24June2012

You are here: Home Movies Kollywood തിയേറ്ററുകളിലേക്ക് 'ബില്ല-2'

തിയേറ്ററുകളിലേക്ക് 'ബില്ല-2'

1980ല്‍-രജനീകാന്തിനെ നായകനാക്കി ബാലാജി സംവിധാനം ചെയ്ത 'ബില്ല' എന്ന ചിത്രം 2007-ല്‍ അജിത്തിനെ നായകനാക്കി സംവിധായകന്‍ വിഷ്ണുവര്‍ധന്‍ റീമേക്ക് ചെയ്തിരുന്നു. ഇതിന്റെ രണ്ടാം ഭാഗം ഈ മാസം അവസാനം തിയേറ്ററുകളില്‍ എത്തുന്നു 

 

ഇന്‍ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ചക്രി തൊലേത്തി സംവിധാനംചെയ്യുന്ന 'ബില്ല-2' പ്രദര്‍ശനത്തിന്. അജിത് നായകനാകുന്ന ഈ ചിത്രം ഒരു അധോലോകനായകന്റെ കഥയാണ് പറയുന്നത്. 1980ല്‍ രജനീകാന്തിനെ നായകനാക്കി ബാലാജി സംവിധാനം ചെയ്ത 'ബില്ല' എന്ന ചിത്രം 2007ല്‍ അജിത്തിനെ നായകനാക്കിക്കൊണ്ട് സംവിധായകന്‍ വിഷ്ണുവര്‍ധന്‍ റീമേക്ക് ചെയ്തിരുന്നു. ചിത്രം ചരിത്രവിജയംനേടുകയും ചെയ്തു. ഇതേത്തുടര്‍ന്നാണ് അഞ്ചുവര്‍ഷങ്ങള്‍ക്കുശേഷം 'ബില്ല-2' മായി വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നിലെത്താന്‍ അജിത്ത് തീരുമാനിച്ചത്. 

തമിഴില്‍ 'ഉന്നൈപോല്‍ ഒരുവന്‍', തെലുങ്കില്‍ 'ഈനാട്' എന്നീ ചിത്രങ്ങള്‍ചെയ്ത ചക്രിയുടെ മൂന്നാമത്തെ സിനിമയാണ് 'ബില്ല-2'. മിസ് ഇന്ത്യ റണ്ണര്‍ അപ്പ് മലയാളിയായ പാര്‍വതി ഓമനക്കുട്ടനാണ് ചിത്രത്തിലെ നായിക. 'യുണൈറ്റഡ് 6' എന്ന ഹിന്ദിചിത്രത്തിലൂടെ സിനിമാ അരങ്ങേറ്റം നടത്തിയ പാര്‍വതിയുടെ ആദ്യ മേജര്‍ റിലീസാണിത്. 

വിദ്യുത് ജംപാല്‍, മനോജ് കെ. ജയന്‍, റഹ്മാന്‍ തുടങ്ങിയവരോടൊപ്പം തമിഴ്, തെലുങ്ക് താരങ്ങളും വേഷമിടുന്നു. തമിഴ്‌നാട്, കര്‍ണാടക, ആന്ധ്ര, കേരളം എന്നീ സംസ്ഥാനങ്ങളില്‍ രണ്ടായിരത്തിലധികം തിയേറ്ററുകളില്‍ ഒരേദിവസം ചിത്രം പ്രദര്‍ശനത്തിനെത്തും. ജൂണ്‍ 22ന് ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് ഏറ്റവും ഒടുവിലത്തെ വാര്‍ത്തകള്‍. റിലീസാകുംമുമ്പേ സിനിമ മുടക്കുമുതലും ലാഭവും നേടിക്കഴിഞ്ഞു എന്നതാണ് ഏറെ ശ്രദ്ധേയമായ കാര്യം. 'ബില്ല-2' വിന് സാറ്റലൈറ്റ് റൈറ്റും ഡബ്ബിങ്‌റൈറ്റും അടക്കം 41 കോടി ലഭിച്ചതായി ചിത്രത്തിന്റെ നിര്‍മാതാവും ഇന്‍ എന്റര്‍ടെയിന്‍മെന്റ് സി.ഇ.ഒ.യുമായ സിനിര്‍ ഖേതര്‍പാല്‍ വ്യക്തമാക്കിയിരുന്നു. ചിത്രം മൂന്നുകോടിരൂപ ലാഭം നേടിയെന്ന് ചുരുക്കം. 

'ബില്ല'യ്ക്ക് ഗാനങ്ങളൊരുക്കിയ യുവന്‍ ശങ്കര്‍രാജ തന്നെയാണ് 'ബില്ല-2'വിലും പാട്ടുകളുമായി എത്തുന്നത്. യുവന്‍ ശങ്കര്‍രാജയും അജിത്തും ഒന്നിക്കുന്ന അഞ്ചാമത്തെ സിനിമയാണിത്. ആറ് ഗാനങ്ങളാണിതില്‍. ബില്ലയിലെ ഗായകരൊന്നും 'ബില്ല-2'വില്‍ പാടുന്നില്ല. അജിത്തിന്റെ പിറന്നാള്‍ദിനമായ മെയ് ഒന്നിനായിരുന്നു ഓഡിയോ റിലീസ്. ഗാനങ്ങള്‍ യുവന്റെ ആരാധകരെ നിരാശപ്പെടുത്തിയിട്ടില്ല എന്നാണ് വാര്‍ത്തകള്‍. ശ്വേത പണ്ഡിറ്റിന്റെ 'ഇദയം ഇന്ത ഇദയം...', 

അഭിനേത്രിയും ഗായികയുമായ ആന്‍ഡ്രിയ ആലപിച്ച 'മധുരൈ പൊണ്ണ്....' എന്നീ ഗാനങ്ങളാണ് റേറ്റിങ്ങില്‍ മുന്നില്‍. യുവന്‍ശങ്കര്‍ രാജയും സ്റ്റെഫ്‌നിയും ചേര്‍ന്ന് പാടിയ 'ഗാങ് ഗാങ് ഗാങ്സ്റ്റര്‍... ', രഞ്ജിത്തിന്റെ 'ഉ നക്കുള്ളേ മിറുഗം തൊങ്കിവിട...' എന്നീ ഗാനങ്ങള്‍ക്കും കേള്‍വിക്കാരുണ്ട്. ഗോവ, ഹൈദരാബാദ്, റഷ്യ എന്നിവിടങ്ങളില്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയ 'ബില്ല-2'വിന്റെ ക്യാമറാമാന്‍ ആര്‍.ഡി. രാജശേഖറാണ്. പബ്ലിസിറ്റി ഭദ്ര ഡിസൈന്‍സ്, പി.ആര്‍.ഒ. ടി. മോഹന്‍ദാസ്.

Newsletter