04April2012

അഞ്ചാം മന്ത്രി: എതിര്‍പ്പുമായി മുരളീധരന്‍

കോഴിക്കോട്: മന്ത്രിസ്ഥാനം നിശ്ചയിക്കുമ്പോള്‍ മത-സാമുദായിക സന്തുലനം പാലിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ ആവശ്യപ്പെട്ടു. എം.എല്‍.എമാരുടെ എണ്ണത്തിന് അനുസരിച്ച് മന്ത്രിമാരെ നിശ്ചയിക്കുന്നതിനോട് യോജിപ്പില്ലെന്നും അദ്ദേഹം പറഞ്ഞു. 

യു.ഡി.എഫില്‍ അങ്ങനെയൊരു രീതിയില്ല. കോണ്‍ഗ്രസിന് 45 എം.എല്‍.എമാര്‍ ഉള്ളപ്പോഴും മുഖ്യമന്ത്രി ഉള്‍പ്പടെ 10 മന്ത്രിസ്ഥാനങ്ങളാണുണ്ടായിരുന്നത്. എം.എല്‍.എമാരുടെ എണ്ണം 60 ആയപ്പോഴും 10 പേര്‍ മാത്രമാണുണ്ടായിരുന്നത്. കഷ്ടകാലത്തിന് ഇത്തവണ 38 ആയിപ്പോയി.

അനൂപിന്റെ സത്യപ്രതിജ്ഞ വൈകിക്കുന്നത് പിറവത്തുകാരോടുള്ള വഞ്ചനയാണ്. അനൂപിനെ മന്ത്രിയാക്കുന്നത് വൈകുന്നത് നെയ്യാറ്റിന്‍കരയിലെ ജനങ്ങള്‍ ചോദ്യം ചെയ്യും. പിറവത്തുകാരോട് നിങ്ങള്‍ എന്താണ് പറഞ്ഞത്. ആ വാക്ക് നിങ്ങള്‍ പാലിച്ചോ എന്ന് നെയ്യാറ്റിന്‍കരയിലെ ജനങ്ങള്‍ ചോദിക്കും. വട്ടിയൂര്‍ക്കാവില്‍ കെ മുരളീധരനും തിരുവനന്തപുരത്ത് വി.എസ് ശിവകുമാറിനും പാറശാലയില്‍ എ.ടി ജോര്‍ജ്ജിനും കൈപ്പത്തി ചിഹ്നത്തില്‍ ജയിക്കാമെങ്കില്‍ നെയ്യാറ്റിന്‍കരയിലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് ജയിക്കാന്‍ കഴിയും.

യു.ഡി.എഫിനുള്ളില്‍ കുറുമുന്നണിയുണ്ടാകുന്നത് ആശാസ്യമായി തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട്ട് പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു മുരളീധരന്‍.

Newsletter