ഭാരത് ബെന്‍സുമായി ഡെയിംലര്‍
- Last Updated on 17 June 2012
- Hits: 10
ചരക്ക് ഗതാഗത രംഗം നിരീക്ഷിച്ചാല്‍ ഒരു സമ്പദ് വ്യവസ്ഥയുടെ ചലനാത്മകതയെ വിലയിരുത്താനാകും. തലങ്ങും വിലങ്ങുമായി അതിദ്രുതം പായുന്ന ചരക്കു വണ്ടികള്‍ അന്നാട്ടിലെ സാമ്പത്തിക സ്ഥിതിയുടെ നേര്‍ക്കാഴ്ചയായി വിലയിരുത്തപ്പെടും.
ആഗോളമാന്ദ്യത്തിന്റെ നടുക്കം വിട്ടൊഴിയാതെ അമേരിക്കയും യൂറോ സോണും
പകച്ചു നില്‍ക്കുമ്പോള്‍ ഇങ്ങ് ഇന്ത്യയില്‍ ഈ മേഖല ഒട്ടൊരാലസ്യത്തിനു ശേഷം പച്ചപിടിക്കുകയാണ്.
പറഞ്ഞു വരുന്നത് ഇന്ത്യന്‍ ട്രക്ക് വിപണിയേക്കുറിച്ചാണ്. പറയാന്‍ കാരണമുണ്ട്. ലോകത്തെ വമ്പന്‍ ട്രക്ക് നിര്‍മ്മാതാക്കളെല്ലാം ഇന്ത്യയിലേക്ക് വരികയാണ്. ഒന്നും കാണാതെയല്ല ഇവര്‍ വരുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ കുടുങ്ങിക്കിടക്കുന്ന അമേരിക്കയിലും യൂറോപ്യന്‍ രാജ്യങ്ങളിലും തത്കാലം രക്ഷയില്ല എന്ന തിരിച്ചറിവിലാണ് ഇവര്‍ ഇങ്ങോട്ട് നോക്കുന്നത്.
എങ്ങനെ വരാതിരിക്കും. ലോകം പകച്ചു നിന്ന 2009-10ല്‍ 38 ശതമാനം വളര്‍ച്ചയുണ്ടായി ഇന്ത്യന്‍ ട്രക്ക ് വിപണിക്ക്. അടുത്ത വര്‍ഷം 7-8 ശതമാനം വളര്‍ച്ച കൈവരിക്കുമത്രെ ഈ മേഖല. ആഗോള ഭീമന്‍മാരുടെ നോട്ടവും ഇതു തന്നെ.
ടാറ്റയും ലെയ്‌ലാന്റും കൊടികുത്തി വാണിരുന്ന ഇന്ത്യന്‍ ട്രക്ക് വിപണിയിലേക്ക് ഇതിനകം തന്നെ ഒട്ടേറെ വിദേശ കമ്പനികള്‍ നേരിട്ടും അല്ലാതെയും എത്തിയിട്ടുണ്ട്. ജര്‍മനിയുടെ മാന്‍, സ്വീഡിഷ് വോള്‍വോ, ടൊയോട്ടയുടെ ഹിനോ, റഷ്യയുടെ കമാസ്, സ്വീഡന്റെ തന്നെ സ്‌കാനിയ, നവിസ്റ്റാര്‍ എന്നിവയെല്ലാം ഇവിടെ ഭാഗ്യം പരീക്ഷിക്കാന്‍ എത്തിയവരാണ്. ആരുടേയും കച്ചവടം മോശവുമായിരുന്നില്ല.എല്ലാവരും ഇറക്കുമതിയേയോ അസംബ്ലിയോ ആശ്രയിക്കുമ്പോള്‍ സ്വന്തം നിര്‍മ്മാണശാല തുടങ്ങിയാണ് നവിസ്റ്റാര്‍ എത്തിയത്. ഇന്നിപ്പോള്‍ നവിസ്റ്റാറിനെ കടത്തിവെട്ടി ഡെയിംലര്‍ (daimler) ബെന്‍സുമായി എത്തിയിരിക്കുന്നു. ചെന്നൈയില്‍ നിന്നും 55 കിലോമീറ്റര്‍ അകലെ SIDCOT ന്റെ വ്യവസായ പാര്‍ക്കില്‍ 392 ഏക്കര്‍ സ്ഥലത്താണ് പ്ലാന്റ്.
ലോകത്തെ ഏറ്റവും വലിയ ട്രക്ക് നിര്‍മ്മാതാക്കളായ ഡെയിംലര്‍ ഇവിടെയെത്തുന്നത് ഇന്ത്യയ്ക്കു വേണ്ടി ഡിസൈന്‍ ചെയ്ത ' ഭാരത് ബെന്‍സു'മായിട്ടാണ്. ആറു മുതല്‍ 49 വരെ ടണ്‍ ശേഷിയുള്ള വാഹനങ്ങള്‍ മേഴ്‌സിഡസ് ബെന്‍സ് ട്രക്കുകളുടെ പ്ലാറ്റ്‌ഫോമിലായിരിക്കും പുറത്തിറങ്ങുക. ആഗസ്തില്‍ ആദ്യവാഹനം ഇവിടെയിറങ്ങും. 36000 യൂണിറ്റ് ഉത്പാദന ശേഷിയുള്ള പ്ലാന്റിന് 71000 ആക്കി ഇത് വര്‍ദ്ധിപ്പിക്കാനാകും. 125 വര്‍ഷം മുമ്പ് ഓട്ടോമൊബൈല്‍ രംഗത്തെത്തിയ ഡെയിംലര്‍ ലോകത്തെ ആദ്യ ട്രക്ക് നിര്‍മ്മിച്ച് 115 വര്‍ഷം കഴിഞ്ഞ് ഇവിടെയെത്തുമ്പോള്‍ ഇന്ത്യന്‍ നിരത്തുകള്‍ക്ക് ഏറെ പ്രതീക്ഷിക്കാം. 2013 വരെ മാസം ഒന്ന് എന്ന നിലയില്‍ ഇന്ത്യയ്ക്കുവേണ്ടി പുതിയ വേരിയെന്റുകള്‍ ഇവിടെ പുറത്തിറക്കുമെന്ന് കമ്പനി പറയുന്നു.
ഇനി ഇന്ത്യന്‍ ട്രക്ക് വിപണിയേക്കുറിച്ച്. ശേഷി കൊണ്ട്, മധ്യനിരയിലും ഉയര്‍ന്ന ശ്രേണിയിലും നില്‍ക്കുന്ന ട്രക്കുകളുടെ രണ്ടാമത്തെ വലിയ വിപണിയാണ് ഇന്ത്യ. 2020 ല്‍ ഈ വ്യവസായം ഇരട്ടി വളര്‍ച്ച കൈവരിക്കുമെന്ന് അനുമാനിക്കപ്പെടുന്നു. ഏഷ്യയിലെ മൂന്നാമത്തെ വലിയ സമ്പത്‌വ്യവസ്ഥയില്‍ കാര്യമായ പ്രശ്‌നങ്ങള്‍ നേരിടാതെ നില്‍ക്കുന്ന നിര്‍മാണ മേഖലയും അടിസ്ഥാന വ്യവസായ മേഖലയും വിദേശ ട്രക്ക് കമ്പനികള്‍ക്ക് ഇങ്ങോട്ടുള്ള കുതിപ്പിന് ആവേശമാകുന്നു. കഴിഞ്ഞ ആറു വര്‍ഷം കൊണ്ട് വാണിജ്യ വാഹനങ്ങളുടെ വില്‍പന ഇരട്ടിയായി ഇവിടെ വര്‍ദ്ധിച്ചു.
ഇന്ത്യന്‍ ട്രക്ക് വിപണിയില്‍ 65 ശതമാനവും കൈയ്യടക്കി വച്ചിരിക്കുന്നത്, സംശയിക്കേണ്ട, ടാറ്റ തന്നെ. ഹിന്ദുജ ഗ്രൂപ്പിന്റെ ലെയ്‌ലാന്റിന് 21 ശതമാനമാണ് വിപണി വിഹിതം. ഐഷര്‍ മോട്ടോഴ്‌സ് 10 ശതമാനവുമായി മൂന്നാമത് നില്‍ക്കുമ്പോള്‍ നിലവിലെ വിദേശ കമ്പനികളായ മാന്‍, വോള്‍വോ, ഹിനോ, കമാസ്, നവിസ്റ്റാര്‍ - മഹീന്ദ്ര ഇവയ്‌ക്കെല്ലാം കൂടി 3-4 ശതമാനം മാര്‍ക്കറ്റ് ഷെയര്‍ ഉണ്ട്. ഈ പശ്ചാത്തലത്തിലാണ് ഡെയിംലറുടെ വരവ്. ഇത് ഇന്ത്യന്‍ കുത്തകകള്‍ക്ക് ഭീഷണിയാകുമെന്നുറപ്പ്. ചൈനീസ് കമ്പനികളായ FOTON ഉം SAIC ഉം ഇന്ത്യന്‍ ട്രക്ക് വിപണിയെ നോട്ടമിടുന്നുണ്ട്. ടഅകഇ ജനറല്‍ മോട്ടോഴ്‌സുമായി ഇതിനകം തന്നെ സഖ്യമുണ്ടാക്കിക്കഴിഞ്ഞു.