13May2012

Breaking News
സെക്രട്ടറിയുടേത് മാത്രമല്ല പാര്‍ട്ടി നിലപാട്: വി.എസ്‌
ഇന്ത്യയില്‍ 9.55 ലക്ഷം നഴ്‌സുമാര്‍ കുറവ്
പൈലറ്റുമാരുടെ സമരം 16 വിമാനങ്ങള്‍ റദ്ദാക്കി
രാഷ്ട്രീയ കൊലപാതകങ്ങള്‍ സി.ബി.ഐ അന്വേഷിക്കണം: വേണുഗോപാല്‍
ജവാന്മാരും ഓഫീസര്‍മാരും തമ്മില്‍ കൂട്ടത്തല്ല്
You are here: Home Automotive പോര്‍ഷെ നയന്‍ ഇലവണ്‍

പോര്‍ഷെ നയന്‍ ഇലവണ്‍

പോര്‍ഷേ നയന്‍ ഇലവണ്‍ എന്ന പേരു മാത്രം മതി ആ ആഢ്യചരിത്രം ഓര്‍ത്തെടുക്കാന്‍. കാര്‍ രൂപകല്പനയിലെ ഇതിഹാസമായ ഫെര്‍ഡിനാന്റ് പോര്‍ഷെയുടെ ജീവിതത്തിനൊപ്പം സഞ്ചരിച്ച പോര്‍ഷെ 911 കാര്‍ റെയ്‌സിങ് രംഗത്തെ മുന്‍നിരപ്പോരാളിയായി ഇന്നും നിറഞ്ഞു നില്‍ക്കുന്നു. മറ്റു റെയ്‌സിങ് കാറുകളില്‍ നിന്നും പോര്‍ഷെ 911 നെ വ്യത്യസ്തമാക്കുന്നത് എന്താണ്? 1964 ല്‍

പുറത്തിറങ്ങിയ ക്ലാസിക് മോഡല്‍ മുതല്‍ 2011 ല്‍ പുറത്തിറങ്ങിയ കരേര ഹൈബ്രിഡ് വരെ ഒന്നു കണ്ണോടിച്ചു നോക്കിയാലറിയാം അത്. കാലം മാറ്റം വരുത്തിയത് പുറം മോടിയില്‍ മാത്രമാണ്. ക്ലാസിക് അന്നത്തെ സൂപ്പര്‍ ഹിറ്റാണെങ്കില്‍ പുതിയ കരേര ഇന്നത്തെ ലക്ഷ്വറി സ്‌പോര്‍ട്‌സ് കാറുകളില്‍ മുമ്പനാണ്. 

രണ്ട് വാതിലുകളുള്ള പിന്നില്‍ എന്‍ജിന്‍ ഘടിപ്പിച്ച ലക്ഷ്വറി സ്‌പോര്‍ട്‌സ് കാറാണ് പോര്‍ഷെ 911 എന്ന് ഒറ്റ വാചകത്തില്‍ പറയാം. കഴിഞ്ഞ 48 വര്‍ഷത്തെ ചരിത്രത്തിനിടയില്‍ കമ്പനിക്കകത്തും പുറത്തമുള്ള പലരും പലവട്ടം നയന്‍ ഇലവണിനെ പുതുക്കി പണിതു. അന്നും ഇന്നും അന്തര്‍ദേശീയ തലത്തില്‍ റെയ്‌സിങിനും റാലികള്‍ക്കും അവിഭാജ്യ ഘടകമായി ഇത് മാറി. 1970 കളില്‍ ടര്‍ഗ ഫ്ലോറിയോ, ഡെയ്‌ടോണ, സെബ്രിങ് തുടങ്ങിയ അന്നത്തെ 911 കരേര തിളങ്ങിയെങ്കില്‍ 1999 ല്‍ ആരാധകര്‍ ഇതിനെ നൂറ്റാണ്ടിലെ കാറുകളില്‍ അഞ്ചാമനായി തിരഞ്ഞെടുത്തു. 

മുന്നില്‍ നിലത്തേക്ക് ഊര്‍ന്നിറങ്ങിയ പോലുള്ള ബമ്പറും രണ്ടു സൈഡിലും പൊങ്ങിനില്‍ക്കുന്ന ലൈറ്റുകളും അനുബന്ധ പാനലുകളും ഒഴുക്കന്‍ മട്ടിലുള്ള താഴേക്ക് ഒഴുകിയിറങ്ങിയ പിന്‍ഭാഗവുമുള്ള പോര്‍ഷെ 911 ക്ലാസിക്ക് 1963ലാണ് പുറത്തിറങ്ങിയത്. 1989 വരെ ഇരുപത്തിയാറു വര്‍ഷം ക്ലാസിക് ശരിക്കും ക്ലാസിക്കായി തുടര്‍ന്നു. 1973 വരെ ആദ്യത്തെ രുപകല്പനയില്‍ കാര്യമായ മാറ്റങ്ങളൊന്നും സംഭവിച്ചില്ല. 1973 ല്‍ കരേര ആര്‍ എസ് ആറിന് മുന്നിലും പിന്നിലും ഓരോ സ്‌പോയ്‌ലര്‍ വന്നതോടെ 911 നിലത്തുനിന്ന് ഒന്ന് ഉയര്‍ന്നു നിന്നപോലെ തോന്നിച്ചു. പുറം മോടിയില്‍ വലിയ മാറ്റങ്ങളില്ലാതെ 1988 വരെ ഇതേ നിലയില്‍ തുടര്‍ന്നുപോന്നു രൂപകല്പന. 

1993 നു ശേഷമാണ് ഡിസൈനിങില്‍ കാര്യമായ മാറ്റം വന്നത്. എന്നുവച്ച് കാര്‍ ആകെ മാറിപ്പോയെന്നു കരുതരുത്. ഈ കാലത്തുപുറത്തുവന്ന മോഡലുകള്‍ക്ക് ബമ്പറിന് ഇരുവശവും ഹെഡ് ലൈറ്റുവരെ രണ്ടു ഭാഗവും ഉയര്‍ന്നും ബമ്പര്‍ താഴ്ന്ന് നിലത്തേക്ക് ഒഴുകി ഇറങ്ങിയുമായിരുന്നു രൂപമെങ്കില്‍ 93 നു ശേഷം വന്ന മോഡലുകളില്‍ രണ്ടു ഭാഗത്തെ ഉടര്‍ന്നു നില്‍ക്കുന്ന ഭാഗത്തെ ബമ്പറില്‍ നിന്ന്് അധികം ഉയരമില്ലാതെ താഴ്ത്തിയെടുത്തു. അങ്ങനെ ഹെഡ്‌ലൈറ്റും കുറച്ച് താഴേക്ക് ഇറങ്ങിവന്നു. 1997നും 2005നും ഇടയിലുള്ള കാലത്ത് ഡിക്കിയുടേയും ബമ്പറിന്റേയും വലിപ്പത്തില്‍ നേരിയ വ്യത്യാസം വന്നന്നതും ലോകത്താകമാനം കാറുകളില്‍ വന്ന ഡിസൈന്‍ മാറ്റത്തിനനുസരിച്ച് ഫിനിഷിങില്‍ മാറ്റം വരുത്തുകയും ചെയ്തു. ഇതോടെ അകത്തെ സ്‌പേയ്‌സ് അല്‍പം കൂടിയെന്നു പറയാം. 2004 നും 2011 ഇടയില്‍ പോഷെ ഫിനിഷിങില്‍ മാറ്റം വരുത്തി പുതിയ കാലത്തെ ലോകോത്തര കാറുകള്‍ക്കൊപ്പമെത്തിച്ചു. ഫിനിഷിങില്‍ മാത്രമല്ല സാങ്കേതിക വിദ്യയിലും. 

കമ്പനിയുടെ ആദ്യത്തെ വാഹനമായ പോര്‍ഷെ 356 നെ പിന്‍വലിക്കുന്നതിന്റെ ഭാഗമായാണ് 1964ല്‍ പോഷെ 911 പുറത്തിറക്കിയത്. (ഇര്‍വിന്‍ കൊമേന്‍ഡയെന്ന ഡിസൈനര്‍ പോഷെക്കുവേണ്ടി 1948 ല്‍ തയ്യാറാക്കിയ ഈ കാര്‍ 1965 ല്‍ ഉദ്പാദനം നിര്‍ത്തിയെങ്കിലും അമേരിക്കയില്‍ ഇപ്പോഴും ഇതിന് വന്‍ ഡിമാന്റാണ്). 356 ന്റെ രൂപത്തില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിയാണ് ഫെര്‍ഡിനാന്‍ഡ് അലക്‌സാണ്ടര്‍ പോഷെയും കൊമേന്‍ഡയും ചേര്‍ന്ന് 911 നിര്‍മ്മിച്ചത്. 1938 ല്‍ പുറത്തിറങ്ങിയ ഫോക്‌സ് വാഗണ്‍ ബീറ്റിലിന്റെ രൂപത്തെ അനുകരിച്ചാണ് ഇത് രൂപകല്പന ചെയ്തതെന്ന് അന്ന് പലരും പരദൂഷണം പറഞ്ഞു.

1965 ലെ മോണ്ടേ കാര്‍ലോ റാലിയില്‍ അഞ്ചാമതെത്തിയ 160 ബി എച്ച് പി കരുത്തുള്ള ചുവന്ന പോര്‍ഷെ 911 കമ്പനി മ്യൂസിയത്തില്‍ ഇപ്പോഴും കാഴ്ചക്കു വെച്ചിട്ടുണ്ട്. 1967ല്‍ റെയ്‌സിങില്‍ കൂടുതല്‍ വേഗത കൈവരിക്കുക എന്ന ലക്ഷ്യത്തോടെ ബോഡിയില്‍ ഭാരം കുറഞ്ഞ വസ്തുക്കളുള്‍പ്പെടുത്തി പരിഷ്‌കരിക്കാന്‍ കമ്പനി തീരുമാനിച്ചു. ലൈറ്റ് വെയ്റ്റ് സ്റ്റീല്‍ ബോഡിയുള്ള 911 പുറത്തിറങ്ങുന്നത് അങ്ങനെയാണ്. 210/230 ബി എച്ച് പി കരുത്തുള്ള എന്‍ജിന്‍ 911 ആര്‍ നെ അന്നത്തെ ചാമ്പ്യനാക്കി. 

1973ലാണ് വീതി കൂടുതലുള്ള 911 കരേര ആര്‍.എസ്.ആര്‍ പുറത്തിറങ്ങുന്നത്. ഡിക്കിയില്‍ സ്‌പോയ്‌ലര്‍ ഘടിപ്പിച്ച് ഭാരംകുറച്ച് എത്തിയ കരേര ആര്‍എസ്ആറിനും വന്‍ വരവേല്‍പ്പായിരുന്നു. 1950 കളില്‍ മെക്‌സിക്കോയില്‍ നടന്ന കരേര പാന്‍ അമേരിക്കയെന്ന ലോകോത്തര കാറോട്ടത്തിലെ നേട്ടത്തിനു ശേഷമാണ് പോഷെ കരേരയെന്ന പേരില്‍ കാറിറക്കിത്തുടങ്ങിയത്. പോഷെ 356 ന് നേരത്തേ കരേര മോഡലുണ്ടായിരുന്നെങ്കിലും 1973 മുതലാണ് കരേര വീണ്ടും സജീവമായത്. മുന്‍ മോഡലുകളേക്കാള്‍ കരുത്തുള്ള എന്‍ജിനായിരുന്നു 911 കരേര ആര്‍.എസ്.ആറിന്. 308 ബിഎച്ച്പി കരുത്തുള്ള 2.8 ലിറ്റര്‍ എന്‍ജിനായിരുന്നു ആദ്യം ഉപയോഗിച്ചത്. പിന്നീട് പരിഷ്‌കരിച്ച ശക്തികൂടിയ എന്‍ജിനുകള്‍ ഉപയോഗിക്കാന്‍ തുടങ്ങി.

1974ല്‍ പുറത്തിറക്കിയ 911 ടര്‍ബോ ആര്‍.എസ്.ആറിലാണ് ടര്‍ബോചെയ്ഞ്ചിങ് ടെക്‌നോളജിയുള്ള എന്‍ജിന്‍ ആദ്യമായി ഉപയോഗിച്ചത്. 2.14 ലിറ്റര്‍ 500 ബി.എച്ച്.പി എന്‍ജിനായിരുന്നു ഇത്. ഫൈബര്‍ ഗ്ലാസുകളുപയോഗിച്ച് വീണ്ടും ഭാരം കുറച്ചിറക്കിയ ഈമോഡലിന്റെ തിമിംഗലത്തിന്റെ വാല്‍ (വെയ്ല്‍ ടെയ്ല്‍) എന്നറിയപ്പെടുന്ന വലിയ സ്‌പോയ്‌ലറാണ് എടുത്തുപറയാവുന്ന പ്രത്യേകത. 

1977 ലാണ് നയണ്‍ ഇലവണിന്റെ മുന്‍ഭാഗവും പിന്‍ഭാഗവും നീട്ടി കൂര്‍പ്പിച്ചതുപോലുള്ള 935/77 ടര്‍ബോ റെയ്‌സ് കാര്‍ പുറത്തിറക്കിയത്. ഇരട്ട ടര്‍ബോ എന്‍ജിനുകളുപയോഗിച്ച് ഇവ കൂടുതല്‍ സ്മാര്‍ട്ടാക്കി മാറ്റി പിന്നീട്. മുന്നില്‍ നീണ്ട സ്‌പെയ്‌സ് ഫ്രെയിം (ക്രാഷ്ഗാഡ്) ഘടിപ്പിച്ച് 935/78 മോഡല്‍ 1978ലാണ് രംഗത്തെത്തിയത്. മുന്‍ചക്രങ്ങള്‍ക്കും പിന്‍ചക്രങ്ങള്‍ക്കും പ്രത്യേകം ടോര്‍ക്ക് അഡ്ജസ്റ്റ് ചെയ്യാവുന്നതലത്തില്‍ ഓള്‍വീല്‍ഡ്രൈവ് വെഹിക്കിളായ 959 റാലി കാര്‍ 1986ല്‍ പുറത്തുവന്നു. 

പുതിയ കാലത്തെ കരേര മോഡലുകളുടെ തുടക്കം 1990 ല്‍ പുറത്തിറങ്ങിയ 911 കരേര 2കപില്‍ നിന്നായിരുന്നു. കരേര ആര്‍ എസ് ആറില്‍ നിന്ന് ഒറ്റനോട്ടത്തില്‍ വ്യത്യാസമുണ്ടെന്ന് തോന്നില്ല അതിന്. പിന്നീടുവന്ന ജിടി-3 കാറുകളുടെ മുന്‍ഗാമിയെന്നും ഇതിനെ കണക്കാക്കാം. 268-272 ബിഎച് പി കരുത്തുള്ള പ്രത്യേകം തയ്യാറാക്കിയ എന്‍ജിനായിരുന്നു ഇതില്‍ ഉപയോഗിച്ചത്. 1994 പുറത്തിറങ്ങിയ 911 കരേര ആര്‍.എസ്.ആര്‍ 3.8 ചെറിയതോതില്‍ രൂപമാറ്റം വരുത്തിയ ഒന്നായിരുന്നു. മുന്‍ഭാഗം നോക്കിയാല്‍ 935/77 മോഡല്‍ പോലെ നിലത്തും മുട്ടുന്നതുപോലെ മുന്നോട്ടുകൂര്‍ത്തത്. പിന്‍ഭാഗത്ത് ഉയര്‍ന്നു നില്‍ക്കുന്ന സ്‌പോയ്‌ലര്‍. വാതിലുകളും മുന്നിലത്തെ ഡക്‌ലിഡും സ്‌പോയ്‌ലറും അലൂമിനിയത്തിലും ഫൈബറല്‍ ഗ്ലാസിലും നിര്‍മ്മിച്ചത്. 

മക് ലറന്‍ എഫ് 1 കാറിനെ കടത്തിവെട്ടാന്‍ പോഷെ എന്‍ജിനീയര്‍മാര്‍ സ്വന്തം ജിടി 1 ടെക്‌നോളജിയുപയോഗിച്ചുണ്ടാക്കിയതാണ് 1996ല്‍ പുറത്തിറങ്ങിയ 911 ജി.ടി 1/96 മോഡല്‍. പോഷെ 993യുടെ ബോഡിയില്‍ അത്യാവശ്യ ചേരുവകള്‍ ചേര്‍ത്ത് 600 ബി എച്ച്പി കരുത്തുള്ള 3,2 ലിറ്റര്‍ എന്‍ജിന്‍ ഉപയോഗിച്ചു നിര്‍മ്മിച്ചതാണ് ഈ മോഡല്‍. 

2003ല്‍ 911 ജിടി 3 ആര്‍എസ് പുറത്തിറക്കുമ്പോള്‍ മുന്‍ഗാമിയായ ക്ലാസിക് മോഡലിനേക്കാള്‍ പുറം മോടിയില്‍ ഒരുപാട് മാറ്റങ്ങള്‍ വന്നിരുന്നു. 911ജിടി വണ്ണിനു പുറമെ പോഷെ 962യുടെ യൂണിറ്റുകളും പലയിടത്തും ഉപയോഗിച്ചിട്ടുണ്ട്. അടിസ്ഥാന ആകൃതി അതുപോലെ നിലനിര്‍ത്തിയെങ്കിലും ബംപറില്‍ കാര്യമായ മാറ്റം വന്നു. വാതിലും ഡക്‌ലിഡും നോസും കാര്‍ബണ്‍ ഫൈബര്‍ ഉപയോഗിച്ച് നിര്‍മ്മിച്ചതായതിനാല്‍ ഭാരം കുറഞ്ഞു. മുന്നിലേക്ക് ഒഴുകിയിറങ്ങുന്ന ബംപര്‍ കൂടുതല്‍ സുന്ദരമായി, രൂപകസ്പന പലയിടത്തും ഒരു റെയ്‌സ് കാര്‍ എന്നതിലുപരി ലക്ഷ്വറി കാറിനോട് കൂടുതല്‍ അടുത്തുനിന്നു. നയണ്‍ ഇലവണിലെ ഗംഭീര പെര്‍ഫോമന്‍സുള്ള കാറെന്നാണ് ഈ മോഡലിനെ വിശേഷിപ്പിക്കപ്പെട്ടത്. 

നയന്‍ ഇലവണിന്റെ ജിടി 3 ആര്‍ ഹൈബ്രിഡ് പുറത്തിറങ്ങിയത് 2010ലാണ്. നാലുലിറ്റര്‍ 400 ബിഎച്പി പ്ലസ് എന്‍ജിന്റെ കരുത്തുമാത്രമല്ല ഊര്‍ജ്ജം ശേഖരിക്കാന്‍ ഫ്ലൈവീല്‍ കം ജനറേറ്ററും ഈ ഹൈബ്രിഡ് പതിപ്പിന്റെ പ്രത്യേകതയാണ്. വൈദ്യുതി ശേഖരിച്ചുവെക്കാന്‍ പാസഞ്ചര്‍ ഫ്ലോറിലാണ് ബാറ്ററി ഘടിപ്പിച്ചിരിക്കുന്നത്. മുന്‍ ചക്രങ്ങളെ കറക്കുന്നത് ഇങ്ങനെ ശേഖരിച്ചുവച്ച വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക് മോട്ടോറുപയോഗിച്ചാണ്. സ്റ്റിയറിങ് വീലിലെ പെഡലുപയോഗിച്ച് മുന്‍ചക്രങ്ങളെ നിയന്ത്രിക്കാം. കംപ്യൂട്ടറൈസ്ഡ് സംവിധാനങ്ങള്‍ ആവശ്യപ്പെട്ടാല്‍ ലഭിക്കും. 

പോര്‍ഷെയുടെ പേരിനു പിന്നില്‍ കൗതുകകരമായ ഒരു കാര്യമുണ്ട്. പോര്‍ഷെ 901 എന്നായിരുന്നു കമ്പനി ഉദ്ദേശിച്ച പേര്. ആ പേരില്‍ ഇരുപതോളം വണ്ടികള്‍ പുറത്തിറങ്ങുകയും ചെയ്തു. എന്നാല്‍ നടുക്ക് പൂജ്യമുള്ള മൂന്നക്ക നമ്പര്‍ മറ്റൊരു കമ്പനികളും ഉപയോഗിക്കരുതെന്ന വാദവുമായി ഫ്രഞ്ച് കമ്പനിയായ പ്യൂഷോ രംഗത്തുവന്നു. ഇത്തരം പേരുകളുപയോഗിക്കാനുള്ള സവിശേഷ അവകാശം തങ്ങള്‍ക്കാണെന്ന് അവര്‍ വാദിച്ചു. അങ്ങനെയാണ് പോഷെ901 പോര്‍ഷെ 911 ആയി മാറിയത്. 

Newsletter