പെഷവാറില്‍ ബോംബാക്രമണത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടു
- Last Updated on 23 February 2012
- Hits: 3
ഇസ്‌ലാമാബാദ്: പെഷവാറില്‍ ഒരു ബസ്‌സ്റ്റോപ്പിലുണ്ടായ ബോംബാക്രമണത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടു. മരിച്ചവരില്‍ രണ്ട് കുട്ടികളും ഉള്‍പ്പെടുന്നു. 30 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഉഗ്രസ്‌ഫോടനമാണ് ഇവിടെ നടന്നതെന്ന് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രാവിലെ പതിനൊന്ന് മണിയോടെയാണ്
സ്‌ഫോടനമുണ്ടായത്. ബസ് ഷെല്‍ട്ടറിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന കാറിലാണ് ബോംബ് വെച്ചിരുന്നത്.
കൊഹാട്ട് റോഡിലെ തിരക്കേറിയ പ്രദേശത്താണ് സ്‌ഫോടനം നടന്നത്. റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ചാണ് സ്‌ഫോടനം നടത്തിയതെന്നാണ് ആദ്യ നിഗമനമെന്ന് പോലീസ് മേധാവി ഇംതിയാസ് അല്‍താഫ് പറഞ്ഞു. സ്‌ഫോടനത്തില്‍ പതിനഞ്ചോളം വാഹനങ്ങള്‍ തകര്‍ന്നു. സമീപത്തെ കെട്ടിടങ്ങളും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
സംശയകരമായ സാഹചര്യത്തില്‍ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. സ്‌ഫോടനത്തെക്കുറിച്ച് പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനി സംഭവത്തില്‍ അപലപിച്ചു. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. പരിക്കേറ്റവരെ പെഷവാറിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ പത്തുപേരുടെ നില ഗുരുതരമാണെന്ന് പോലീസ് അറിയിച്ചു.