ജൂലിയ ഗില്ലാഡ് തകര്‍പ്പന്‍ വിജയം നേടി
- Last Updated on 28 February 2012
- Hits: 1
മെല്‍ബണ്‍: ഓസ്‌ട്രേലിയയില്‍ഭരണകക്ഷിയായ ലേബര്‍ പാര്‍ട്ടിയുടെ നേതൃത്വം പിടിച്ചടക്കാനായി നടന്ന പോരാട്ടത്തില്‍ മുന്‍ വിദേശമന്ത്രി കെവിന്‍ റഡിനെ മലര്‍ത്തിയടിച്ച് പ്രധാനമന്ത്രി ജൂലിയ ഗില്ലാഡ് തകര്‍പ്പന്‍ വിജയം നേടി. ഇതോടെ പാര്‍ട്ടിയിലും ഭരണത്തിലും താന്‍ തന്നെയാണ് അനിഷേധ്യനേതാവെന്ന് ഓസ്‌ട്രേലിയയിലെ ആദ്യ വനിതാ പ്രധാനമന്ത്രി തെളിയിച്ചു.
ഉള്‍പാര്‍ട്ടി തിരഞ്ഞെടുപ്പില്‍ 31 നെതിരെ 71 വോട്ടാണു റഡ്ഡിനെതിരെ ജൂലിയ നേടിയത്. വോട്ടെടുപ്പില്‍ തോറ്റിരുന്നെങ്കില്‍ ജൂലിയ പ്രധാനമന്ത്രിപദം റഡ്ഡിനു വിട്ടുകൊടുക്കേണ്ടിവരുമായിരുന്നു. പ്രധാനമന്ത്രിയായിരുന്ന റഡ്ഡിനെ പാര്‍ട്ടിക്കകത്തു നടത്തിയ നീക്കത്തിലൂടെ അട്ടിമറിച്ചാണ് കഴിഞ്ഞ ജൂണില്‍ ജൂലിയ പ്രധാനമന്ത്രിയായത്. റഡ്ഡിന്റെ മന്ത്രിസഭയില്‍ ഉപപ്രധാനമന്ത്രിയായിരുന്നു അവര്‍. പിന്നീട് റഡ്ഡിനെ തന്റെ വിദേശമന്ത്രിയാക്കി. ഉള്‍പാര്‍ട്ടി വോട്ടെടുപ്പില്‍ ജൂലിയയോടു മാറ്റുരയ്ക്കാന്‍ ഇക്കഴിഞ്ഞ ദിവസമാണു റഡ് മന്ത്രിപദം രാജിവെച്ചത്.
രാഷ്ട്രീയനാടകങ്ങള്‍ക്ക് വിരാമമായെന്ന് വോട്ടെടുപ്പിനുശേഷം പ്രതികരിച്ച ജൂലിയ തന്നില്‍ വിശ്വാസമര്‍പ്പിച്ച പാര്‍ട്ടിക്ക് നന്ദി പറഞ്ഞു. 2013-ല്‍ നടക്കുന്ന പൊതുതിരഞ്ഞെടുപ്പില്‍ പാര്‍ട്ടി വിജയിക്കുമെന്നും അവര്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു.