അമേരിക്കയില്‍ സുസുക്കി കാറുകള്‍ക്ക് പലിശരഹിത വായ്‌പ
- Last Updated on 15 June 2012
- Hits: 2
കാറുകള്‍ക്ക് പലിശയില്ലാവായ്പ നല്‍കിക്കൊണ്ട് അമേരിക്കയില്‍ ചുവടുറപ്പിക്കാന്‍ ശ്രമിക്കുകയാണ് സുസുക്കി മോട്ടോര്‍ കോര്‍പ്പറേഷന്‍. അമേരിക്കയില്‍ ഈ വര്‍ഷം അവതരിപ്പിക്കുന്ന എല്ലാ കാറുകള്‍ക്കും ഈ സൗകര്യം ലഭിക്കും. കാറിന്റെ വില ആറുവര്‍ഷം കൊണ്ട് അടച്ചുതീര്‍ത്താല്‍ മതി. പലിശ ഈടാക്കുകയില്ലെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്്.
ഓരോ മാസത്തെയും വില്‍പന ലക്ഷ്യം കൈവരിക്കുന്ന ഡീലര്‍മാര്‍ക്ക് കാറൊന്നിന് ആയിരം ഡോളര്‍ സമ്മാനവും കമ്പനി പ്രഖ്യാപിച്ചുകഴിഞ്ഞു. മധ്യനിര സെഡാന്‍ വിഭാഗത്തില്‍ പെടുന്ന 'കിസാഷി' കാറുകളുടെ വില്‍പന വര്‍ധിപ്പിക്കാനായി പ്രാദേശികഅടിസ്ഥാനത്തില്‍ പരസ്യക്യാമ്പയിനുകളും സുസുക്കി ആരംഭിച്ചിട്ടുണ്ട്്. അധികം വാഹനക്കമ്പനികളൊന്നും പയറ്റാത്ത തന്ത്രമാണ് പലിശയില്ലാ വായ്പ പ്രഖ്യാപനം. ഇതിനുമുമ്പ് ഫോക്‌സ്‌വാഗണ്‍ മാത്രമേ അങ്ങനെ ചെയ്തിട്ടുള്ളു. അതും കമ്പനിയുടെ മൂന്നേ മൂന്ന് മോഡലുകള്‍ക്ക് മാത്രം. മുഴുവന്‍ കാറുകള്‍ക്കും പൂജ്യം ശതമാനത്തില്‍ വായ്പ പ്രഖ്യാപിക്കുന്ന അമേരിക്കയിലെ ആദ്യ കാര്‍ക്കമ്പനിയായി സുസുക്കി മാറുകയാണ്. രണ്ടുവര്‍ഷം മുമ്പും തിരഞ്ഞെടുത്ത മോഡലുകള്‍ക്ക് സുസുക്കി പലിശയില്ലാവായ്പ അനുവദിച്ചിരുന്നു.
സാമ്പത്തികമാന്ദ്യത്തില്‍ നിന്ന് പതിയെ മോചിതമായിക്കൊണ്ടിരിക്കുന്ന അമേരിക്കന്‍ വാഹനവിപണി കഴിഞ്ഞ വര്‍ഷം പത്തുശതമാനം വളര്‍ച്ചാനിരക്ക് കൈവരിച്ചിട്ടുണ്ട്. എന്നാല്‍ അതേ കാലയളവില്‍ സുസുക്കിയുടെ വില്‍പന ആറുശതമാനം കണ്ടു കുറയുകയാണുണ്ടായത്. ഈ വര്‍ഷം ഏപ്രിലില്‍ 1,77്വ സുസുക്കി വാഹനങ്ങളാണ് അമേരിക്കന്‍ നിരത്തുകളിലിറങ്ങിയത്. കഴിഞ്ഞവര്‍ഷത്തേക്കാള്‍ പതിനേഴു ശതമാനം കുറവാണിത്. കാര്യങ്ങള്‍ പന്തിയല്ലെന്ന് തിരിച്ചറിഞ്ഞതോടെ പുത്തന്‍ വിപണനതന്ത്രം സ്വീകരിക്കാന്‍ സുസുക്കി നിര്‍ബന്ധിതരാകുകയായിരുന്നു. കമ്പനിക്ക് കാര്യമായ സ്വാധീനമില്ലാത്ത വടക്കന്‍ അമേരിക്കയിലെ പരസ്യ, മാര്‍ക്കറ്റിങ് ചെലവുകള്‍ വെട്ടിക്കുറച്ചുകൊണ്ട് സമാഹരിച്ച തുക കൊണ്ടാണ് സുസുക്കി പുതിയ പരിപാടികള്‍ക്ക് പണം കണ്ടെത്തിയത്.
985 മുതല്‍ സുസുക്കിയുടെ വാഹനങ്ങള്‍ അമേരിക്കയില്‍ വില്‍പന തുടങ്ങിയിരുന്നു. ആദ്യവര്‍ഷം സമുറായ് എന്ന എസ്.യു.വി.യായിരുന്നു കമ്പനി അമേരിക്കയില്‍ അവതരിപ്പിച്ചത്. സമുറായ് തുടക്കത്തില്‍ നന്നായി വിറ്റുപോയെങ്കിലും സുരക്ഷാസംവിധാനങ്ങളിലെ ചില വീഴ്ചകള്‍ കാരണം അതിന്റെ വിപണനം നിയമക്കുരുക്കില്‍ പെട്ടു. തുടര്‍ന്ന് 89ല്‍ സ്വിഫ്റ്റ്, സൈഡ്കിക്ക് എന്നീ കാറുകള്‍ സുസുക്കി അമേരിക്കയില്‍ ഇറക്കിയെങ്കിലും രണ്ടും ക്ലച്ച് പിടിച്ചില്ല. 2006ലാണ് സുസുക്കി കാറുകള്‍ അമേരിക്കയില്‍ നന്നായി സ്വീകരിക്കപ്പെട്ടത്. അക്കൊല്ലം ഒരുലക്ഷം കാറുകള്‍ വിറ്റുപോയി. റീഡിസൈന്‍ ചെയ്തിറക്കിയ ഗ്രാന്‍ഡ് വിറ്റാര, എസ്.എക്‌സ് 4, എക്‌സ്.എല്‍ 7 എന്നീ മോഡലുകള്‍ വന്‍തോതില്‍ സ്വീകരിക്കപ്പെട്ടതോടെയാണീ നേട്ടം കൈവരിക്കാനായത്. പിന്നീടങ്ങോട്ട് തിരിച്ചടികളുടെ വര്‍ഷങ്ങളായിരുന്നു അമേരിക്കന്‍ സുസുക്കിയെ കാത്തിരുന്നത്. 2008ല്‍ വില്‍പന പതിനേഴ് ശതമാനം കുറഞ്ഞു. 2009ല്‍ ഇടിവ് 48.5 ശതമാനമായി. ആദ്യകാലത്ത് നന്നായി വിറ്റുപോയിരുന്ന സുസുക്കിയുടെ ബൈക്കുകളെയും അമേരിക്കക്കാര്‍ ഈ കാലയളവില്‍ കൈയൊഴിഞ്ഞു. അതിന്റെ ഫലമായി 2010ല്‍ ഒരൊറ്റ സുസുക്കി ബൈക്ക് പോലും അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യാന്‍ കമ്പനിക്കായില്ല. അതിനുമുമ്പത്തെ വര്‍ഷം ഇറക്കിയ ബൈക്കുകള്‍ തന്നെ വില്‍ക്കാതെ കെട്ടിക്കിടക്കുകയാണെന്ന് ഷോറൂം ഉടമകള്‍ അറിയിച്ചതോടെയായിരുന്നു ഇത്.
തിരിച്ചടികളുടെ കാലമെല്ലാം ദു:സ്വപ്‌നം പോലെ മറന്ന് അമേരിക്കന്‍ വിപണിയില്‍ സ്വാധീനശേഷി വര്‍ധിപ്പിക്കുകയെന്ന പരിശ്രമത്തിലാണ് സുസുക്കി ഇപ്പോള്‍. അതിനവരെ സഹായിക്കുമോ പലിശയില്ലാ വായ്പാപരിപാടിയെന്ന് കാത്തിരുന്ന് കാണാം.