വിദ്യാബാലനോ, സില്‍ക്ക് സ്മിതയായോ?
- Last Updated on 09 March 2012
- Hits: 3
''വിദ്യാബാലനോ, സില്‍ക്ക് സ്മിതയായോ, ഏയ് ശരിയാവില്ല'' എന്ന് നെറ്റിചുളിച്ചവരൊക്കെ 'ഡേര്‍ട്ടി പിക്ചര്‍' എന്ന ഹിന്ദിസിനിമ തിയേറ്ററിലെത്തിയപ്പോള്‍ ഒന്നമ്പരന്നതാണ്. സിനിമയുണ്ടാക്കുന്ന പ്രതിച്ഛായകളുടെ തടവില്‍നിന്ന് മോചനംനേടാന്‍ ശ്രമിക്കുന്ന നടിമാര്‍ നേരിടുന്ന കുത്തുവാക്കുകള്‍ മുഴുവന്‍ വിദ്യയ്ക്കു കേള്‍ക്കേണ്ടിവന്നിട്ടുണ്ട്.
കുലീനജനുസ്സില്‍പ്പെടുന്ന അഭിജാതനായികയായി എത്രകാലംവേണമെങ്കിലും തുടരാന്‍ വിദ്യയ്ക്ക് ഒരു പ്രയാസവുമില്ലായിരുന്നു. എന്നാല്‍, സാഹസികമായൊരു തീരുമാനത്തിലൂടെ സ്വയം പുതുക്കിപ്പണിയാന്‍ തീരുമാനിക്കുകയാണ് വിദ്യാബാലന്‍ എന്ന നടി ചെയ്തത്.
തെന്നിന്ത്യയില്‍ മാത്രമല്ല, ഹിന്ദിയിലും അലകളിളക്കിയിരുന്നു സില്‍ക് സ്മിതയുടെ സിനിമാജീവിതം. കോടമ്പാക്കത്തെ സിനിമാസംസ്‌കാരത്തിന്റെ ഇരുളിടങ്ങളിലാണ് സ്മിതയ്ക്ക് സിനിമ സ്ഥാനം കല്പിച്ചത്. അവരുടെ ശരീരപ്രദര്‍ശനത്തിലൂടെ കോടികള്‍ നേടിയവരും കൂടെ അഭിനയിച്ച താരരാജാക്കന്മാരും മറ്റും എപ്രകാരമാണ് പിന്നീട് പെരുമാറിയതെന്ന് എല്ലാവരും കണ്ടതാണ്.
സിനിമയുടെ നിര്‍ദയനിയമങ്ങളുടെ നിഷ്ഠുരനീതിക്ക് കീഴടങ്ങി ജീവിതം അവസാനിപ്പിച്ച സ്മിതയുടെ ജീവിതം ചലച്ചിത്രമാക്കുന്നുവെന്നും അതില്‍ വിദ്യയാണ് നായികയെന്നും കേട്ടപ്പോള്‍ മുതല്‍ പുരികംചുളിക്കല്‍ തുടങ്ങിയിരുന്നു. 'പരിണീത' മുതല്‍ വിദ്യാബാലന്റെതായി സൃഷ്ടിക്കപ്പെട്ട പ്രതിച്ഛായതന്നെയായിരുന്നു പ്രശ്‌നം. എന്നാല്‍ എതിരഭിപ്രായങ്ങളെയെല്ലാം മറികടന്നുകൊണ്ട്, സ്മിതയുടെ സിനിമാജീവിതം വെള്ളിത്തിരയില്‍ വീണ്ടും അവതരിപ്പിക്കാന്‍ വിദ്യ തയ്യാറായി.
കഥാപാത്രസ്വീകരണത്തിലും പ്രതിച്ഛായ തകര്‍ക്കുന്നതിലും വിദ്യ കാണിച്ചതിനു സമാനമായ ധൈര്യം നേരത്തെകണ്ടത് പ്രിയാമണിയിലാണ്. ഇരുവരും ബന്ധുക്കള്‍. പാലക്കാട്ടു പിറന്ന മലയാളികള്‍. പ്രിയാമണിക്ക് മലയാളത്തില്‍ ചില സിനിമകളിലെങ്കിലും മുഖം കാണിക്കാനായി. മലയാളത്തില്‍ അഭിനയിക്കാന്‍ ആഗ്രഹമുണ്ടായിട്ടും നടക്കാതായതില്‍പിന്നെയാണ് വിദ്യ ബോളിവുഡില്‍ സ്വന്തം ഇടം കണ്ടെത്തിയതെന്ന് ഇപ്പോള്‍ വെറുതെ ഓര്‍ക്കാവുന്നതാണ്.
'പരുത്തിവീരനി'ലെ മുത്തഴകിന്റെ ജീവിതം അനശ്വരമാക്കിക്കൊണ്ട് ആറുവര്‍ഷംമുമ്പ് ദേശീയപുരസ്‌കാരം നേടിയ പ്രിയാമണി അതുവരെയുള്ള ചില ശീലങ്ങള്‍ തകര്‍ത്തുകളഞ്ഞു.രാജ്യത്തെ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടതിനെത്തുടര്‍ന്നും മുഖ്യധാരാ വാണിജ്യസിനിമകളുടെ ഭാഗമാകാനും ഗ്ലാമര്‍വേഷങ്ങള്‍ ചെയ്യാനും അവര്‍ തീരുമാനിച്ചപ്പോള്‍, അതുവരെയുള്ള 'അവാര്‍ഡ് വിശുദ്ധി'യുടെ പരിവേഷം കൂടിയാണ് അവസാനിച്ചുപോയത്.
സ്മിതയുടെ ജീവിതത്തോട് 'ഡേര്‍ട്ടി പിക്ചര്‍' എന്ന ചലച്ചിത്രം എത്രത്തോളം നീതിപുലര്‍ത്തിയെന്നകാര്യത്തില്‍ അഭിപ്രായവ്യത്യാസമുള്ളവരുണ്ട്. അവരും പക്ഷേ, വിദ്യാബാലന്റെ അഭിനയമികവിനെ ലോഭമില്ലാതെ വാഴ്ത്തിയിട്ടുണ്ട്. പ്രകൃതത്തിലും പെരുമാറ്റത്തിലും അപ്പാടെ മാറിയൊരു നടിയുടെ സാന്നിധ്യമാണ് സിനിമയിലുടനീളം വിദ്യ അനുഭവിപ്പിച്ചത്.
അഭിനയത്തിനുള്ള അവാര്‍ഡിന് ഒരു കമ്മിറ്റിയും പരിഗണിക്കാന്‍ സാധ്യതയില്ലാത്തപേരാണ് സില്‍ക് സ്മിതയുടേത്. ആ ജീവിതത്തെയും സിനിമകളെയും വെള്ളിത്തിരയില്‍ പുനരാവിഷ്‌കരിച്ചുകൊണ്ടാണ് ബോളിവുഡിനെപ്പോലെ അഭിജാതമെന്നു സ്വയം വിശ്വസിക്കുന്നൊരു വ്യവസായത്തിലെ മുന്‍നിരതാരം മികച്ചനടിയായി തിരഞ്ഞെടുക്കപ്പെടുന്നത്. ചരിത്രത്തിന്റെ വിപരീതപരിണാമം എന്നല്ലാതെ ഇതിനെയെങ്ങനെ വിശേഷിപ്പിക്കാന്‍?