01April2012

Breaking News
നാവികര്‍ക്ക് ഇന്ത്യന്‍ നിയമം ബാധകം: മുഖ്യമന്ത്രി
ചരിത്രംകുറിച്ച് മ്യാന്മാറില്‍ തിരഞ്ഞെടുപ്പ്‌
ശമ്പളം കൂട്ടി; ജര്‍മനിയില്‍ പണിമുടക്ക് ഒഴിവായി
ഉയര്‍ന്ന ക്ലാസുകളിലെ തീവണ്ടിയാത്രക്കൂലി ഇന്നുമുതല്‍ കൂടും
ഇറാന്‍ എണ്ണയ്ക്കുമേല്‍ പുതിയ ഉപരോധം
കൂടംകുളം വൈദ്യുതി തമിഴ്‌നാടിന് വേണം: ജയലളിത
You are here: Home National ആണവവിരുദ്ധ സമിതിക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ കടുത്ത നടപടികളിലേക്ക്

ആണവവിരുദ്ധ സമിതിക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ കടുത്ത നടപടികളിലേക്ക്

ന്യൂഡല്‍ഹി: കൂടംകുളം ആണവവിരുദ്ധ സമിതിക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ കടുത്ത നടപടികളിലേക്ക്. സ്വീഡിഷ് ധനസഹായത്തോടെ പ്രവര്‍ത്തിക്കുന്ന സര്‍ക്കാറിതര സംഘടന (എന്‍.ജി.ഒ)യുമായുള്ള ബന്ധം വെളിപ്പെടുത്തണമെന്നാവശ്യപ്പെട്ട് സമരസമിതി നേതാവ് എസ്.പി. ഉദയകുമാറിന് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതല വഹിക്കുന്ന സഹമന്ത്രി

വി.നാരായണസ്വാമി കത്തെഴുതി. 

ഉദയകുമാറിന് ഒന്നരക്കോടിയോളം രൂപ വിദേശ സഹായം ലഭിച്ചുവെന്ന് കഴിഞ്ഞ ദിവസം മന്ത്രി ആരോപിച്ചിരുന്നു. അതിനിടെ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനെതിരെ മാനനഷ്ടക്കേസ് കൊടുക്കുമെന്ന് ഉദയകുമാര്‍ പറഞ്ഞു. എന്നാല്‍ ഉദയകുമാറിനെതിരെ എതിര്‍കേസ് ഫയല്‍ ചെയ്യാനുള്ള ആലോചനയിലാണ് പ്രധാനമന്ത്രിയുടെ ഓഫീസ്. കൂടംകുളം ആണവനിലയ വിരുദ്ധ സമരത്തിന് പിന്നില്‍ അമേരിക്കയില്‍ നിന്ന് പണം പറ്റുന്ന എന്‍.ജി.ഒ. കളാണെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് സര്‍ക്കാര്‍ കടുത്ത നിലപാടിലേക്ക് നീങ്ങുന്നത്.

സാമ്പത്തിക സഹായം വഴിമാറ്റി ചെലവിട്ടതിന്റെ പേരില്‍ മൂന്ന് എന്‍.ജി.ഒ.കളുടെ പ്രവര്‍ത്തനാനുമതി കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കിയിട്ടുണ്ട്. കൂടുതല്‍ എന്‍.ജി.ഒ.കളുടെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിച്ചുവരികയാണ്. അംഗീകാരം റദ്ദാക്കിയ എന്‍.ജി.ഒ.കളുടെ പേരുവിവരം പുറത്തുവിടാന്‍ കേന്ദ്രം തയ്യാറായിട്ടില്ല. എന്നാല്‍ തൂത്തുക്കുടി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന രണ്ട് സംഘടകളുടെ പേര് വിദേശസഹായ നിയന്ത്രണനിയമപ്രകാരം പ്രവര്‍ത്തിക്കുന്ന എന്‍.ജി.ഒ.കളുടെ പട്ടികയില്‍ നിന്ന് ആഭ്യന്തരമന്ത്രാലയം ഒഴിവാക്കിയിട്ടുണ്ട.് തൂത്തുക്കുടി ഡയസിസ് അസോസിയേഷന്‍ (ടി.ഡി.എ), തൂത്തുക്കുടി മള്‍ട്ടിപര്‍പ്പസ് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി (ടി.എം.എസ്.എസ്.എസ്) എന്നിവയാണ് ഒഴിവാക്കപ്പെട്ടവ. ഈ രണ്ട് സംഘടനകളും കൂടംകുളത്തെ ആണവനിലയ വിരുദ്ധസമരവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയാണ്.
 

കൂടംകുളത്ത് പ്രക്ഷോഭത്തിന്റെ മുന്‍നിരയിലുള്ള 12 എന്‍.ജി.ഒ.കളെങ്കിലും അന്വേഷണത്തിന്റെ മുള്‍മുനയിലാണ്. വിദേശത്തുനിന്ന് ലഭിച്ച ധനസഹായം വകമാറ്റി ചെലവഴിച്ചുവെന്നതാണ് ഈ സംഘടനകളുടെ പേരില്‍ ആരോപിക്കുന്ന കുറ്റം. രണ്ട് സംഘടകള്‍ക്ക് മാത്രമായി അമേരിക്കയടക്കമുള്ള രാജ്യങ്ങളില്‍ നിന്ന് കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ 64 കോടി രൂപയാണ് ലഭിച്ചതെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. വിദേശ സഹായ നിയന്ത്രണ നിയമപ്രകാരം (എഫ്.സി.ആര്‍.എ) അനുമതി ലഭിച്ച സംഘടകളാണിവ. 42,000 എന്‍.ജി.ഒ.കള്‍ക്കാണ് എഫ്.സി.ആര്‍.എ അനുമതിയുള്ളത്. തൂത്തുക്കുടി സമരത്തിന്റെ മുഖ്യനേതാക്കളിലൊരാളായബിഷപ്പ് യുവോന്‍ ആബ്രോയ്‌സിന്റെ നേതൃത്വത്തിലുള്ള എന്‍.ജി.ഒ.യാണ് ടി.എം.എസ്.എസ്.എസ്.
 

ആഭ്യന്തരമന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഈ സംഘടന കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ 42 കോടി രൂപയുടെ വിദേശസഹായം സ്വീകരിച്ചിട്ടുണ്ട്. ഡി.ഡി.എ.യ്ക്ക് ലഭിച്ചത് 22.7 കോടിയാണ്. കൂടംകുളം സമരത്തിന് പിന്തുണ നല്‍കുന്ന ക്രിസ്തീയ സാമൂഹികസംഘടകളുടെ അക്കൗണ്ടുകള്‍ ആഭ്യന്തരമന്ത്രാലയം പരിശോധിക്കാന്‍ തുടങ്ങിയിട്ട് നാളുകളായി. ടി.എം.എസ്.എസ്.എസ്സിനെ കൂടാതെ മധുര ആസ്ഥാനമായ പീപ്പിള്‍സ് എഡ്യൂക്കേഷന്‍ ഫോര്‍ ആക്ഷന്‍ ആന്‍ഡ് ലിബറേഷന്‍, നാഗര്‍കോവില്‍ ആസ്ഥാനമായുള്ള ഗുഡ് വിഷന്‍ എന്നീ സംഘടകളുടെ കണക്കുകളും പരിശോധിച്ചുവരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.
 


ഇന്ത്യയുടെ ആണവോര്‍ജ പരിപാടികളില്‍ എതിര്‍പ്പില്ലെന്ന് അമേരിക്കന്‍സ്ഥാനപതി




ന്യൂഡല്‍ഹി: ഇന്ത്യയുടെ സൈനികേതര ആണവോര്‍ജ പരിപാടികളില്‍ അമേരിക്കയ്ക്ക് ഒരു തരത്തിലുള്ള എതിര്‍പ്പുമില്ലെന്ന് ഇന്ത്യയിലെ യു.എസ്.സ്ഥാനപതി പീറ്റര്‍ ബര്‍ലേ പറഞ്ഞു.
 

ആണവോര്‍ജ വിരുദ്ധ സമരങ്ങള്‍ക്ക് പിന്നില്‍ അമേരിക്കന്‍ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന എന്‍.ജി.ഒ. കളാണെന്ന പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ സൈനികേതര ആണവപരിപാടികളുമായി യു.എസ്.സഹകരിച്ച് പ്രവര്‍ത്തിക്കുകയാണ്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം എല്ലാതലത്തിലും സൗഹാര്‍ദത്തോടെ മുന്നോട്ട് പോവുകയാണെന്നും ബര്‍ലേ വിശദീകരിച്ചു.


പ്രധാനമന്ത്രിയുടെ അഭിപ്രായത്തോട് യോജിപ്പെന്ന് റഷ്യന്‍സ്ഥാനപതി




ന്യൂഡല്‍ഹി: കൂടംകുളത്തെ ആണവനിലയത്തിനെതിരെയുള്ള സമരങ്ങള്‍ക്ക് പിന്നില്‍ അമേരിക്കന്‍ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന എന്‍.ജി.ഒ. കളാണെന്ന പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെ പരാമര്‍ശത്തെ റഷ്യന്‍ സ്ഥാനപതി അലക്‌സാണ്ടര്‍ കഡകിന്‍ പിന്തുണച്ചു. റഷ്യന്‍ സഹായത്തോടെയാണ് കൂടംകുളം ആണവോര്‍ജ പദ്ധതി നടക്കുന്നത്. കൂടംകുളത്തെ സമരത്തെ പിന്തുണയ്ക്കുന്നത് അമേരിക്കയിലെയും സ്‌കാന്‍ഡനേവിയന്‍ രാജ്യങ്ങളിലെയും സര്‍ക്കാറിതര സംഘടകള്‍ തന്നെയാണ്. ഈ സംശയം റഷ്യ നേരത്തേ ഉന്നയിച്ചിരുന്നു. ലോകത്തെ ഏറ്റവും സുരക്ഷിതമായ ആണവനിലയത്തിനെതിരെയാണ് കൂടംകുളത്ത് സമരം നടക്കുന്നത്- അദ്ദേഹം പറഞ്ഞു.

  

Newsletter