24May2012

Breaking News
പെട്രോള്‍ ലിറ്ററിന് 7.50 രൂപ കൂട്ടി
ഇന്റര്‍ചര്‍ച്ച് കൗണ്‍സിലുമായി ധാരണയായി
ചന്ദ്രശേഖരന്‍ വധം: കൊലയാളികളിലൊരാള്‍ പിടിയില്‍
ലോഡ് ഷെഡിങ് പിന്‍വലിച്ചു
ഈജിപ്തില്‍ പ്രസിഡന്‍റ്തിരഞ്ഞെടുപ്പ് ഇന്ന്‌
വിക്ഷേപണം വിജയം: ബഹിരാകാശത്തേക്ക് ആദ്യത്തെ സ്വകാര്യപേടകം
സഹപാഠിയുടെ സ്വവര്‍ഗരതി വെബ്ക്യാമില്‍ പകര്‍ത്തിയ ഇന്ത്യക്കാരന് യു.എസ്സില്‍ തടവ്
സാങ്മ കാരാട്ടിനെ കണ്ടു; സോണിയയുമായി കൂടിക്കാഴ്ച നടന്നില്ല
ഭക്ഷ്യവസ്തുക്കള്‍ക്ക് വിലകയറിയത് 3 മുതല്‍ 147 ശതമാനം വരെ
You are here: Home Kerala Kollam കപ്പലില്‍നിന്ന് വെടി: പ്രതികള്‍ ജയിലില്‍

കപ്പലില്‍നിന്ന് വെടി: പ്രതികള്‍ ജയിലില്‍

കൊല്ലം:ഇറ്റാലിയന്‍ കപ്പല്‍ 'എന്‍റിക്ക ലെക്‌സി'യില്‍നിന്ന് വെടിവച്ച് രണ്ട് മത്സ്യത്തൊഴിലാളികളെ കൊന്നുവെന്ന കേസിലെ പ്രതികളായ ലൊസ്റ്റാറോ മാസ്ലി മിലാനോ, സാല്‍വത്തോറോ ജിലോണ്‍ എന്നിവര്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍. രണ്ടാഴ്ചത്തെ റിമാന്‍ഡ് കാലാവധി തിങ്കളാഴ്ച അവസാനിച്ചതിനെ തുടര്‍ന്ന് കൊല്ലം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കെ.എ.ഗോപകുമാര്‍ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡി

നീട്ടി പ്രതികളെ ജയിലിലേക്ക് അയയ്ക്കാന്‍ ഉത്തരവിടുകയായിരുന്നു. ജയിലില്‍ അല്ലാതെ മറ്റെവിടെയെങ്കിലും പാര്‍പ്പിക്കണമെന്ന പ്രതിഭാഗത്തിന്റെ ഹര്‍ജി കോടതി തള്ളി. എന്നാല്‍ പ്രതികളെ മറ്റ് തടവുകാരോടൊപ്പമല്ലാതെ പ്രത്യേക സെല്ലില്‍ പാര്‍പ്പിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു.

കഴിഞ്ഞമാസം 15നാണ് ഇറ്റാലിയന്‍ കപ്പലില്‍നിന്ന് വെടിയേറ്റ് 'സെന്‍റ് ആന്‍റണി' ബോട്ടിലെ മത്സ്യത്തൊഴിലാളികളായ ജെലസ്റ്റിന്‍, അജീഷ് പിങ്കു എന്നിവര്‍ മരിച്ചത്. തുടര്‍ന്ന്, കപ്പലിന്റെ സുരക്ഷയ്ക്കായി നിയോഗിക്കപ്പെട്ട ഇറ്റാലിയന്‍ നാവികസേനയിലെ രണ്ടുപേരെ പ്രതികളാക്കി കൊല്ലം കോസ്റ്റല്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ കരുനാഗപ്പള്ളി കോടതിയാണ് 14 ദിവസത്തെ റിമാന്‍ഡ് ഉത്തരവിട്ടത്. അന്വേഷണത്തിനായി 10 ദിവസം പോലീസ് കസ്റ്റഡിയിലും പ്രതികളെ വിട്ടിരുന്നു. ആദ്യം കൊച്ചിയിലെ സി.ഐ.എസ്.എഫിന്റെ ഗസ്റ്റ് ഹൗസിലും പിന്നീട് കൊല്ലം പോലീസ് ക്ലബിലും പാര്‍പ്പിച്ചിരുന്ന ഇവരെ തിങ്കളാഴ്ച വൈകിട്ട് പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് കൊണ്ടുപോയി.

ഇറ്റലിയുടെ നാവികസേന ഉദ്യോഗസ്ഥരായതിനാല്‍ പ്രതികളെ ജയിലില്‍ അയയ്ക്കാതെ മറ്റെവിടെയെങ്കിലും പാര്‍പ്പിക്കണമെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. ഈ വാദം കോടതി അംഗീകരിച്ചില്ല. എന്നാല്‍ ജയില്‍ എ.ഡി.ജി.പി.ക്ക് പ്രത്യേക സാഹചര്യം ബോധ്യപ്പെട്ടാല്‍ സര്‍ക്കാരുമായി ആലോചിച്ച് ഇവരെ മറ്റെവിടേക്കെങ്കിലും മാറ്റാവുന്നതാണെന്ന് കോടതി നിരീക്ഷിച്ചു. ഇക്കാര്യം കോടതിയെ അറിയിക്കുകയും വേണം. പ്രിസണ്‍സ് ആക്ടിലെ ഏഴാംവകുപ്പ് പ്രകാരം സുരക്ഷാപ്രശ്‌നമുള്ളപ്പോഴോ ജയിലിന് ഉള്‍ക്കൊള്ളാവുന്നതിലധികം തടവുകാരുടെ എണ്ണം വര്‍ധിക്കുകയോ ചെയ്യുമ്പോഴാണ് ഇതിനുള്ള നടപടി ജയില്‍ അധികൃതര്‍ എടുക്കാറുള്ളത്. മാധ്യമങ്ങള്‍ പ്രതികളെ മാനസികമായി പീഡിപ്പിക്കുന്നുവെന്ന പരാതി കോടതിക്കുമുമ്പാകെ ഉന്നയിക്കപ്പെട്ടു. ചില മാസികകള്‍ പ്രതിഭാഗം അഭിഭാഷകര്‍ ഹാജരാക്കുകയും ചെയ്തു.

ജയിലില്‍ പ്രത്യേക സെല്ലില്‍ പാര്‍പ്പിക്കുന്നതു കൂടാതെ പ്രതികള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട പരിഗണനയും സൗകര്യങ്ങളും നല്‍കണമെന്നും കോടതി പറഞ്ഞു. ആവശ്യമായ വൈദ്യസഹായവും നല്‍കണം. ഇറ്റാലിയന്‍ കോണ്‍സല്‍ ജനറല്‍ എത്തിക്കുന്ന ഭക്ഷണം ജയിലിലെ മുതിര്‍ന്ന ഡോക്ടറുടെ പരിശോധനയ്ക്കുശേഷം പ്രതികള്‍ക്കു നല്‍കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ദിവസവും രാവിലെ പത്തിനും വൈകിട്ട് നാലിനുമിടയില്‍ ഒരുമണിക്കൂര്‍ നേരം ഇറ്റലി ഗവണ്‍മെന്‍റിന്റെ പ്രതിനിധിയുമായി കൂടിക്കാഴ്ച നടത്താനും പ്രതികളെ അനുവദിക്കണം.

പ്രോസിക്യൂഷനുവേണ്ടി ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ കെ.ഒ.രാജുവും പ്രതികള്‍ക്കുവേണ്ടി സുപ്രീംകോടതി അഭിഭാഷകരായ സൊഹൈല്‍ ദത്തും അഭിക്ഷിത് സിങ്ങും ഹാജരായി.

Newsletter