ലാദനെ യു.എസ്. സൈന്യം കൊലപ്പെടുത്തിയ വീട് ഇടിച്ചുനിരത്തി
- Last Updated on 26 February 2012
- Hits: 22
ലാഹോര്‍: അബോട്ടാബാദില്‍ ഒസാമ ബിന്‍ ലാദനെ യു.എസ്. സൈന്യം കൊലപ്പെടുത്തിയ വീട് ഇടിച്ചുനിരത്തി. കഴിഞ്ഞ വര്‍ഷം മെയിലാണ് ഈ വീട്ടില്‍ ഒളിവില്‍ താമസിക്കുകയായിരുന്ന ലാദനെ യു.എസ്. സേന കൊലപ്പെടുത്തിയത്. അഞ്ചു വര്‍ഷമായി ലാദന്‍ ഇവിടെ ഒളിവില്‍ താമസിച്ചുവരികയായിരുന്നു. അല്‍ ഖ്വായ്ദ ഇവിടെ ലാദന് ഒരു സ്മാരകം നിര്‍മിക്കാന്‍ പദ്ധയിയിടുന്നുണ്ടെന്ന കാരണം പറഞ്ഞാണ് വീട് തകര്‍ത്തത്.
ശനിയാഴ്ച അര്‍ധരാത്രിയാണ് കൂറ്റന്‍ ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് വീട് തകര്‍ത്തുതുടങ്ങിയത്. പുലര്‍ച്ചയോടെ ഇടിച്ചുനിരത്തില്‍ പൂര്‍ത്തിയായി. ശനിയാഴ്ച പ്രദേശത്ത് അപ്രഖ്യാപിത കര്‍ഫ്യൂവിന്റെ അവസ്ഥയായിരുന്നുവെന്നും തങ്ങളോട് വീട് വിട്ട് പുറത്തിറങ്ങരുതെന്ന് പാകിസ്താന്‍ സൈന്യം ആവശ്യപ്പെട്ടിരുന്നതായും സമീപവാസികള്‍ പറഞ്ഞു. ഇടിച്ചുനിരത്തിലിന് മുന്നോടിയായി സൈന്യം വീട് പ്രാദേശിക ഭരണകൂടത്തിന് കൈമാറിയിരുന്നു.
ലാദന്‍ കൊല്ലപ്പെട്ട ഉടനെ തന്നെ വീട് പൊളിച്ചുകളയാനായിരുന്നു സൈന്യത്തിന്റെ പദ്ധതിയെങ്കലും ജൂഡിഷ്യല്‍ കമ്മീഷന്റെ അന്വേഷണം നടക്കുന്നതിനാല്‍ അത് മാറ്റിവയ്ക്കുകയായിരുന്നു. കമ്മീഷന്റെ അന്വേഷണം പൂര്‍ത്തിയായതോടെയാണ് വീട് തകര്‍ക്കാന്‍ തീരുമാനമായത്.