29June2012

You are here: Home Movies യേശുദാസിന് 'ലിംക'യുടെ പ്രതിഭാ പുരസ്‌കാരം

യേശുദാസിന് 'ലിംക'യുടെ പ്രതിഭാ പുരസ്‌കാരം

ന്യൂഡല്‍ഹി: ഭാരതീയ സംഗീതത്തിനാണ് ഈ വര്‍ഷത്തെ ലിംക ബുക്ക് ഓഫ് വേള്‍ഡ് റെക്കോഡ്‌സ് സമര്‍പ്പിച്ചത്. മഹദ്പ്രതിഭകളായി ലിംക തിരഞ്ഞെടുത്ത പത്ത് വ്യക്തികളില്‍ ഗാനഗന്ധര്‍വന്‍ കെ.ജെ. യേശുദാസും വയലിന്‍ വിദ്വാന്‍ എല്‍.എസ്. സുബ്രമണ്യവും മലയാളത്തിന്റെ നക്ഷത്രങ്ങളായി. ഇരുവരേയും ഡല്‍ഹിയില്‍ നടന്ന പ്രകാശനച്ചടങ്ങില്‍ പണ്ഡിറ്റ് രവിശങ്കര്‍ പൊന്നാടയണിയിച്ചു.

ലിംക പുരസ്‌കാരവും അദ്ദേഹം സമ്മാനിച്ചു. ഗായിക ആശാ ഭോസ്‌ലെ, ഹിന്ദുസ്ഥാനി സംഗീതജ്ഞ ശുഭ മുദ്ഗല്‍ എന്നിവരേയും ചടങ്ങില്‍ ആദരിച്ചു. സംഗീതരത്‌നങ്ങളായ ഇളയരാജ, ഗുല്‍സാര്‍, പണ്ഡിറ്റ് ഹരിപ്രസാദ് ചൗരസ്യ, പണ്ഡിറ്റ് ജസ്‌രാജ്, ഉസ്താദ് സാക്കിര്‍ ഹുസൈന്‍ എന്നിവരും ഈ വര്‍ഷത്തെ പ്രതിഭാപട്ടം നേടി. പുതുതായി 6000 നേട്ടങ്ങളുടെ പട്ടികയുള്ളതാണ് ലിംകയുടെ പുതിയ പതിപ്പെന്ന് സി.ഇ.ഒ. അതുല്‍ സിങ് അറിയിച്ചു.

മലയാളികള്‍ക്ക് അഭിമാനിക്കാന്‍ ഒട്ടേറെ റെക്കോഡുകള്‍ ലിംക ബുക്ക് ഓഫ് റെക്കോഡ്‌സിന്റെ പുതിയ പതിപ്പിലുണ്ട്. മലപ്പുറം വൈക്കതിര്‍ ക്ഷേത്രത്തില്‍ ദീലീപ് ശുകപുരവും സംഘവും അവതരിപ്പിച്ച 25 മണിക്കൂര്‍ നീണ്ട മാരത്തണ്‍ തായമ്പക വാദ്യത്തിലെ വിസ്മയനേട്ടമായി. കഴിഞ്ഞ വര്‍ഷം മെയ് എട്ടിനാണ് നാദബ്രഹ്മം എന്ന പേരില്‍ തായമ്പക അരങ്ങേറിയത്.

മലപ്പുറത്തെ അമല്‍ കോളേജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസും കേരള വിനോദസഞ്ചാര വകുപ്പും ചേര്‍ന്നൊരുക്കിയ പത്തിരിപ്പെരുമ റെക്കോഡിലെ രൂചിക്കൂട്ടായി. 20 വിദ്യാര്‍ഥികളും മൂന്ന് അധ്യാപകരും ചേര്‍ന്ന് 101 തരം പത്തിരിയുണ്ടാക്കി കാഴ്ചക്കാരെ കൊതിപ്പിച്ചു. പാചകത്തിനെടുത്ത സമയം കേട്ടാല്‍ ആരും അതിശയിച്ചു പോവും - വെറും 49 മിനിറ്റും 34 സെക്കന്‍ഡും.

പത്തനംതിട്ട മല്ലപ്പള്ളി സ്വദേശി കെ.എം. രാജേന്ദ്രന്‍ ഒരുക്കിയ മതസൗഹാര്‍ദ മരച്ചങ്ങല, ഇന്ത്യന്‍ എഡിസണായി വിശേഷിപ്പിക്കപ്പെടുന്ന ഇലക്‌ട്രോണിക് വിദഗ്ധനും കായംകുളം സ്വദേശിയുമായ എം.ജി. ഗിരീശന്‍, 13,000 പേനകള്‍ ശേഖരിച്ച കൊച്ചിയിലെ വി.ടി. ജോളി, ടൂറിസം പ്രചാരണത്തിനായി കേരള വിനോദസഞ്ചാരവകുപ്പ് ദൃശ്യവത്കരിച്ച 'യുവര്‍ മൊമെന്‍റ്' പരസ്യചിത്രം, സംഗീതവും ലോകാത്ഭുതങ്ങളും ദ്വീപും സമുദ്രവുമെല്ലാം ഒറ്റ കാന്‍വാസില്‍ ചിത്രപരമ്പരയാക്കിയ മലപ്പുറം നിലമ്പൂരിലെ എം.ആര്‍. രവി, അദ്ദേഹം തന്നെ വരച്ച കാര്‍ഷികവിളകള്‍ കായ്ച്ച ഒറ്റമരം, ഗ്ലാസ് പേപ്പര്‍ ഷീറ്റില്‍ ഇ.എം.എസിന്റെ 514 ചിത്രങ്ങളൊരുക്കിയ കണ്ണൂര്‍ സ്വദേശി ജോഷി ഏഴിലോട്, നിലമ്പൂരിലെ തേക്ക് മ്യൂസിയം, മലയാളി താരങ്ങളെല്ലാം അഭിനയിച്ച 'ട്വന്‍റി ട്വന്‍റി' സിനിമ, ദേശീയ പുരസ്‌കാരം പലതവണ വാരിക്കൂട്ടിയ മമ്മൂട്ടി, ഗായിക കെ.എസ്. ചിത്ര, 2011 ഫിബ്രവരി 12ന് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് അരങ്ങേറിയ 150 കലാകാരന്മാര്‍ അണിനിരന്ന കഥകളി, തൃശ്ശൂര്‍ സംഗീത നാടക അക്കാദമിയിലെ വേദിയില്‍ 123 മണിക്കൂര്‍ വിശ്രമമില്ലാതെ മോഹിനിയാട്ടം അവതരിപ്പിച്ച കലാമണ്ഡലം ഹേമലത, നാലുവട്ടം ജനസംഖ്യാ കണക്കെടുപ്പില്‍ മേല്‍നോട്ടക്കാരനായ ഇടുക്കിയിലെ അധ്യാപകന്‍ ടോമി സിറിയക്, ഏറ്റവും വേഗമേറിയ കാര്‍ട്ടൂണിസ്റ്റായി കാര്‍ട്ടൂണ്‍ അക്കാദമി സെക്രട്ടറി സജ്ജീവ്, തിരുവനന്തപുരത്ത് കഴിഞ്ഞ ഫിബ്രവരി 24ന് നടന്ന മത്സ്യോത്സവം-2011, വയനാട്ടിലെ 'ചക്ക മഹോത്സവം' തുടങ്ങിയവയെല്ലാം ലിംക ബുക്കിലെ നേട്ടങ്ങളുടെ പട്ടികയില്‍ കേരളത്തിന്റെ കൈയൊപ്പുകളായി.

ഓര്‍മയില്‍ വര്‍ണങ്ങള്‍ സമ്മാനിച്ച് മണ്‍മറഞ്ഞ ചിത്രകാരന്‍ എം.എഫ്. ഹുസൈനെക്കുറിച്ചുള്ള പ്രത്യേക പരാമര്‍ശമാണ് പുതിയ പതിപ്പിന്റെ മറ്റൊരു സവിശേഷത.

Newsletter