29February2012

Breaking News
കസ്റ്റഡിയിലുള്ള നാവികരെ ഇറ്റാലിയന്‍ വിദേശ മന്ത്രി സന്ദര്‍ശിച്ചു
കടല്‍ക്കൊലപാതകം നിലപാടുകളില്‍ ഉറച്ച് ഇറ്റലിയും ഇന്ത്യയും
സ്വവര്‍ഗാനുരാഗം സര്‍ക്കാര്‍ നിലപാട് മാറ്റി
സ്വവര്‍ഗാനുരാഗം സര്‍ക്കാര്‍ നിലപാട് മാറ്റി
കുട്ടിയുടെ വയറ്റില്‍ നിന്ന് ഭ്രൂണം നീക്കം ചെയ്തു
'ലണ്ടന്‍ പിടിച്ചടക്കല്‍' പ്രക്ഷോഭകരെ പോലീസ് ഒഴിപ്പിച്ചു
'ലണ്ടന്‍ പിടിച്ചടക്കല്‍' പ്രക്ഷോഭകരെ പോലീസ് ഒഴിപ്പിച്ചു
ഒ.എന്‍.ജി.സി. ഓഹരി വില്‍പ്പന മന്ത്രിസഭ അംഗീകരിച്ചു
You are here: Home World ഇറാഖില്‍ ആക്രമണ പരമ്പര; 60 മരണം

ഇറാഖില്‍ ആക്രമണ പരമ്പര; 60 മരണം

ബാഗ്ദാദ്: ഇറാഖില്‍ ഷിയാവിഭാഗക്കാര്‍ക്ക് മുന്‍തൂക്കമുള്ള മേഖലകളിലുണ്ടായ സ്‌ഫോടനങ്ങളിലും വെടിവെപ്പുകളിലും 60 പേര്‍ മരിച്ചു. 250 ലേറെ പേര്‍ക്ക് പരിക്കേറ്റു. ഡിസംബര്‍ മധ്യത്തോടെ യു.എസ്. സേന ഇറാഖ് വിട്ടശേഷമുണ്ടായ ശക്തമായ ആക്രമണങ്ങളിലൊന്നാണിത്.

 

ബാഗ്ദാദ്, ബാബില്‍, ദിയാല, സലാഹെദ്ദീന്‍, കിര്‍ക്കുക്ക് പ്രവിശ്യകളിലാണ് ആക്രമണങ്ങളുണ്ടായത്. തലസ്ഥാനമായ ബാഗ്ദാദില്‍ മാത്രം ഏഴ് ബോംബു സ്‌ഫോടനങ്ങളുണ്ടായി. അതില്‍ 32 പേരാണ് കൊല്ലപ്പെട്ടത്. മൊസുള്‍ മുതല്‍ ഹില്ലാ വരെയുള്ള വിവിധനഗരങ്ങളിലും പന്ത്രണ്ടിലേറെ സ്‌ഫോടനങ്ങളുണ്ടായി. പോലീസുകാര്‍ക്കുനേരേയും ആളുകള്‍ തിങ്ങിക്കൂടുന്ന സ്ഥലങ്ങള്‍ക്കു നേരേയുമായിരുന്നു ആക്രമണം.

യു.എസ്. സേനാ പിന്‍മാറ്റത്തിനു ശേഷമുണ്ടായ രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കാന്‍ സുന്നി, ഷിയാ, കുര്‍ദ് നേതാക്കള്‍ ശ്രമം നടത്തിയതിനു പിന്നാലെയാണ് ആക്രമണം. ഇതോടെ ഈ വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായിട്ടുണ്ട്. 2006-07 കാലഘട്ടത്തില്‍ അല്‍ ഖ്വെയ്ദ ബന്ധമുള്ള സുന്നി തീവ്രവാദികള്‍ ഷിയാകള്‍ക്കു നേരേ നടത്തിയ ആക്രമണങ്ങളില്‍ ആയിരക്കണക്കിനാളുകള്‍ കൊല്ലപ്പെട്ടിരുന്നു.

ഷിയാ വിഭാഗത്തിന്റെ പ്രമുഖ ആരാധനാലയം സ്ഥിതി ചെയ്യുന്ന ഉത്തര ബാഗ്ദാദിലെ കദ്മിയായിലുണ്ടായ കാര്‍ബോംബ് സ്‌ഫോടനത്തില്‍ ഒമ്പതു പേര്‍ കൊല്ലപ്പെട്ടു. 27 പേര്‍ക്ക് പരിക്കുണ്ട്. സരഫിയയിലെ പോലീസ് പരിശോധനാ കേന്ദ്രത്തിനു നേരേയുണ്ടായ വെടിവെപ്പില്‍ ആറുപേര്‍ കൊല്ലപ്പെട്ടു. ദോരത് അബോ ഷീറിലും അല്‍ മന്‍സൂര്‍ ജില്ലയിലുമുണ്ടായ സ്‌ഫോടനങ്ങളിലും തെക്കന്‍ ബാഗ്ദാദിലെ സായ്ദിയയിലുണ്ടായ വെടിവെപ്പിലും രണ്ടു പേര്‍ വീതമാണ് മരിച്ചത്. ദിയാല പ്രവിശ്യയിലുണ്ടായ രണ്ട് സ്‌ഫോടനങ്ങളിലും വെടിവെപ്പിലും ആറ് പേര്‍ കൊല്ലപ്പെട്ടു. സലാഹെദ്ദീന്‍ പ്രവിശ്യയിലെ റയീദ് അല്‍ ജുബുരിയിലുണ്ടായ ആക്രമണങ്ങളില്‍ എട്ടുപേര്‍ മരിച്ചു. മൊസൂളിലും ആക്രമണങ്ങളുണ്ടായി.

ഷിയാ വിഭാഗക്കാരനായ പ്രധാനമന്ത്രി നൂരി അല്‍ മാലികി മുതിര്‍ന്ന സുന്നി രാഷ്ട്രീയ കക്ഷികള്‍ക്കു നേരേ തിരിഞ്ഞതിനു ശേഷമാണ് ഷിയാകള്‍ക്കു നേരേ ആക്രമണം രൂക്ഷമായത്. യു.എസ്. സൈന്യം പിന്‍മാറിയതിനു ശേഷം വൈസ് പ്രസിഡന്‍റും സുന്നി വിഭാഗക്കാരനുമായ താരിഖ് അല്‍ ഹഷേമിയെ അറസ്റ്റു ചെയ്യാന്‍ പ്രധാനമന്ത്രി നിര്‍ദേശം നല്‍കിയിരുന്നു.

Newsletter