29June2012

You are here: Home Business ബാങ്ക് ശാഖകളില്‍ ഇനി 'സെല്‍ഫ് സര്‍വീസ്'

ബാങ്ക് ശാഖകളില്‍ ഇനി 'സെല്‍ഫ് സര്‍വീസ്'

കൊച്ചി: അക്കൗണ്ട് ബുക്ക് പ്രിന്‍റ് ചെയ്യാനും ചെക്ക് ഡെപ്പോസിറ്റ് ചെയ്യാനുമൊന്നും ഇനി ബാങ്ക് ശാഖയില്‍ ചെന്ന് ക്യൂ നില്‍ക്കേണ്ട. സെല്‍ഫ് സര്‍വീസ് സൗകര്യമൊരുക്കുന്ന ബാങ്ക് ശാഖകള്‍ ഇനി കേരളത്തിലും. രാജ്യത്തെ പ്രമുഖ പൊതുമേഖലാ ബാങ്കായ യൂണിയന്‍ ബാങ്കാണ് ഈ സൗകര്യം അവതരിപ്പിച്ചിരിക്കുന്നത്. യൂണിയന്‍ ബാങ്കിന്റെ

എറണാകുളത്തെ തേവര, പാലാരിവട്ടം ശാഖകളാണ് 'യൂണിയന്‍ എക്‌സ്പീരിയന്‍സ്' ശാഖകളാക്കി മാറ്റിയിരിക്കുന്നത്.  

ഇടപാടുകാര്‍ക്ക് അക്കൗണ്ട് ബുക്ക് പ്രിന്‍റ് ചെയ്യാനും ചെക്ക് ഡെപ്പോസിറ്റ് ചെയ്യാനുമൊക്കെയുള്ള മെഷീനുകള്‍ ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. ഫോണ്‍ ബാങ്കിങ് ടെര്‍മിനലുകള്‍, ക്യൂ മാനേജ്‌മെന്‍റ് സംവിധാനം എന്നിവയും ഒരുക്കിയിട്ടുണ്ട്.  

ശാഖകളിലെ തിരക്ക് കുറയ്ക്കാന്‍ കഴിയുമെന്നതിനൊപ്പം ഇടപാടുകാര്‍ക്ക് സമയലാഭവുമുണ്ടാക്കുന്നതാണ് യൂണിയന്‍ എക്‌സ്പീരിയന്‍സ് എന്ന് ബാങ്ക് അധികൃതര്‍ അഭിപ്രായപ്പെട്ടു.  

കേരളത്തിന് പുറമെ, ഡല്‍ഹി, മുംബൈ എന്നിവിടങ്ങളിലായി 20 ശാഖകളിലാണ് ആദ്യ ഘട്ടത്തില്‍ ഈ സേവനം അവതരിപ്പിച്ചത്. ശാസ്ത്രീയമായ പഠനത്തിലൂടെയാണ് 'യൂണിയന്‍ എക്‌സ്പീരിയന്‍സ്' വികസിപ്പിച്ചിരിക്കുന്നത്. മെക്കന്‍സി ആന്‍ഡ് കമ്പനിയാണ് ഇതിന്റെ കണ്‍സള്‍ട്ടന്‍സി നിര്‍വഹിച്ചിരിക്കുന്നത്. 

തേവര, പാലാരിവട്ടം ശാഖകളിലെ'യൂണിയന്‍ എക്‌സ്പീരിയന്‍സ്' യൂണിയന്‍ ബാങ്ക് ജനറല്‍ മാനേജര്‍ (കേരള, തമിഴ്‌നാട്) എസ്. കെ. ഭാര്‍ഗവ ഉദ്ഘാടനം ചെയ്തു. എറണാകുളം റീജ്യണ്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ മായാങ്ക് മേത്തയും സന്നിഹിതനായിരുന്നു.

Newsletter