യൂറോ മേഖലാ പ്രശ്‌നങ്ങള്‍ ഇന്ത്യയെ മോശമായി ബാധിക്കുമെന്ന് പ്രധാനമന്ത്രി
- Last Updated on 17 June 2012
- Hits: 2
ന്യൂഡല്‍ഹി: യൂറോ മേഖലയില്‍ തുടര്‍ന്നുകൊണ്ടിരിക്കുന്ന പ്രതിസന്ധികള്‍ ആഗോളവിപണികളെ കൂടുതല്‍ തകര്‍ച്ചയിലേക്ക് തള്ളിവിട്ടേക്കുമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയേയും ഇത് വളരെ ദോഷകരമായി ബാധിക്കുമെന്ന് പ്രധാനമന്ത്രി മുന്നറിയിപ്പ് നല്‍കി. ജി-20 രാഷ്ട്ര ഉച്ചകോടിയില്‍
പങ്കെടുക്കാനായി മെക്‌സിക്കോയിലേക്ക് പുറപ്പെടുംമുമ്പ് വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജൂണ്‍ 18ന് മെക്‌സിക്കോയിലെ ലോസ്‌കാബോസില്‍ നടക്കുന്ന 20 വികസിത - വികസ്വര രാഷ്ട്രങ്ങളുടെ സമ്മേളനത്തില്‍ പങ്കെടുത്തശേഷം ബ്രസീസിലെ റയോ ഡി ജനീറോയില്‍ നടക്കുന്ന റയോപ്ലസ് 20 ഉച്ചകോടിയിലും പ്രധാനമന്ത്രി പങ്കെടുക്കും.
ആഗോളരംഗത്ത് വളര്‍ച്ച തിരിച്ചുകൊണ്ടുവരേണ്ടത് അടിയന്തര പ്രാധാന്യമുള്ള വിഷയമാണ്. ലോക നേതാക്കള്‍ഈ പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കണമെന്നും മന്‍മോഹന്‍സിങ് നിര്‍ദേശിച്ചു. യൂറോപ്പിലെ പ്രശ്‌നം അതീവ ഗുരുതരമാണ്. രാജ്യാന്തര സമ്പദ്ഘടനയില്‍ വളരെ നിര്‍ണായകസ്ഥാനമാണ് യൂറോപ്പിനുള്ളത്. ഇന്ത്യയുടെ ഒരു പ്രധാന വ്യാപാര-നിക്ഷേപക പങ്കാളിയുമാണ് യൂറോപ്പെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അവിടത്തെ പ്രശ്‌നങ്ങള്‍ അവസാനിക്കാത്തത് ലോക വിപണികളെയെല്ലാം കൂടുതല്‍ കഷ്ടത്തിലേക്ക് തള്ളിവിടുകയാണ്.
വളര്‍ച്ച ഉറപ്പ് നല്‍കുന്ന നയങ്ങള്‍ രൂപവത്കരിക്കാനും നടപ്പിലാക്കാനുമായി ജി-20 രാജ്യങ്ങള്‍ ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ജി-20 വര്‍ക്കിങ്ഗ്രൂപ്പിന്റെ സഹ അധ്യക്ഷന്‍ എന്ന നിലയില്‍ ഇന്ത്യ ഇതിനായി പ്രയത്‌നിച്ചുവരികയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഇതിനിടെ യൂറോ മേഖലയില്‍ ഗ്രീസ് സാമ്പത്തികരംഗം തികച്ചും ഒറ്റപ്പെടുകയാണ്. പല ബഹുരാഷ്ട്രഭീമന്‍ കമ്പനികളും ഗ്രീസിലെ പ്രവര്‍ത്തനവും പങ്കാളിത്തവും അവസാനിപ്പിക്കാനുള്ള നടപടികളിലാണ്. ഫ്രാന്‍സ് ആസ്ഥാനമായുള്ള വമ്പന്‍ സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖല കെയര്‍ഫോര്‍ ഗ്രീസിലെ തങ്ങളുടെ സ്ഥാപനങ്ങള്‍ നഷ്ടത്തില്‍ അവിടത്തെ ഫ്രാഞ്ചൈസിക്ക് വില്‍ക്കുകയാണെന്ന് അറിയിച്ചു. ഫ്രഞ്ച് ബാങ്കായ ക്രെഡിറ്റ് അഗ്രികോളെ ഗ്രീസിലെ പ്രവര്‍ത്തനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം കൊണ്ടുവന്നു. അവിടത്തെ കൊക്കകോളയുടെ പ്രവര്‍ത്തനങ്ങളുടെ റേറ്റിങ് മൂഡിസ് കുറച്ചു. പല ഇന്‍ഷൂറന്‍സ് കമ്പനികളും ഗ്രീസുമായുള്ള ഇടപാടുകള്‍ ഇന്‍ഷൂര്‍ ചെയ്യില്ലെന്ന് അറിയിച്ചിരിക്കുകയാണ്. പ്രതിസന്ധികളുടെ ചുഴിയില്‍പ്പെട്ടിരിക്കുന്ന ഗ്രീസില്‍ ഇന്ന് നാലിലൊന്നു പേരും തൊഴിലില്ലാത്തവരുമാണ്.