രജനിയുടെ ശിവതാണ്ഡവം ഇന്ത്യയിലെ ആദ്യത്തെ ഹൈടെക് 3ഡി സിനിമ
- Last Updated on 09 February 2012
- Hits: 17
ഇടതുകാലിന്റെ വിരലുകള്‍മാത്രം നിലത്തുറപ്പിച്ച് മടക്കിപ്പിടിച്ച വലതുകാല്‍ വലംകൈ കൊണ്ട് താങ്ങിയുയര്‍ത്തി ഇടതുകൈ ഉയര്‍ത്തിപ്പിടിച്ച് രൗദ്രഭാവത്തില്‍ നില്‍ക്കുന്നു 'കോച്ചടൈയാന്‍'. യുവതാരങ്ങളെ അതിശയിക്കുന്ന മെയ്‌വഴക്കവുമായി സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെ ശിവതാണ്ഡവമട്ടിലുള്ള ഈ ചിത്രം
ആരാധകര്‍ക്ക് ആവേശം പകര്‍ന്നിരിക്കുകയാണ്. രോഗത്തെ അതിജീവിച്ച രജനി പൂര്‍ണാരോഗ്യവാനാണെന്നുകൂടി വെളിവാക്കുകയാണ് രജനിയുടെ ദൃശ്യം. അടുത്ത ആഗസ്തില്‍ റിലീസ് ചെയ്യാന്‍ ലക്ഷ്യമിടുന്ന കോച്ചടൈയാന്റെ ആദ്യത്തെ പോസ്റ്ററിലാണ് രജനിയുടെ ഈ സൂപ്പര്‍ പ്രകടനം.
രജനിയുടെ ഇളയമകള്‍ സൗന്ദര്യയാണ് സംവിധായക. പെര്‍ഫോമന്‍സ് കാപ്ചറിങ് ടെക്‌നോളജി ഉപയോഗപ്പെടുത്തുന്ന ഇന്ത്യയിലെ ആദ്യത്തെ ഹൈടെക് 3ഡി സിനിമ കൂടിയാവും ഇത്. ജെയിംസ് കാമറൂണിന്റെ 'അവതാര്‍', സ്റ്റീവന്‍ സ്പില്‍ബര്‍ഗിന്റെ 'ദി അഡ്വഞ്ചേഴ്‌സ് ഓഫ് ടിന്‍ ടിന്‍' എന്നിവ ഇതേ സാങ്കേതിക വിദ്യയില്‍ നിര്‍മിച്ചതാണ്. നടന്റെ ചലനങ്ങള്‍ റെക്കോഡ് ചെയ്യുകയും അവ ഡിജിറ്റല്‍ മോഡിലേക്ക് മാറ്റുകയുമാണ് ഇതില്‍ ചെയ്യുന്നത്. എന്നാല്‍, രജനിയുടെ തനത്ഭാവങ്ങള്‍ കാണാനെത്തുന്നവരെ നിരാശപ്പെടുത്തുകയില്ലെന്നും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ഉറപ്പുനല്‍കുന്നുണ്ട്. ശിവഭക്തനായ രാജാവിന്റെ റോളാണ് രജനിക്ക്.
ദീപിക പദുക്കോണാണ് രജനിയുടെ നായിക. ആര്‍. ശരത്കുമാര്‍, സ്‌നേഹ, ആദി, ശോഭന, നാസര്‍ എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കള്‍. ബോളിവുഡ് താരം ജാക്കി ഷ്‌റോഫും സവിശേഷറോളില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. രജനിയോടൊപ്പം അഭിനയിക്കാനുള്ള ഒരവസരം കിട്ടിയാല്‍ ആരും ഒരു ചോദ്യവും ചോദിക്കാന്‍ പാടില്ലെന്നാണ് ഇതേപ്പറ്റി ജാക്കി ഷ്‌റോഫ് പ്രതികരിച്ചത്. ''അപ്പോള്‍ തന്നെ ഞാന്‍ ചെന്നൈയിലേക്ക് പറന്നു'' -അദ്ദേഹം പറയുന്നു.
മുരളി മനോഹര്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ കെ.എസ്. രവികുമാറിന്റെയാണ് കഥയും തിരക്കഥയും. രാജീവ് മേനോന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. എ.ആര്‍. റഹ്മാനാണ് സംഗീതം. എട്ടാം നൂറ്റാണ്ടില്‍ ഭരിച്ചിരുന്ന പാണ്ഡ്യരാജാവായിരുന്നു കോച്ചടൈയാന്‍ രണധീരന്‍. ചരിത്ര പരാമര്‍ശങ്ങളോടുകൂടിയ സ്വതന്ത്രകഥയാണ് ചിത്രത്തിന്റേത്. ഇറോസ് ഇന്റര്‍നാഷണലും മീഡിയാ വണ്‍ എന്റര്‍ടെയ്ന്‍മെന്റും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.