02April2012

ഇറ്റാലിയന്‍ കപ്പല്‍ തീരംവിടാന്‍ മൂന്ന് കോടി കെട്ടിവെയ്ക്കണം

കൊച്ചി: ഇറ്റാലിയന്‍ കപ്പല്‍ തീരംവിടാന്‍ മൂന്നു കോടി രൂപ കെട്ടിവെയ്ക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. അന്വേഷണ ഏജന്‍സികളുടെ അനുമതി കൂടാതെ തീരം വിടരുതെന്നും ഹൈക്കോടതി കപ്പല്‍ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. വെടിയേറ്റ് മരിച്ച മത്സ്യത്തൊഴിലാളികളുടെ ബന്ധുക്കള്‍ നല്‍കിയ നഷ്ടപരിഹാര ഹര്‍ജി പരിഗണിക്കവെയാണ് കോടതി ഇത്തരത്തില്‍ നിര്‍ദേശം നല്‍കിയത്.

ഇറ്റാലിയന്‍ കപ്പലിലെ നാവികര്‍ക്ക് വെടിവെക്കാന്‍ നിര്‍ദ്ദേശം നല്‍കിയത് ആരാണെന്നും സംഭവത്തില്‍ കപ്പലിന്റെ ക്യാപ്റ്റന് ഉത്തരവാദിത്വം ഉണ്ടോയെന്നും കോടതി ആരാഞ്ഞു.

വെടിവെപ്പുമായി ക്യാപ്റ്റന് യാതൊരു ബന്ധവുമില്ലെന്ന് കപ്പല്‍ ഉടമകള്‍ കോടതിയെ അറിയിച്ചു. കപ്പലിന്റെ സുരക്ഷാ ഉത്തരവാദിത്വം ഇറ്റാലിയന്‍ നാവികസേനയ്ക്കാണ്. കപ്പലിലുള്ള ഗ്രൂപ്പ് ക്യാപ്റ്റന്റെ നിര്‍ദ്ദേശ പ്രകാരമാണ് നാവികര്‍ പ്രവര്‍ത്തിക്കുന്നത്. എന്റിക്ക ലെക്‌സിയിലെ നാവികരുടെ ഗ്രൂപ്പ് ക്യാപ്റ്റന്‍ അറസ്റ്റിലായ ലെസ്‌തോറെ മാസി മിലിയാനോ ആണെന്നും ഉടമകള്‍ അറിയിച്ചു.

കോടതിയ്ക്ക് പുറത്ത് മധ്യസ്ഥ ശ്രമത്തിലൂടെ നഷ്ടപരിഹാരം നല്‍കി പ്രശ്‌നം പരിഹരിക്കാന്‍ തയ്യാറാണോയെന്നകാര്യം കോടതിയെ അറിയിക്കണമെന്ന് ഡിവിഷന്‍ ബഞ്ച് കപ്പല്‍ ഉടമകളോട് നിര്‍ദ്ദേശിച്ചു. കപ്പല്‍ കൊച്ചിയില്‍നിന്ന് പോകാതിരിക്കാന്‍ നേവിയും കോസ്റ്റ് ഗാര്‍ഡും ശ്രദ്ധിക്കണമെന്നും കോടതി ഉത്തരവിട്ടു.

Newsletter