'സരോജ്കുമാര്‍': നിര്‍മ്മാതാവിനെതിരെ സംവിധായകന്‍
- Last Updated on 05 February 2012
- Hits: 42
കൊച്ചി: സിനിമാ പോസ്റ്ററില്‍ പേര് വരണമെന്ന് മാത്രം ആഗ്രഹിച്ചുകൊണ്ടല്ല താന്‍ സിനിമാരംഗത്തേക്ക് പ്രവേശിച്ചതെന്ന് 'പത്മശ്രീ ഭരത് ഡോക്ടര്‍ സരോജ്കുമാര്‍' എന്ന സിനിമയുടെ സംവിധായകന്‍ സജിന്‍ രാഘവന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ചിത്രത്തിന്റെ പോസ്റ്ററില്‍ നിന്നും സംവിധായകന്‍റയും ക്യാമറാമാന്റെയും പേര് ഒഴിവാക്കിയതുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം ചിത്രത്തിന്റെ നിര്‍മ്മാതാവ് വൈശാഖ്‌രാജന്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ചിത്രം തിയ്യേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കെ അത് പരാജയമാകുമെന്ന് പ്രഖ്യാപിച്ച ആദ്യ നിര്‍മ്മാതാവായിരിക്കും വൈശാഖന്‍ രാജന്‍. ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങി രണ്ടാം ദിവസം തന്നെ സംവിധായകന് ആ ജോലി അറിയില്ലെന്ന് മനസ്സിലാക്കി എന്നുപറയുന്ന നിര്‍മ്മാതാവ് എന്തുകെണ്ട് അപ്പോള്‍ തന്നെ ഒഴിവാക്കിയില്ലെന്നും പോസ്റ്ററുകളില്‍ പേര് വയ്ക്കുവാന്‍ വൈമനസ്യം കാണിച്ചതിന് പിന്നില്‍ ദുരൂഹതയുണ്ടെന്നും സജിന്‍ രാഘവന്‍ പറഞ്ഞു.
സിനിമയുടെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിച്ച് പരിചയമുള്ള താന്‍ സിനിമ നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് നിര്‍മ്മാതാവിനെ സമീപിച്ചിട്ടില്ല. ഒരു സൂപ്പര്‍ ചിത്രത്തിന്റെ തുടര്‍ച്ചയെന്ന നിലയില്‍ ചിത്രത്തിന്റെ പ്രമേയം വിജയകരമാകുമെന്ന് നിര്‍മ്മാതാവിന് തോന്നിയതുപോലെ തന്നെ തനിക്കും തോന്നിയതുകൊണ്ടാണ് സംവിധാനച്ചുമതല ഏറ്റെടുത്തതെന്നും അദ്ദേഹം പറഞ്ഞു.