ഗീലാനിക്കെതിരായ കേസ് 28 ലേക്ക് മാറ്റി
- Last Updated on 23 February 2012
- Hits: 2
ഇസ്‌ലാമാബാദ്:പ്രധാനമന്ത്രി യൂസഫ് റാസ ഗീലാനിക്കെതിരായ കോടതിയലക്ഷ്യക്കേസില്‍ വാദം കേള്‍ക്കുന്നത് പാക് സുപ്രീംകോടതി ഫിബ്രവരി 28 ലേക്ക് മാറ്റി.
വാദിഭാഗം പ്രോസിക്യൂട്ടറായി പ്രവര്‍ത്തിക്കുന്ന അറ്റോര്‍ണി
ജനറല്‍ അന്‍വര്‍ ഉള്‍ ഹഖിനെ വിസ്തരിച്ചതിനു ശേഷമാണ് ജസ്റ്റിസ് നാസിര്‍ ഉള്‍ മുള്‍ക്കിന്റെ നേതൃത്വത്തിലുള്ള ഏഴംഗ ബെഞ്ച് കേസ് മാറ്റിവെച്ചത്. ഗീലാനിക്കെതിരായ തെളിവുകള്‍ പ്രോസിക്യൂട്ടര്‍ കോടതിയില്‍ ഹാജരാക്കി.
കോടതിയലക്ഷ്യക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഗീലാനി നല്‍കിയ ഹര്‍ജി തള്ളുകയും പ്രധാനമന്ത്രിക്കെതിരെ കുറ്റം ചുമത്തുകയും ചെയ്തതിനു ശേഷമാണ് സുപ്രീംകോടതി കേസില്‍ വാദം കേള്‍ക്കാന്‍ തുടങ്ങിയത്. അറ്റോര്‍ണി ജനറലിനെ പ്രോസിക്യൂട്ടറായി നിയമിച്ചതിനെതിരെ നല്‍കിയ ഹര്‍ജിയും കോടതി തള്ളിയിരുന്നു.
പ്രസിഡന്‍റ് സര്‍ദാരിക്കെതിരെയുള്ള അഴിമതിക്കേസുകള്‍ പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് സ്വിസ് സര്‍ക്കാറിന് കത്തെഴുതണമെന്ന സുപ്രീംകോടതി നിര്‍ദേശം നടപ്പാക്കാത്തതിന്റെ പേരിലാണ് ഗീലാനിക്കെതിരെ കോടതിയലക്ഷ്യ നടപടി തുടങ്ങിയത്. പാക് പ്രസിഡന്‍റിനെ രാജ്യത്തിനകത്തും പുറത്തുമുള്ള അഴിമതിക്കേസുകളില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഗീലാനി ഈ നിര്‍ദേശം അവഗണിച്ചത്.
കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തുന്ന പക്ഷം ഗീലാനിക്ക് ആറുമാസം തടവ് ശിക്ഷ ലഭിക്കും. അദ്ദേഹം പ്രധാനമന്ത്രിപദത്തില്‍ നിന്നും പുറത്താകുകയും ചെയ്യും.