കുഞ്ഞാലിക്കുട്ടി വിളിച്ചു; മുരളിയുടെ വഴക്ക് തീര്‍ന്നു
- Last Updated on 04 May 2012
തിരുവനന്തപുരം: കെ. മുരളീധരനും മുസ്ലിംലീഗുമായുള്ള പ്രശ്നം ഒത്തുതീര്‍ന്നു. മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി മുരളീധരനുമായി നടത്തിയ ഫോണ്‍സംഭാഷണത്തിലാണ് തര്‍ക്കം അവസാനിപ്പിക്കാന്‍ തീരുമാനമായത്. പരസ്യ പ്രസ്താവനകള്‍ ഇനി രണ്ടു കൂട്ടരുടെയും ഭാഗത്തുനിന്ന് ഉണ്ടാകില്ലെന്നാണ് ധാരണ.
പി.സി.ജോര്‍ജാണ് മധ്യസ്ഥനായത്. അഞ്ചാംമന്ത്രിപ്രശ്നം അടഞ്ഞ അധ്യായമാണെന്നും യു.ഡി.എഫ്. അതവസാനിപ്പിച്ചതാണെന്നും കുഞ്ഞാലിക്കുട്ടി മുരളീധരനോട് പറഞ്ഞു. ആ പ്രശ്നത്തിലുള്ള വാഗ്വാദം ഇനിയവസാനിപ്പിക്കാമെന്നും നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാമെന്നും അദ്ദേഹം പറഞ്ഞു.
ലീഗ് നേതാക്കള്‍ക്കെതിരെ വ്യക്തിപരമായ വിമര്‍ശനമല്ല താനുന്നയിച്ചതെന്നും രാഷ്ട്രീയമായ നിലപാടാണ് വ്യക്തമാക്കിക്കൊണ്ടിരുന്നതെന്നും മുരളീധരന് മറുപടി നല്കി. എന്നാല്‍ ലീഗ് പ്രവര്‍ത്തകര്‍ തനിക്കെതിരെ പ്രകടനം നടത്തുകയും വ്യക്തിപരമായി അധിക്ഷേപിക്കുകയുമാണ് ചെയ്തത്. അതിനുള്ള പ്രതിരോധമായിരുന്നു തന്റെ നിലപാടെന്നും മുരളീധരന് വിശദീകരിച്ചു.
ഇതേത്തുടര്‍ന്നാണ് പരസ്യവിവാദം ഒഴിവാക്കാന്‍ നേതാക്കള്‍ ധാരണയിലെത്തിയത്. വൈകാതെ ഹൈദരലി തങ്ങളടക്കമുള്ള ലീഗ് നേതാക്കളുമായി മുരളീധരന് കൂടിക്കാഴ്ച നടത്തും.