സിവില്‍ സര്‍വീസ് വേണം, ജാഗ്രത
- Last Updated on 11 May 2012
- Hits: 1
പരീക്ഷ കഴിഞ്ഞപ്പോള്‍ രാജുവിന് വലിയ ആശ്വാസം. സിവില്‍സര്‍വീസ് കടമ്പ ഇക്കുറി കടക്കുമെന്നുറപ്പ്. 90 ശതമാനം ഉത്തരങ്ങളും ശരിയാക്കിയതാണ്. ഓര്‍ത്തുവെച്ച ഉത്തരങ്ങളുടെ മാര്‍ക്ക് കൂട്ടിനോക്കിയപ്പോള്‍ പരിശീലകരും ഉറപ്പിച്ചു, രാജു ഇക്കുറി സിവില്‍ സര്‍വീസ് സ്വന്തമാക്കും. കാത്തുകാത്തിരുന്ന് ഫലം വന്നപ്പോഴോ രാജുവിന്റെ സ്ഥാനം അസാധുവിന്റെ കൂട്ടത്തില്‍. 90 ശതമാനം
ഉത്തരങ്ങളും ശരിയാക്കിയ രാജു ബുക്ക്‌ലെറ്റ് സീരീസ് ബബിള്‍ ചെയ്യുന്നത് തെറ്റിച്ചതാണ് കാരണം. ലാസ്റ്റ്‌ഗ്രേഡ് പരീക്ഷ മുതല്‍ സിവില്‍സര്‍വീസ് പരീക്ഷവരെ എല്ലാ പരീക്ഷകളിലും കാണാം ഇത്തരം രാജുമാരെ.സിവില്‍സര്‍വീസ് പ്രിലിമിനറി പരീക്ഷയ്ക്ക് കുത്തിയിരുന്ന് പഠിക്കുന്ന തിരക്കിലാവും ഇപ്പോള്‍ പലരും. പാഠങ്ങള്‍ പഠിക്കുന്നതിനിടെ പരീക്ഷാ ഹാളില്‍ ഒ.എം.ആര്‍. ഷീറ്റ് പൂരിപ്പിക്കേണ്ടവിധം പരിശീലിച്ചില്ലെങ്കില്‍ രാജുമാരുടെ കൂട്ടത്തില്‍ നിങ്ങളും പെട്ടേക്കാം. ഫിബ്രവരിയില്‍ പ്രസിദ്ധീകരിച്ച വിജ്ഞാപനത്തോടൊപ്പം ഒ.എം.ആര്‍. ഷീറ്റ് പൂരിപ്പിക്കേണ്ടവിധം നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇതിലും ചില പ്രധാനവ്യത്യാസങ്ങള്‍ ഇപ്പോള്‍ യു.പി.എസ്.സി. വരുത്തിയിട്ടുണ്ട്. ഇതൊന്നും ശ്രദ്ധിക്കാതെ ഞാനെത്ര പരീക്ഷ കണ്ടതാണെന്ന ഭാവത്തില്‍ സിവില്‍സര്‍വീസ് പരീക്ഷയ്ക്ക് പോയാല്‍ കുഴിയില്‍ ചാടുമെന്നുറപ്പ്.
പുറപ്പെടുംമുമ്പ്...
ഒന്നുമെടുക്കാതെ കൈയും വീശി പരീക്ഷയ്ക്ക് പോയാല്‍ പോയതിനേക്കാള്‍ വേഗത്തില്‍ മടങ്ങേണ്ടി വരും. അഡ്മിറ്റ്കാര്‍ഡ് മാത്രമെടുത്ത് പോകുന്നവര്‍ക്കും ഇതേ ഗതിതന്നെയാവും. അവസാന നിമിഷത്തില്‍ ഓടിപ്പിടിച്ച് പരീക്ഷയ്‌ക്കെത്തുന്നവര്‍ പലരും പലതും മറന്നുവെച്ചാവും ഹാളിലെത്തുന്നത്. ഫലമോ പഠിച്ചതുപോലും എഴുതാന്‍ കഴിയാതെ തോല്‍വി ചോദിച്ചുവാങ്ങലാവും. പരീക്ഷഹാളിലേക്ക് കൊണ്ടുപോകേണ്ടവ നേരത്തെതന്നെ തയ്യാറാക്കിവെക്കണമെന്നത് ആദ്യ പാഠമായിരിക്കണം.
മെയ് 20-ന് പ്രിലിമിനറി പരീക്ഷയ്ക്ക് ഹാജരാവുന്ന പരീക്ഷാര്‍ഥികള്‍ ഇനിപ്പറയുന്നവ നിര്‍ബന്ധമായും കരുതണം.
1. അഡ്മിഷന്‍ കാര്‍ഡ്. പരീക്ഷ എഴുതാന്‍ യോഗ്യരായവര്‍ക്കെല്ലാം ഇ- അഡ്മിറ്റ്കാര്‍ഡ് www.upsc.gov.in എന്ന വെബ്‌സൈറ്റില്‍ നിന്ന് ഇപ്പോള്‍ ഡൗണ്‍ലോഡ് ചെയ്യാം. അഡ്മിറ്റ് കാര്‍ഡിലെ ഫോട്ടോ വ്യക്തമല്ലാത്തവര്‍ പരീക്ഷയ്ക്ക് ഹാജരാവുമ്പോള്‍ 2 പാസ്‌പോര്‍ട്ട് സൈസ് കളര്‍ ഫോട്ടോ കൂടി കരുതണം.
2. വോട്ടര്‍ ഐ.ഡി.കാര്‍ഡ്/ പാസ്‌പോര്‍ട്ട്/ ഡ്രൈവിങ് ലൈസന്‍സ് എന്നിവയിലേതെങ്കിലും തിരിച്ചറിയല്‍ രേഖ.
3. ഒ.എം.ആര്‍.ഷീറ്റ് വെച്ചെഴുതാന്‍ പാകത്തിലുള്ള ഒരു ഹാര്‍ഡ്‌ബോര്‍ഡ്, അല്ലെങ്കില്‍ ക്ലിപ്പ്‌ബോര്‍ഡ്. വെച്ചെഴുതുന്ന പ്രതലം നിരപ്പുള്ളതല്ലെങ്കില്‍ ഒ.എം.ആര്‍. ഷീറ്റ് പൂരിപ്പിക്കുന്നതിനിടെ കീറാനുള്ള സാധ്യത കൂടുതലാണ്.
4. കറുപ്പ്മഷി ബോള്‍പോയിന്റ് പേന. ബോള്‍പോയിന്റ് പേനതന്നെ ഉപയോഗിക്കണമെന്നത് ഇപ്പോള്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. ജെല്‍/ മഷിപ്പേനകള്‍ ഉപയോഗിച്ചാല്‍ ഒ.എം.ആര്‍.ഷീറ്റില്‍ മഷി പരക്കാനുള്ള സാധ്യതയുള്ളതിനാലാണ് ബോള്‍പേന നിര്‍ബന്ധമാക്കിയിരിക്കുന്നത്. കമ്പ്യൂട്ടര്‍ വാലുവേഷന് നീല മഷിയെക്കാള്‍ കറുപ്പിന് കൂടുതല്‍ വ്യക്തതയുണ്ടാവുമെന്നതിനാലാണ് കറുപ്പ് ബോള്‍പോയിന്റ് പേന നിര്‍ബന്ധമാക്കുന്നത്. (നേരത്തേ നല്കിയിരുന്ന അറിയിപ്പില്‍ നീല/ കറുപ്പ് മഷിപ്പേന എന്നുമാത്രമായിരുന്നു നിര്‍ദേശിച്ചിരുന്നത്. ഇപ്പോള്‍ ഇതില്‍ മാറ്റം വരുത്തിയിട്ടുണ്ട്.)
ഒ.എം.ആര്‍. ഷീറ്റിനൊപ്പം റഫ്‌വര്‍ക്കിനുള്ള പേപ്പറും ഇന്‍വിജിലേറ്ററില്‍ നിന്ന് ലഭിക്കുമെന്നതിനാല്‍ പേപ്പറുകളോ കാല്‍ക്കുലേറ്ററോ മൊബൈല്‍ പോലുള്ള മറ്റ് ഉപകരണങ്ങളോ പരീക്ഷാഹാളില്‍ അനുവദിക്കില്ല.
ഒ.എം.ആര്‍.ഷീറ്റ്
ഒ.എം.ആര്‍. ഷീറ്റ് ലഭിച്ചാലുടനെ അതിന്റെ താഴേഭാഗത്ത് നമ്പര്‍ ഉണ്ടോയെന്ന് പരിശോധിച്ചുറപ്പാക്കണം. ചോദ്യപ്പേപ്പര്‍ ബുക്ക്‌ലെറ്റ് ലഭിച്ചാലും സീരീസ്‌നമ്പര്‍ ഉണ്ടോയെന്ന് ഉറപ്പാക്കാന്‍ മറക്കരുത്. ബുക്ക്‌ലെറ്റ് സീരീസ്‌നമ്പര്‍ ഒ.എം.ആര്‍. ഷീറ്റില്‍ പൂരിപ്പിക്കേണ്ടതുണ്ട്. ചോദ്യപ്പേപ്പറിലോ ഉത്തരപ്പേപ്പറിലോ സീരിയല്‍ നമ്പര്‍ ഇല്ലെങ്കില്‍ അത് തിരിച്ചുനല്‍കി നമ്പറുള്ളവ വാങ്ങണം. ഒ.എം.ആര്‍ ഷീറ്റിലെ കോളങ്ങള്‍ പൂരിപ്പിക്കേണ്ടതും ബബിള്‍ കറുപ്പിക്കേണ്ടതും കറുപ്പുമഷിയുള്ള ബോള്‍പോയിന്റ് പേന കൊണ്ടാണ്. ബബിള്‍ കറുപ്പിക്കേണ്ടത് എച്ച്.ബി. പെന്‍സിലുകൊണ്ടാണെന്ന് നേരത്തെ വിജ്ഞാപനത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇതിലും മാറ്റം വരുത്തിയിട്ടുണ്ട്. ഇതുപ്രകാരം കറുപ്പുമഷി ബോള്‍ പോയിന്റു പേന മാത്രമേ ഉപയോഗിക്കാവൂ. പെന്‍സിലിനുപകരം ബോള്‍പോയിന്റ് പേനയായതോടെ ബബിളുകള്‍ മായിച്ചെഴുതാനുള്ള അവസരവും ഇല്ലാതാവും. ബബിള്‍ കറുപ്പിക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നര്‍ഥം.
ഒ.എം.ആര്‍. ഷീറ്റിന്റെ മുകള്‍ഭാഗത്തായി നല്‍കിയിരിക്കുന്ന കോളങ്ങളില്‍ പരീക്ഷാ കേന്ദ്രം, വിഷയം, കോഡ്, റോള്‍നമ്പര്‍ എന്നിവ കറുപ്പുമഷി ബോള്‍പോയിന്റ് പേനകൊണ്ട് പൂരിപ്പിക്കണം. പരീക്ഷയില്‍ മുഴുവന്‍ ഉത്തരങ്ങളും ശരിയാക്കിയാലും ഇവയില്‍ ഏതെങ്കിലും ഒന്ന് തെറ്റിയാല്‍ ഉത്തരപ്പേപ്പര്‍ അസാധുവാകും. അമിത ആത്മവിശ്വാസത്തോടെ ഈ കോളങ്ങള്‍ പൂരിപ്പിക്കരുത്. ഹാള്‍ടിക്കറ്റ് നോക്കി ഒരോ കോളങ്ങളിലും പൂരിപ്പിക്കേണ്ട കോഡും നമ്പറും ഉറപ്പു വരുത്തി പൂരിപ്പിക്കാന്‍ ശ്രദ്ധിക്കുക.
ബുക്ക്‌ലെറ്റ് സീരീസ്, സബ്‌ജെക്ട്‌കോഡ്, റോള്‍നമ്പര്‍ എന്നിവയ്ക്ക് താഴെ നല്കിയിരിക്കുന്ന ബബിളുകള്‍ കറുപ്പുമഷി ബോള്‍പോയിന്റ് പേനയുപയോഗിച്ച് കറുപ്പിക്കുകയും വേണം. ബബിളുകള്‍ കറുപ്പിക്കുമ്പോള്‍ രണ്ട് കാര്യങ്ങളാണ് പ്രധാനമായി ശ്രദ്ധിക്കേണ്ടത്. കോളത്തില്‍ രേഖപ്പെടുത്തിയ അതേ നമ്പര്‍/ അക്ഷരമാണ് കറുപ്പിക്കുന്നതെന്ന് ഉറപ്പാക്കണം. ബബിള്‍ പൂര്‍ണമായി കറുപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണം. ഭാഗികമായി കറുപ്പിക്കുന്നത് കമ്പ്യൂട്ടര്‍ വാലുവേഷനില്‍ അസാധുവാകും. പൂരിപ്പിച്ചശേഷം റോള്‍നമ്പറിലോ മറ്റ് വിവരങ്ങളിലോ എന്തെങ്കിലും മാറ്റങ്ങള്‍ വരുത്തുകയാണെങ്കില്‍ ഇക്കാര്യം ഇന്‍വിജിലേറ്ററുടെ ശ്രദ്ധയില്‍പ്പെടുത്തി അനുമതിവാങ്ങണം. പരീക്ഷാര്‍ഥിയുടെ പേര് റഫ്ഷീറ്റിലുള്‍പ്പെടെ ഒരിടത്തും രേഖപ്പെടുത്തരുതെന്ന് കര്‍ശനനിര്‍ദേശമുണ്ട്. ഒ.എം.ആര്‍. ഷീറ്റ് മടക്കുന്നതും ചുളിവുകള്‍ വീഴുന്ന വിധത്തില്‍ കൈകാര്യം ചെയ്യുന്നതും ഒഴിവാക്കണം.
ഉത്തരങ്ങള്‍
ഓരോ ചോദ്യത്തിനും എ, ബി, സി, ഡി എന്നിങ്ങനെ നാല് ചോയ്‌സുകളാണ് ഉണ്ടാവുക. ഇതില്‍ ശരിയുത്തരത്തിന്റെ ബബിള്‍ കറുപ്പ് ബോള്‍പോയിന്റ് പേന കൊണ്ട് കറുപ്പിക്കണം. തെറ്റായ ഉത്തരങ്ങള്‍ക്ക് നെഗറ്റീവ് മാര്‍ക്കുണ്ടെന്നതിനാല്‍ ബബിള്‍ കറുപ്പിക്കുമ്പോള്‍ തെറ്റാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
അറ്റന്‍ഡന്‍സ് ലിസ്റ്റ്
പരീക്ഷയ്ക്ക് ഹാജരായെന്നതിന്റെ തെളിവാണ് അറ്റന്‍ഡന്‍സ് ലിസ്റ്റ്. ഇന്‍വിജിലേറ്റര്‍ നല്കുന്ന ഈ ലിസ്റ്റില്‍ പേരിനു നേരെ ഒപ്പിടണമെന്നത് നിര്‍ബന്ധമാണ്. ഇതില്‍ ഉത്തരപ്പേപ്പറിന്റെയും ചോദ്യബുക്ക്‌ലെറ്റിന്റെയും നമ്പറുകള്‍ എഴുതുകയും കറുപ്പിക്കുകയും ചെയ്യണം. ടെസ്റ്റ് ബുക്‌ലെറ്റിനൊപ്പം പരീക്ഷ എഴുതുന്നതിനുള്ള നിര്‍ദേശങ്ങളുണ്ടാവും. ഇവ വ്യക്തമായി വായിച്ചു മനസ്സിലാക്കണം. നേരത്തെ ഹാള്‍ടിക്കറ്റിനൊപ്പവും വിജ്ഞാപനത്തിനൊപ്പവും ലഭിച്ച നിര്‍ദേശങ്ങള്‍ വായിച്ചവര്‍ക്ക് ബുക്ക്‌ലെറ്റിലെ നിര്‍ദേശങ്ങള്‍ മനസ്സിലാക്കാന്‍ കൂടുതല്‍ സമയം വേണ്ടിവരില്ല. പരീക്ഷാ സമയം നഷ്ടപ്പെടുന്നത് ഇതിലൂടെ ഒഴിവാക്കാം. ഒ.എം.ആര്‍. ഷീറ്റ് പൂരിപ്പിക്കുന്നതില്‍ എന്തെങ്കിലും സംശയങ്ങളുണ്ടായാല്‍ ഇന്‍വിജിലേറ്ററോട് ചോദിക്കാന്‍ മടിക്കരുത്. സിവില്‍ സര്‍വീസ് പരീക്ഷയെഴുതാന്‍ നിശ്ചിത അവസരമേ ലഭിക്കൂ എന്നതിനാല്‍ ഒരോ പരീക്ഷയും വിലപ്പെട്ടതാണ്. അസാധുപട്ടികയില്‍ ഇടം നേടി അവസരം നഷ്ടപ്പെടുത്താതിരിക്കുക.
സിസാറ്റ്-2012 മെയ് 20ന്
യൂണിയന്‍ പബഌക് സര്‍വീസ് കമ്മീഷന്റെ സിവില്‍ സര്‍വീസസ് പ്രിലിമിനറി പരീക്ഷ-2012(സിസാറ്റ്) രാജ്യത്തെ വിവിധ കേന്ദ്രങ്ങളിലായി മെയ് 20ന് നടക്കും. കൊച്ചിയും തിരുവനന്തപുരവുമാണ് കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങള്‍. ഇതിനുള്ള ഇ-അഡ്മിറ്റ് കാര്‍ഡ് യു.പി.എസ്.സിയുടെ വെബ്‌സൈറ്റില്‍ നിന്ന് ഇപ്പോള്‍ ഡൗണ്‍ലോഡ് ചെയ്യാം. വെബ്‌സൈറ്റിലുണ്ടാകാവുന്ന തിരക്ക് കണക്കിലെടുത്ത് അവസാനനിമിഷത്തേക്ക് മാറ്റിവെക്കാതെ നേരത്തെ തന്നെ അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യണമെന്ന് യു.പി.എസ്.സി നിര്‍ദേശിക്കുന്നു. റോള്‍ നമ്പര്‍, അനുവദിച്ച പരീക്ഷാകേന്ദ്രം തുടങ്ങിയവ ഉദ്യോഗാര്‍ഥികളെ ഇമെയില്‍ വഴി അറിയിച്ചിട്ടുണ്ട്.