മധുപാലിന്റെ 'ഒഴിമുറി' തുടങ്ങി
- Last Updated on 01 May 2012
- Hits: 3
തലപ്പാവ് എന്ന ആദ്യചിത്രത്തിലൂടെ തന്നെ സംവിധായകന് എന്ന രീതിയില്‍ പ്രതിഭ തെളിയിച്ച നടനാണ് മധുപാല്‍. തലപ്പാവിന് ശേഷം മധുപാല്‍ ഒരുക്കുന്ന ഒഴിമുറി എന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. തെക്കന്‍ തിരുവിതാംകൂറിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് പ്രശസ്ത തമിഴ് എഴുത്തുകാരന് ജയമോഹനാണ്.
സംവിധായകനും നടനുമായ ലാല്‍, ആസിഫ് അലി, ജഗതി, ഭാവന, ശ്വേതാമേനോന്, മല്ലിക, എം.ആര്.ഗോപകുമാര്‍ തുടങ്ങിയവരാണ് മുഖ്യവേഷത്തിലെത്തുന്നത്. പുതുമയുള്ള പ്രമേയവും കണ്ട് പരിചയിക്കാത്ത കഥാപശ്ചാത്തലവുമാണ് ഒഴിമുറിയുടെ പ്രത്യേകത. അങ്ങാടിത്തെരു, നാന് കടവുള്‍, മണിരത്നത്തിന്റെ പുതിയ ചിത്രമായ കടല്‍, വിജയ് നായകനായ മുരുകദോസ് ചിത്രമായ തുപ്പാക്കി എന്നിവയ്ക്ക് തിരക്കഥയൊരുക്കിയതും ജയമോഹനാണ്.
തമിഴിലും മലയാളത്തിലും ഒരുപോലെ ശ്രദ്ധിക്കപ്പെട്ട എഴുത്തുകാരനാണ് ജയമോഹന്. ജയമോഹന് തെക്കന്‍ തിരുവിതാംകൂറിനെ പശ്ചാത്തലമാക്കി മലയാളത്തില്‍ എഴുതിയ ചില ഓര്‍മ്മക്കുറിപ്പുകളാണ് സിനിമയാക്കാന്‍ മധുപാലിനെ പ്രേരിപ്പിച്ചത്. അഴകപ്പനാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. സംഗീതം ബിജിബാല്‍. തിരുവനന്തപുരം-നാഗര്‍കോവില്‍ മേഖലയിലെ തക്കല, മാര്‍ത്താണ്ഡം എന്നീ പ്രദേശങ്ങളിലാണ് ഒഴിമുറിയുടെ ഷൂട്ടിങ് നടക്കുന്നത്.