ബ്യാരി മികച്ച ചിത്രം: വിദ്യാ ബാലന്‍ നടി
- Last Updated on 07 March 2012
- Hits: 21
ന്യൂഡല്‍ഹി: 59 ാമത് ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. പുരസ്‌കാരനേട്ടത്തില്‍ മലയാള സിനിമ പിന്തള്ളപ്പെട്ടപ്പോള്‍ അന്യഭാഷാചിത്രങ്ങളിലൂടെ മലയാളികള്‍ തിളങ്ങി. മലയാളിയായ കെ.പി സുവീരന്‍ സംവിധാനം ചെയ്ത ബ്യാരിയാണ് മികച്ച ചിത്രം. മറാഠി ചിത്രമായ ദേവൂളിനൊപ്പം 'ബ്യാരി' മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം പങ്കിടുകയാണ്.
ബോളിവുഡ് ചിത്രമായ 'ഡേര്‍ട്ടി പിക്ചറ'ിലെ അഭിനയത്തിന് വിദ്യാ ബാലന് മികച്ച നടക്കുള്ള പുരസ്‌കാരം ലഭിക്കുന്നു. 'ദേവൂളി'ലെ അഭിനയത്തിലൂടെ ഗിരീഷ് കുല്‍ക്കര്‍ണിയാണ് മികച്ച നടനുള്ള അവാര്‍ഡിന് അര്‍ഹനായത്. ദക്ഷിണ കന്നഡ പ്രദേശത്ത് മുസ്‌ലിങ്ങള്‍ സംസാരിക്കുന്ന ലിപിയില്ലാത്ത 'ബ്യാരി' ഭാഷയിലെടുത്തതാണ് ബ്യാരി എന്ന ചിത്രം. 'ബ്യാരി'യിലെ നാദിറ എന്ന കഥാപാത്രത്തെ അവിസ്മരണീയമാക്കിയ മലയാളി നടി മല്ലികയ്ക്കും ജൂറിയുടെ പ്രത്യേക പരാമര്‍ശമുണ്ട്.
രഞ്ജിത് സംവിധാനം ചെയ്ത ഇന്ത്യന്‍ റുപ്പിയാണ് പ്രാദേശിക ഭാഷാ വിഭാഗത്തില്‍ മികച്ച മലയാള ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത്. ഷെറി സംവിധാനം ചെയ്ത 'ആദിമധ്യാന്ത'ത്തിന് ജൂറിയുടെ പ്രത്യേകം പരാമര്‍ശം ലഭിച്ചു. ജനപ്രിയ ചിത്രത്തിനുള്ള പുരസ്‌കാരം സുശീന്ദ്രന്‍ സംവിധാനം ചെയ്ത അഴഗാര്‍ സ്വാമിയിന്‍ കുതിരൈ എന്ന തമിഴ് ചിത്രത്തിനാണ്. ഈ ചിത്രത്തിലെ അഭിനയത്തിന് അപ്പുക്കുട്ടി മികച്ച സഹനടനുള്ള പുരസ്‌കാരവും സ്വന്തമാക്കി.
സില്‍ക് സ്മിതയുടെ ജീവിതം പശ്ചാത്തലമാക്കി മിലാന്‍ ലുത്തീരിയ ഒരുക്കിയ ഡേര്‍ട്ടി പിക്ചറിലെ അഭിനയ മികവില്‍ അവാര്‍ഡിനായി വിദ്യാ ബാലന് കാര്യമായ മത്സരം ആരില്‍ നിന്നുമുണ്ടായില്ല. മലയാളത്തില്‍ നിന്ന് അഞ്ച് ചിത്രങ്ങള്‍ ദേശീയ അവാര്‍ഡിനായി മത്സരിച്ചെങ്കിലും ഒന്നു പോലും അവസാന റൗണ്ടിലെത്തിയില്ല.
മികച്ച ചലച്ചിത്രഗ്രന്ഥം- ആര്‍.ഡി ബര്‍മ്മന്‍-ദി മാന്‍ ദി മ്യൂസിക്, ജയ് ഭിം കോംറേഡ് സംവിധാനം ചെയ്ത ആനന്ദ് പട്‌വര്‍ധന് നോണ്‍ ഫീച്ചര്‍ ഫിലിം വിഭാഗത്തില്‍ ജൂറിയുടെ പ്രത്യേക പരാമര്‍ശം ലഭിച്ചു. 'ആന്‍ വി പ്ലേ ഓണ്‍' നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ മികച്ച ചിത്രമായി.
രോഹിണി ഹട്ടങ്കടി അധ്യക്ഷയായ ജൂറിയാണ് അവാര്‍ഡ് ജേതാക്കളെ നിശ്ചയിച്ചത്. മലയാളത്തില്‍ നിന്ന് കെ.പി കുമാരനും ജൂറിയില്‍ അംഗമായിരുന്നു