പൊളാരിസിന്റെ ഓഫ്‌റോഡ് വാഹനങ്ങള്‍ കേരളത്തിലും
- Last Updated on 26 May 2012
- Hits: 3
കൊച്ചി: ഓഫ് റോഡ് വാഹന നിര്‍മാണ രംഗത്തെ ആഗോള പ്രമുഖരായ അമേരിക്ക ആസ്ഥാനമായുള്ള പൊളാരിസിന്റെ വിവിധ ശ്രേണിയില്‍പ്പെട്ട വാഹനങ്ങള്‍ കേരള വിപണിയിലുമെത്തുന്നു. എല്ലാ ഭൂപ്രകൃതിയിലും ഓടിക്കാന്‍ കഴിയുന്ന എടിവി, റേഞ്ചര്‍, റേഞ്ചര്‍ ആര്‍ഇസഡ്ആര്‍ തുടങ്ങിയ മോഡലുകളാണ് പൊളാരിസ് വെള്ളിയാഴ്ച കൊച്ചിയില്‍ പുറത്തിറക്കിയത്.
വനത്തിനുള്ളിലും എസ്റ്റേറ്റുകളിലും റോഡ് സൗകര്യമില്ലാത്ത വിദൂര പ്രദേശങ്ങളിലും ബീച്ചിലും മറ്റും ഓടിക്കാന്‍ അനുയോജ്യമാണ് പൊളാരിസിന്റെ ഈ ഓഫ് റോഡ് വാഹനങ്ങള്‍. വാഹനത്തിന് രജിസ്‌ത്രേഷനും ഓടിക്കുന്നതിന് ലൈസന്‍സും വേണമെന്നില്ല. ഭാരം കുറഞ്ഞ വസ്തുക്കള്‍ കൊണ്ട് നിര്‍മിച്ചിട്ടുള്ളതിനാല്‍ നല്ല മൈലേജും ലഭിക്കും. 2.86 ലക്ഷം രൂപ മുതലാണ് വില.
എടിവി വിഭാഗത്തില്‍തന്നെ മൂന്നുതരം വാഹനങ്ങള്‍ ഉണ്ട്. 50 മുതല്‍ 90 സിസി വരെയുള്ള യൂത്ത് ഒറ്റ സീറ്റുള്ളതാണ്. 200 മുതല്‍ 500 സിസിവരെയുള്ള എന്‍ട്രി മോഡലിനും ഒറ്റ സീറ്റാണ്. ഒന്ന്, രണ്ട് സീറ്റുകളില്‍ ലഭ്യമായിട്ടുള്ള പ്രൊഫഷണലിന്റെ എന്‍ജിന്‍ കപ്പാസിറ്റി 400 മുതല്‍ 800 സിസി വരെയാണ്.
കൊച്ചിയിലെ ഇവിഎം മോട്ടോഴ്‌സ് ആന്‍ഡ് വെഹിക്കിള്‍സ് ആണ് വിതരണക്കാര്‍. പൊളാരിസ് ഇന്ത്യ മാനേജിങ് ഡയറക്ടര്‍ പങ്കജ് ദുബേയും ഇവിഎം മോട്ടോഴ്‌സ് മാനേജിങ് ഡയറക്ടര്‍ സാബു ജോണിയും ചേര്‍ന്നാണ് പൊളാരിസ് വാഹനങ്ങള്‍ പുറത്തിറക്കിയത്. മെയ് 26 നും 27 നും ലേക്‌ഷോര്‍ ആസ്പത്രിക്കു സമീപമുള്ള സിന്തൈറ്റ് ഗ്രൗണ്ടില്‍ ഈ വാഹനങ്ങള്‍ ഓടിച്ചുനോക്കുന്നതിനുള്ള സൗകര്യമുണ്ട്.