്ക്കുകയാണ്. 

1972 ല്‍ 'അട്ടാരി' (Atari) കമ്പനി അവതരിപ്പിച്ച 'പോങ്' (Pong) ആണ് ആധുനിക കമ്പ്യൂട്ടര്‍ഗെയിമുകളുടെ യുഗത്തിന് തുടക്കം കുറിച്ചത്. അതിനുശേഷം കമ്പ്യൂട്ടര്‍ ഗ്രാഫിക്‌സുകള്‍ ഏറെ മുന്നേറി. യാഥാര്‍ഥ്യത്തിന്റെ വക്കിലേക്ക് കമ്പ്യൂട്ടര്‍ സ്‌ക്രീനിലെ കാഴ്ചകള്‍ നമ്മളെ എത്തിച്ചു. വെര്‍ച്വല്‍ റിയാലിറ്റി അഥവാ പ്രതീതിയാഥാര്‍ഥ്യം നമ്മുടെ ജീവിതത്തിന്റെ ഭാഗമായത് അങ്ങനെയാണ്. 

1990 കളില്‍ വേള്‍ഡ് വൈഡ് വെബ്ബ് (www) രംഗത്തെത്തിയതോടെ പ്രതീതിയാഥാര്‍ഥ്യം പലരുടെയും യഥാര്‍ഥജീവിതത്തിന്റെ ഭാഗമായി പരിണമിച്ചു. ഇപ്പോള്‍, പ്രതീതിയാഥാര്‍ഥ്യം മറ്റൊരു യുഗപ്പിറവിക്ക് വഴിമാറുകയാണ്-ഓഗ്‌മെന്റഡ് റിയാലിറ്റി (എ.ആര്‍) ആണ് ആ പുതിയ അനുഭവതലം. 

കമ്പ്യൂട്ടര്‍-നിര്‍മിതമാണ് പ്രതീതിയാഥാര്‍ഥ്യം. കമ്പ്യൂട്ടര്‍ സ്‌ക്രീനിലൂടെയോ ടെലിവിഷന്‍ സ്‌ക്രീനിലൂടെയോ ആണ് പ്രതീതിയാഥാര്‍ഥ്യത്തിന്റെ ലോകം നമ്മള്‍ ദര്‍ശിക്കുന്നത്. എന്നാല്‍, ഓഗ്‌മെന്റഡ് റിയാലിറ്റി യാഥാര്‍ഥ്യത്തോടെ കുറെക്കൂടി സമീപത്താണ് സ്ഥിതിചെയ്യുന്നത്. അതിനാല്‍ അതിനെ നമുക്ക് 'സമീപയാഥാര്‍ഥ്യം' എന്ന് വിശേഷിപ്പിക്കാം. 

ഗ്രാഫിക്കുകള്‍, ശബ്ദങ്ങള്‍, ഫീഡ്ബാക്ക് എന്നിവയൊക്കെ സ്വാഭാവികലോകവുമായി ചേര്‍ന്നുനില്‍ക്കത്തത്തവിധമാണ് സമീപയാഥാര്‍ഥ്യം അനുഭവേദ്യമാക്കുന്നത്. എം.ഐ.ടി. മീഡിയ ലാബിലെ ഇന്ത്യക്കാരനായ പ്രണവ് മിസ്ട്രി വികസിപ്പിച്ച 'സിക്‌സ്ത് സെന്‍സ്' (Sixth Sense) നോക്കുക. നമുക്ക് ചുറ്റുമുള്ള എന്തും സമ്പര്‍ക്കമുഖം (interface) ആക്കി മാറ്റാന്‍ പോന്ന സങ്കേതമാണിത്. സമീപയാഥാര്‍ഥ്യത്തിന്റെ സാധ്യത എത്രയെന്ന് നമ്മുക്ക് ബോധ്യപ്പെടുത്തുന്നതാണ് സിക്‌സ്ത് സെന്‍സ് സങ്കേതം.

ഗൂഗിളിന്റെ പ്രോജക്ട് ഗ്ലാസ് പദ്ധതിയെപ്പറ്റി വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍ ഒരുകാര്യം ബോധ്യമായി....കണ്ണടയെന്നത് കണ്ണടയല്ലാതാകുന്ന കാലം കൂടിയാണ് സമീപയാഥാര്‍ഥ്യത്തിന്റേത്. കണ്ണടപോലെ മുഖത്ത് വെയ്ക്കാവുന്ന ഒരുപകരണത്തിന്റെയും ശബ്ദത്തിന്റെയും മാത്രം സഹായത്തോടെ വെര്‍ച്വല്‍ലോകവുമായി അനായാസം ഇടപഴകാന്‍ സഹായിക്കുക എന്നതാണ് പ്രോജക്ട് ഗ്ലാസ് മുന്നോട്ടുവെയക്കുന്ന സങ്കല്‍പ്പം.

കണ്ണടയുടെ സഹായത്തോടെ വെര്‍ച്വല്‍ ലോകവുമായി ഇടപഴകാന്‍ സഹായിക്കുക വഴി, സമീപയാഥാര്‍ഥ്യത്തിന്റെ മേഖലയിലേക്ക് ഉപയോക്താവിനെ എത്തിക്കാനുള്ള നീക്കം ആദ്യമായല്ല നടക്കുന്നത്. 'വുസിക്‌സ്'(Vuzix) കമ്പനി iWear VR920 എന്ന പേരിലൊരു സമീപയാഥാര്‍ഥ്യ കണ്ണട പുറത്തിറക്കിയത് 2009 ലാണ്. 

ഒന്‍പത് അടി അകലെ 62 ഇഞ്ച് വലിപ്പമുള്ള രണ്ട് എല്‍സിഡി ഡിസ്‌പ്ലേകളുടെ പ്രതീതിയുണ്ടാക്കാന്‍ ആ കണ്ണടയ്ക്ക് കഴിയുമായിരുന്നു. ഒരുപക്ഷേ, ചെലവുകുറഞ്ഞ ആദ്യ ഇന്റഗ്രേറ്റഡ് ഡിസ്‌പ്ലെ ഗ്ലാസുകളായിരുന്നു വുസിക്‌സ് കമ്പനിയുടേതെങ്കിലും, അതിന് വലിയ വിജയമാകാന്‍ കഴിഞ്ഞില്ല. 

1997 ല്‍ വിപണിയിലെത്തിയ 'സോണി ഗ്ലാസ്‌ട്രോണ്‍' (Sony Glasstron) പേഴ്‌സണല്‍ വീഡിയോ ഹെഡ്‌സെറ്റിന്റെ കഥയും ഏതാണ്ട് ഇതിന് സമാനമായിരുന്നു. വിപണിയില്‍ അതും പച്ച പിടിച്ചില്ല. 

എന്നാല്‍, അത്തരം പരാജയങ്ങളൊന്നും സമീപയാഥാര്‍ഥ്യലോകം കണ്ണടകള്‍ വഴി സൃഷ്ടിക്കാനുള്ള ശ്രമങ്ങളെ തളര്‍ത്തിയില്ല. അതിന് തെളിവാണ് ഗൂഗിളിന്റെ പദ്ധതി. മാത്രമല്ല, 'സമീപയാഥാര്‍ഥ്യ കണ്ണടകള്‍' പലതും ഇപ്പോള്‍ വിപണിയില്‍ ലഭ്യവുമാണ്. അവയില്‍ ചിലതാണ് ചുവടെ-

1. റെകൊണ്‍ മോഡ് ലൈവ് (Recon MOD Live)
റെകൊണ്‍ കമ്പനി നിര്‍മിച്ച, തലയില്‍ ധരിക്കാവുന്ന ഡിസ്‌പ്ലെ (head-up disply - HUD) ഗെയിം 2010 ലാണ് വിപണിയിലെത്തിയത്. അതിന്റെ ചുവടുപിടിച്ച് മഞ്ഞിന്‍ചെരിവുകളില്‍ തെന്നിനീങ്ങുന്ന സ്‌കീയേഴ്‌സിന് ധരിക്കാനുള്ള ഡിസ്‌പ്ലെ ഗ്ലാസ് ആദ്യം 'ട്രാന്‍സെന്‍ഡ്' എന്ന പേരില്‍ 'സീല്‍ ഓപ്ടിക്‌സി'ന്റെ പങ്കാളിത്തത്തോടെ റെകൊണ്‍ വിപണിയിലെത്തിച്ചു. 

മഞ്ഞിലൂടെ പോകുന്നയാളുടെ ജിപിഎസ് ലൊക്കേഷന്‍, വിതാനം, വേഗം, സമയം തുടങ്ങിയ വിവരങ്ങള്‍ കണ്ണടയുടെ വലതുവശത്ത് താഴെയായി തത്സമയം കാട്ടിത്തരാന്‍ കഴിയുന്നതാണ് ഇത്തരം സുരക്ഷാഗ്ലാസുകള്‍. 

ട്രാന്‍സെന്‍ഡിന്റെ മാതൃകയില്‍ ഇപ്പോള്‍ വിപണിയിലെത്തിച്ചിട്ടുള്ള സുരക്ഷാഗ്ലാസുകളാണ് 'റെകൊണ്‍ മോഡ്' (വില 300 ഡോളര്‍), 'റെകൊണ്‍ മോഡ് ലൈവ്' (400 ഡോളര്‍) എന്നിവ. മഞ്ഞിലൂടെയുള്ള ചാട്ടങ്ങളുടെ വിശകലനം, മ്യൂസിക് പ്ലേബാക്ക്, നാവിഗേഷന്‍, സ്മാര്‍ട്ട്‌ഫോണ്‍ കണക്ടിവിറ്റി ഒക്കെയുള്ളതാണ് ഈ പുതിയ കണ്ണടകള്‍. 

2. വുസിക്‌സ് സ്റ്റാര്‍ 1200 (Vuzix Star 1200)
സമീപയാഥാര്‍ഥ്യ ഗെയിമുകളുടെ ലോകമാണ് വുസിക്‌സ് കമ്പനി ഉപയോക്താക്കള്‍ക്ക് സമ്മാനിക്കുന്നത്. കണ്ണട വഴി ഗെയിംകളിക്കാനും സമീപയാഥാര്‍ഥ്യം അനുഭവിക്കാനും സഹായിക്കുന്നു 'വുസിക്‌സ് സ്റ്റാര്‍ 1200'. ഗെയിംകളിക്കാനുള്ള മൂന്നാംതലമുറ ഹെഡ്‌സെറ്റാണിത്. 

തങ്ങളുടെ ആദ്യ ഹെഡ്‌സെറ്റായ iWear VR920 വിപണിയില്‍ പരാജയമായിരുന്നെങ്കിലും, ഡിസ്‌പ്ലെ ഗ്ലാസുകള്‍ വികസിപ്പിക്കുന്നത് വുസിക്‌സ് തുടര്‍ന്നു. സുതാര്യ ലെന്‍സുകളുടെ സഹായത്തോടെ ദ്വിമാന, ത്രിമാന ദൃശ്യങ്ങള്‍ കാണിക്കാന്‍ ശേഷിയുള്ള സമീപയാഥാര്‍ഥ്യ കണ്ണടയാണ് വുസിക്‌സ് സ്റ്റാര്‍ 1200. 

പക്ഷേ, ഒരു പ്രശ്‌നമുണ്ട്. ഈ കണ്ണടകള്‍ വിന്‍ഡോസ് കമ്പ്യൂട്ടറുമായോ, ഐഫോണുമായോ ബന്ധിപ്പിച്ച് മാത്രമേ പ്രവര്‍ത്തിപ്പിക്കാനാകൂ. വിലയും കുറച്ച് കടുത്തതാണ്- 5000 ഡോളര്‍. 

3. ബ്രദര്‍ എയര്‍സ്‌കൗട്ടര്‍ (Brother AiRScouter)

പ്രിന്റര്‍ കമ്പനിയായ 'ബ്രദര്‍' വില്‍ക്കുന്ന സമീപയാഥാര്‍ഥ്യ കണ്ണടയാണ് 'എയര്‍സ്‌കൗട്ടര്‍'. ഒര്‍ഥത്തില്‍ ഗൂഗിളിന്റെ പ്രോജക്ട് ഗ്ലാസ് പദ്ധതിയുമായി അടുത്തു നില്‍ക്കുന്ന ഒന്നാണ് ഇത്. മാനുഫാക്ച്ചറിങ് പ്രക്രിയയില്‍ തൊഴിലാളികളെ സഹായിക്കാനുദ്ദേശിച്ചാണ് എയര്‍സ്‌കൗട്ടര്‍ നിര്‍മിച്ചിരിക്കുന്നത്
ഒരു വന്‍കിട ഉത്പാനകേന്ദ്രത്തില്‍ കമ്പ്യൂട്ടറില്‍ രേഖപ്പെടുത്തിയ മാര്‍ഗനിര്‍ദേശങ്ങള്‍ പരിശോധിച്ച് അതിനനുസരിച്ച് നിര്‍മാണം നടത്തുന്നതിന് പകരം,.ഈ കണ്ണട ധരിക്കുന്നതോടെ നിങ്ങള്‍ക്ക് ചെയ്യുന്ന ജോലി സംബന്ധിച്ച സംഗതികള്‍ മുഴുവന്‍ കണ്‍മുന്നില്‍ തെളിയും. അതന്വേഷിച്ച് കമ്പ്യൂട്ടറുകളില്‍ പോയി നോക്കേണ്ടി വരില്ല. 

വുസിക്‌സ് സ്റ്റാര്‍ 1200 ലേതുപോലെ എയര്‍സ്‌കൗട്ടര്‍ പ്രവര്‍ത്തിക്കാനും അത് ഒരു കമ്പ്യൂട്ടറുമായോ സ്മാര്‍ട്ട്‌ഫോണുമായോ ബന്ധിപ്പിക്കണം. ഇത് ശരിക്കും പരിമിതി തന്നെയാണ്. 

4. ഇപ്‌സണ്‍ മൂവീറിയോ ബിടി-100 (Epson Moverio BT-100)
ഇപ്‌സണ്‍ കമ്പനി പുറത്തിറക്കിയ 'മൂവീറിയോ ബിടി-100' എന്ന ഉപകരണം കാഴ്ചയില്‍ സാധാരണ സണ്‍ഗ്ലാസിനെ അനുസ്മരിപ്പിക്കുന്ന ഒന്നാണ്. ഗൂഗിളിന്റെ മൊബൈല്‍ പ്ലാറ്റ്‌ഫോമായ ആന്‍ഡ്രോയിഡ് 2.2 ലാണിത് പ്രവര്‍ത്തിക്കുന്നത്. ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തിക്കുന്ന ലോകത്തെ ആദ്യ മള്‍ട്ടിമീഡിയ കണ്ണടയാണിത്. 

ഇതുപയോഗിച്ച് 80 ഇഞ്ച് വിസ്താരമുള്ള ഒരു സിമുലേറ്റഡ് സ്‌ക്രീനില്‍ വീഡിയോ കാണാനാകും. ത്രീഡി ദൃശ്യങ്ങളും ഇതില്‍ സാധ്യമാണ്. കഴിഞ്ഞ ഡിസംബറില്‍ ജപ്പാനില്‍ അവതരിപ്പിച്ച ഈ ഉപകരണം, ഇപ്പോള്‍ 699.99 ഡോളറിന് അമേരിക്കയില്‍ വില്‍പ്പനയ്‌ക്കെത്തിയിരിക്കുന്നു

ഈ കണ്ണടയിലുള്ള 'പികോ പ്രൊജക്ടറുകള്‍' (മൊബൈല്‍ പ്രൊജക്ടറുകള്‍), 16 അടി അകലത്തില്‍ 80 ഇഞ്ച് വലിപ്പത്തിലുള്ള ഡിസ്‌പ്ലേയാണ് കണ്ണിന് മുന്നില്‍ സൃഷ്ടിക്കുക. വൈഫൈ കണക്ടിവിറ്റിയുള്ള ഇതില്‍ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനുകളും പ്രവര്‍ത്തിക്കും. ശരിക്കും പോര്‍ട്ടബിള്‍ മ്യൂസിക് പ്ലെയറുകള്‍ പോലെ, ഒരു വീഡിയോ പ്ലെയറായി ഇതിനെ കണക്കാക്കാം. 

5. സോണി എച്ച്എംഇസഡ് ടി1 (Sony HMZ T1)
സാധാരണ വീഡിയോകള്‍ ആസ്വദിക്കാന്‍ പാകത്തിലാണ് ഇപ്‌സണ്‍ കമ്പനി അതിന്റെ മള്‍ട്ടിമീഡിയ കണ്ണട രൂപപ്പെടുത്തിയതെങ്കില്‍, ത്രിമാന ദൃശ്യങ്ങള്‍ക്കും വീഡിയോ ഗെയിമിങിനുമായാണ് എച്ച്എംഇസഡ് ടി1 എന്ന തലയില്‍ ധരിക്കാവുന്ന ഉപകരണം സോണി രൂപപ്പെടുത്തിയിരിക്കുന്നത്. 800 ഡോളറാണ് വില. 

720പി ഛഘഋഉ ഡിസ്‌പ്ലേയാണ് സോണിയുടെ ഉപകരണം സൃഷ്ടിക്കുക. 65 അകലെയുള്ള 750 ഇഞ്ച് സ്‌ക്രീനില്‍ ദൃശ്യങ്ങള്‍ കാണുന്ന അനുഭവമാണ് യൂസര്‍ക്കുണ്ടാവുക. 5.1 സറൗണ്ട് ഓഡിയോ ഇഫക്ട് കൂടിയാകുമ്പോള്‍ ഒരു പേഴ്‌സണല്‍ തിയേറ്ററിന്റെ ജോലി എച്ച്എംഇസഡ് ടി1 നിര്‍വഹിക്കും. എച്ച്ഡിഎംഐ ഔട്ട്പുട്ടുള്ള ഏത് ഉപകരണവുമായും ഇത് ഘടിപ്പിക്കാന്‍ പറ്റും. 

6. സിലിക്കണ്‍ മൈക്രോ ഡിസ്‌പ്ലെ എസ്ടി 1080 (Silicon Micro Display ST1080)
സോണിയുടെ എച്ച്എംഇസഡ് ടി1 ഹെഡ്‌സെറ്റിനോട് നേരിട്ട് മത്സരിക്കുന്ന സമീപയാഥാര്‍ഥ്യ ഹെഡ്‌സെറ്റാണ് സിലിക്കണ്‍ മൈക്രോ ഡിസ്‌പ്ലെ എസ്ടി 1080. വിലയും തുല്യം-800 ഡോളര്‍. ഒരു കണ്‍ട്രോളര്‍ ബോക്‌സിന്റെ സഹായത്തോടെയാണ് ഇതില്‍ വീഡിയോ പ്രവര്‍ത്തിപ്പിക്കുക. 1080പി വീഡിയോ ആണ് സുതാര്യ ഡിസ്‌പ്ലെയായി കാണാനാവുക. 

ലിക്യുഡ് ക്രിസ്റ്റല്‍ ഓണ്‍ സിലിക്കണ്‍ (LCoS) ഡിസ്‌പ്ലെ സങ്കേതം ഉപയോഗിച്ചാണ് എസ്ടി 1080, ഉപയോക്താവിന്റെ കണ്ണിന് മുന്നില്‍ 1080പി വീഡിയോ എത്തിക്കുന്നത്. 

(കടപ്പാട് : 
wired.com, howstuffworks.com) 

Newsletter