24May2012

Breaking News
പെട്രോള്‍ ലിറ്ററിന് 7.50 രൂപ കൂട്ടി
ഇന്റര്‍ചര്‍ച്ച് കൗണ്‍സിലുമായി ധാരണയായി
ചന്ദ്രശേഖരന്‍ വധം: കൊലയാളികളിലൊരാള്‍ പിടിയില്‍
ലോഡ് ഷെഡിങ് പിന്‍വലിച്ചു
ഈജിപ്തില്‍ പ്രസിഡന്‍റ്തിരഞ്ഞെടുപ്പ് ഇന്ന്‌
വിക്ഷേപണം വിജയം: ബഹിരാകാശത്തേക്ക് ആദ്യത്തെ സ്വകാര്യപേടകം
സഹപാഠിയുടെ സ്വവര്‍ഗരതി വെബ്ക്യാമില്‍ പകര്‍ത്തിയ ഇന്ത്യക്കാരന് യു.എസ്സില്‍ തടവ്
സാങ്മ കാരാട്ടിനെ കണ്ടു; സോണിയയുമായി കൂടിക്കാഴ്ച നടന്നില്ല
ഭക്ഷ്യവസ്തുക്കള്‍ക്ക് വിലകയറിയത് 3 മുതല്‍ 147 ശതമാനം വരെ
You are here: Home Kerala Ernakulam കടലിലെ കൊല: നാവികര്‍ക്കെതിരെ നടപടി വേണ്ടെന്ന് ബോട്ടുടമ

കടലിലെ കൊല: നാവികര്‍ക്കെതിരെ നടപടി വേണ്ടെന്ന് ബോട്ടുടമ

കൊച്ചി: കടലിലെ വെടിവെപ്പില്‍ രണ്ട് മത്സ്യത്തൊഴിലാളികള്‍ കൊല്ലപ്പെട്ട കേസില്‍ ബോട്ടുടമ ജെ. ഫ്രെഡിക്ക് ഇറ്റാലിയന്‍ സര്‍ക്കാര്‍ 17 ലക്ഷം രൂപയുടെ ഡി.ഡി. കൈമാറി. ഹൈക്കോടതിയിലെ ലോക് അദാലത്തിലാണ് വിശദമായ ഒത്തുതീര്‍പ്പ് കരാര്‍ ഒപ്പുവെച്ചത്. എന്റിക്ക ലെക്‌സി എന്ന എണ്ണക്കപ്പലില്‍ നിന്ന് ഇറ്റാലിയന്‍ നാവികര്‍ നടത്തിയ വെടിവെപ്പില്‍ ബോട്ടിനുണ്ടായ കേടുപാടിന്

പരിഹാരമായാണ് ഈ തുക.

സംഭവത്തില്‍ ഇറ്റാലിയന്‍ നാവികരോട് ക്രിസ്തുവിന്റെ നാമത്തില്‍ ക്ഷമിക്കുന്നതായി ബോട്ടുടമ ഫ്രെഡി വ്യക്തമാക്കുന്നു. ഇറ്റാലിയന്‍ സര്‍ക്കാരും ബോട്ടുടമയും ഒപ്പുവെച്ച ധാരണയിലാണ് ഇക്കാര്യം പറയുന്നത്. നീണ്ടകര പോലീസ് സ്‌റ്റേഷനിലെ പ്രഥമവിവര റിപ്പോര്‍ട്ടനുസരിച്ചുള്ള കേസില്‍ നാവികര്‍ക്കെതിരെ പ്രോസിക്യൂഷന്‍ നടപടി ആവശ്യമില്ലെന്നും ധാരണയില്‍ പറയുന്നുണ്ട്.

അദാലത്തില്‍ നഷ്ടപരിഹാരത്തര്‍ക്കം ഒത്തുതീര്‍പ്പാക്കിയതായി ഹര്‍ജിക്കാരന്‍ അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ഹൈക്കോടതിയിലെ നഷ്ടപരിഹാര ഹര്‍ജിയിലെ നടപടി ജസ്റ്റിസ് എ.എം. ഷഫീക് അവസാനിപ്പിച്ചു. ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി തയ്യാറാക്കിയ വിശദമായ കരാറിലാണ് ഹൈക്കോടതിയിലെ ലോക് അദാലത്തില്‍ ബോട്ടുടമയും ഇറ്റാലിയന്‍ സര്‍ക്കാരും പ്രധാനമായും ഒപ്പുവെച്ചിട്ടുള്ളത്. അദാലത്തില്‍ റിട്ട. ജസ്റ്റിസ് കെ. ജോണ്‍ മാത്യുവും റിട്ട. ജില്ലാ ജഡ്ജി കെ. ശ്രീലതാദേവിയും ഉള്‍പ്പെട്ട ബെഞ്ചാണ് കരാര്‍ അംഗീകരിച്ചത്. ഇത് അദാലത്തിലെ രേഖകള്‍ക്കൊപ്പം ഹൈക്കോടതിയില്‍ സമര്‍പ്പിക്കപ്പെട്ടു.

ബന്ധുക്കള്‍ ഹര്‍ജി പിന്‍വലിക്കാനെത്തിയപ്പോള്‍ കോടതിയുടെ വിമര്‍ശം

കൊച്ചി: പ്രഥമവിവര റിപ്പോര്‍ട്ടിലെ നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇറ്റാലിയന്‍ സര്‍ക്കാരും നാവികരും നല്‍കിയ ഹര്‍ജിയിലെ എതിര്‍പ്പ് പിന്‍വലിക്കാന്‍ മത്സ്യത്തൊഴിലാളികളുടെ ബന്ധുക്കള്‍ എത്തിയപ്പോള്‍ ഹൈക്കോടതിയുടെ വിമര്‍ശം. നഷ്ടപരിഹാരത്തര്‍ക്കം ഒത്തുതീര്‍പ്പായതിന്റെ അടിസ്ഥാനത്തിലാണ് ജെലസ്റ്റിന്റെയും അജീഷ് പിങ്കിന്റെയും ബന്ധുക്കള്‍ അവരുടെ കക്ഷിചേരല്‍ ഹര്‍ജിയും സത്യവാങ്മൂലവും വാദവും പിന്‍വലിക്കാന്‍ അപേക്ഷ നല്‍കിയത്. അനാവശ്യമായി കക്ഷി ചേര്‍ന്ന് കോടതിയുടെ വിലപ്പെട്ട സമയം അപഹരിച്ചതിനാണ് ജസ്റ്റിസ് പി.എസ്. ഗോപിനാഥന്‍ വിമര്‍ശിച്ചത്.

നഷ്ടപരിഹാരം സംബന്ധിച്ച വേറെ കേസുണ്ടായിട്ടും പ്രഥമവിവര റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന ഹര്‍ജിയില്‍ കക്ഷി ചേരുകയായിരുന്നു. ഇത് തികച്ചും അനാവശ്യമാണെന്ന് അന്ന് ചൂണ്ടിക്കാട്ടിയതാണെന്ന് കോടതി ഓര്‍മിപ്പിച്ചു. ഉയര്‍ന്ന നഷ്ടപരിഹാരത്തുകയ്ക്കു വേണ്ടിയുള്ള സമ്മര്‍ദതന്ത്രമാണിത്. ക്രിമിനല്‍ കേസില്‍ ഇത് അനുവദിക്കാനാവില്ല. ക്രിമിനല്‍ നീതി നിര്‍വഹണത്തിന് ചേര്‍ന്നതല്ല ഈ നടപടിയെന്നും കോടതി ചൂണ്ടിക്കാട്ടി. ''സായ്പിനെ കാണുമ്പോള്‍ കവാത്ത് മറക്കുകയെന്ന് കേട്ടിട്ടുണ്ട്. ഇവിടെ സായ്പിന്റെ പണം കണ്ടപ്പോള്‍ മറ്റെല്ലാം മറന്ന മട്ടാണ്'' - കോടതി അഭിപ്രായപ്പെട്ടു. കക്ഷിചേരല്‍ ഹര്‍ജികള്‍ പിന്‍വലിക്കാനുള്ള അപേക്ഷകള്‍ മറ്റ് ഹര്‍ജികള്‍ക്കൊപ്പം പരിഗണിക്കാനായി മാറ്റിയിട്ടുണ്ട്. പ്രഥമവിവര റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന ഇറ്റലിയുടെയും നാവികരുടെയും ഹര്‍ജികളില്‍ കോടതി വാദം പൂര്‍ത്തിയാക്കി വിധി പറയാന്‍ മാറ്റിയിരിക്കുകയായിരുന്നു.

Newsletter