05July2012

You are here: Home Business റിസര്‍വ് ബാങ്ക് നിരക്കുകള്‍ കുറച്ചില്ല

റിസര്‍വ് ബാങ്ക് നിരക്കുകള്‍ കുറച്ചില്ല

മുംബൈ: രാജ്യം കടുത്ത സാമ്പത്തിക തളര്‍ച്ച നേരിടുന്നതിനിടയിലും റിസര്‍വ് ബാങ്ക് മുഖ്യ വായ്പാ നിരക്കുകള്‍ കുറച്ചില്ല. തിങ്കളാഴ്ച നടന്ന പണ-വായ്പാ നയ അവലോകനത്തിലാണ് ആര്‍ബിഐ നിരക്കുകള്‍ മാറ്റമില്ലാതെ നിലനിര്‍ത്തിയത്. ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് വായ്പ നല്‍കുമ്പോള്‍ ഈടാക്കുന്ന പലിശയായ റിപോ നിരക്കും ബാങ്കുകളുടെ

അധിക ഫണ്ട് റിസര്‍വ് ബാങ്കില്‍ നിക്ഷേപിക്കുമ്പോള്‍ നല്‍കുന്ന പലിശയായ റിവേഴ്‌സ് റിപോ നിരക്കും കാല്‍ ശതമാനം വീതം കുറയ്ക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍, റിപോ എട്ട് ശതമാനമായി തന്നെ നിലനിര്‍ത്തുകയായിരുന്നു. 

കരുതല്‍ ധനാനുപാതത്തിലും (സിആര്‍ആര്‍) മാറ്റമില്ല. ഇത് 4.75 ശതമാനമായി തുടരും.

രാജ്യത്തെ വ്യവസായ വളര്‍ച്ച കേവലം 0.01 ശതമാനം മാത്രമാണ്. വ്യാവസായിക വളര്‍ച്ച തിരിച്ചുപിടിക്കാനായി പലിശ നിരക്കുകള്‍ കുറയ്ക്കുമെന്നായിരുന്നു വിലയിരുത്തിയിരുന്നത്. എന്നാല്‍, പണപ്പെരുപ്പം 7.55 ശതമാനമായി ഉയര്‍ന്നതാണ് നിരക്കുകള്‍ കുറയ്ക്കുന്നതില്‍ നിന്ന് ആര്‍ബിഐയെ പിന്നോട്ടുവലിച്ചത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ നിരക്കുകള്‍ കുറച്ചാല്‍ പണപ്പെരുപ്പം വീണ്ടും രൂക്ഷമാകുമെന്ന് ആര്‍ബിഐ വിലയിരുത്തി. 

നിരക്കുകള്‍ കുറയ്ക്കാത്തതിനെത്തുടര്‍ന്ന് ഓഹരി വിപണി താഴേക്ക് പോയി. നിരക്കുകള്‍ കുറയ്ക്കുമെന്ന പ്രതീക്ഷയില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി മുന്നേറുകയായിരുന്ന സെന്‍സെക്‌സ് ഇന്ന് രാവിലെ 17,000 ഭേദിച്ചിരുന്നു. എന്നാല്‍, ആര്‍ബിഐയുടെ പ്രഖ്യാപനം വന്നതോടെ വിപണി തകരുകയായിരുന്നു. 

Newsletter