ഭീകരവിരുദ്ധകേന്ദ്രം: ആഭ്യന്തരമന്ത്രിമാരുടെ യോഗം വിളിക്കുന്നു
- Last Updated on 25 February 2012
ന്യൂഡല്‍ഹി: നിര്‍ദിഷ്ട ഭീകരവിരുദ്ധ കേന്ദ്രത്തിനെ പല സംസ്ഥാനങ്ങളും എതിര്‍ത്ത പശ്ചാത്തലത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംസ്ഥാന ആഭ്യന്തര മന്ത്രിമാരുടെ യോഗം വിളിക്കുന്നു. ഇക്കാര്യം അറിയിച്ച് മുഖ്യമന്ത്രിമാര്‍ക്ക് കേന്ദ്ര ആഭ്യന്തരമന്ത്രി പി. ചിദംബരം
കത്തയച്ചു. ഭീകരവിരുദ്ധ കേന്ദ്രത്തിനെതിരെ ശക്തമായ എതിര്‍പ്പുയര്‍ത്തിയ 10 മുഖ്യമന്ത്രിമാര്‍ക്കാണ് ചിദംബരത്തിന്റെ കത്ത്. തീവ്രവാദം നേരിടുന്നത് കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും തുല്യ ഉത്തരവാദിത്വമാണെന്നും സംസ്ഥാനങ്ങളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നും കത്തില്‍ മന്ത്രി ചിദംബരം പറയുന്നു.
മുഖ്യമന്ത്രിമാര്‍ പ്രകടിപ്പിച്ച ആശങ്ക പരിഹരിക്കണമെന്ന് പ്രധാനമന്ത്രി തന്നോട് നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന പോലീസ് മേധാവികളുടെയും ഭീകരവിരുദ്ധ വിഭാഗങ്ങളുടെ മേധാവികളുടെയും യോഗം വിളിച്ചുചേര്‍ക്കാനും പ്രവര്‍ത്തനവും സാധ്യതകളും സംബന്ധിച്ച് ചര്‍ച്ച നടത്താനും കേന്ദ്ര ആഭ്യന്തര സെക്രട്ടറിയോട് നിര്‍ദേശിച്ചതായും ചിദംബരം അറിയിച്ചു.
ഭീകരവിരുദ്ധകേന്ദ്രം രാജ്യത്തിന്റെ ഫെഡറല്‍ ഘടനയെ തകര്‍ക്കുന്നതും സംസ്ഥാനങ്ങളുടെ അധികാരങ്ങള്‍ കവരുന്നതുമാണെന്ന് ആരോപിച്ച് യു.പി.എ. ഘടകകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാബാനര്‍ജി ഉള്‍പ്പെടെ പത്തോളം കോണ്‍ഗ്രസ്സിതര മുഖ്യമന്ത്രിമാര്‍ രംഗത്തുവന്നിരുന്നു. പശ്ചിമബംഗാള്‍, ഒഡിഷ, ബിഹാര്‍, ഗുജറാത്ത്, തമിഴ്‌നാട്, ഹിമാചല്‍ പ്രദേശ്, ജാര്‍ഖണ്ഡ്, കര്‍ണാടക, മധ്യപ്രദേശ്, ത്രിപുര മുഖ്യമന്ത്രിമാര്‍ക്കാണ് മന്ത്രി ചിദംബരം കത്തയച്ചത്.
ഭീകരവിരുദ്ധകേന്ദ്രം സംബന്ധിച്ച് ആഭ്യന്തരമന്ത്രാലയം തയ്യാറാക്കിയ കുറിപ്പും മുഖ്യമന്ത്രിമാര്‍ക്കയച്ച കത്തിനോടൊപ്പം ചേര്‍ത്തിട്ടുണ്ട്. തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട ഏജന്‍സികള്‍ക്ക് പ്രവര്‍ത്തനപരമായ ചില അധികാരങ്ങള്‍ ആവശ്യമാണ്. ലോകത്തെ എല്ലാ തീവ്രവാദ വിരുദ്ധ ഏജന്‍സികള്‍ക്കും ഇതുണ്ട്. അറസ്റ്റ് ചെയ്യാനും പരിശോധന നടത്താനുമുള്ള അധികാരം ഇതില്‍ ഏറ്റവും പരിമിതമായതാണ്. ഇങ്ങനെ തടങ്കലിലാക്കുന്നവരെ കാലതാമസമില്ലാതെ അടുത്ത പോലീസ് സ്റ്റേഷനില്‍ ഹാജരാക്കണം. നിര്‍ദിഷ്ട ഭീകരവിരുദ്ധ കേന്ദ്രനിയമത്തിലെ വ്യവസ്ഥകള്‍ വിശദീകരിക്കുന്ന കുറിപ്പില്‍ പറയുന്നു.