ഇറ്റലിയുടെ വിദേശമന്ത്രി ഇന്നെത്തുന്നു
- Last Updated on 28 February 2012
ന്യൂഡല്‍ഹി: ഇറ്റലിയുടെ വിദേശമന്ത്രി ജിയൂലിയോ മരിയ തെര്‍സി സാന്റ് അഗാത്ത ചൊവ്വാഴ്ച ഔദ്യോഗികസന്ദര്‍ശനത്തിന് ഡല്‍ഹിയിലെത്തും. സന്ദര്‍ശനം നേരത്തേ നിശ്ചയിച്ചതാണെങ്കിലും ഇറ്റലിയുടെ നാവികര്‍ കൊലക്കുറ്റക്കേസില്‍ അറസ്റ്റിലായ പശ്ചാത്തലത്തില്‍ പ്രത്യേക പ്രാധാന്യമുണ്ട്.
ഡല്‍ഹിയില്‍ വിദേശകാര്യമന്ത്രി എസ്.എം. കൃഷ്ണയെ കണ്ടശേഷം തെര്‍സി കേരളത്തിലേക്ക് തിരിക്കുമെന്നാണറിയുന്നത്. കഴിഞ്ഞ നവംബറില്‍ ഇറ്റലിയില്‍ മാരിയോ മോണ്ടി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ആദ്യമായി ഇന്ത്യയില്‍ ഉന്നതതലസന്ദര്‍ശനം നടത്തുന്നത് തെര്‍സിയാണ്. കൊല്ലം നീണ്ടകരയ്ക്കടുത്ത് ഇറ്റലിയുടെ കപ്പലില്‍നിന്നുള്ള വെടിയേറ്റ് രണ്ട് മത്സ്യത്തൊഴിലാളികള്‍ മരിച്ച സംഭവം ഇരുരാജ്യങ്ങളുമായുള്ള ബന്ധത്തില്‍ നിഴല്‍ വീഴ്ത്തിയിട്ടുണ്ട്. ഉഭയകക്ഷിബന്ധങ്ങള്‍, യൂറോപ്പിലെ സാമ്പത്തിക പ്രതിസന്ധി തുടങ്ങിയവ ഇറ്റലിയുടെ മന്ത്രിയുമായുള്ള ചര്‍ച്ചയില്‍ വിഷയമാവുമെന്നാണ് വിദശമന്ത്രാലയം നേരത്തേ അറിയിച്ചിരുന്നത്. പുതിയ സാഹചര്യത്തില്‍, നാവികര്‍ അറസ്റ്റിലായതിന് കാര്യപരിപാടിയില്‍ സ്വാഭാവികമായും പ്രാധാന്യം ലഭിക്കും.
അന്വേഷണത്തില്‍ ഇന്ത്യന്‍നിയമവുമായി സഹകരിക്കുന്നുണ്ടെങ്കിലും, പൊതുവേ ഈ സ്ഥിതിവിശേഷത്തില്‍ ഇറ്റലി സംതൃപ്തരല്ലെന്നാണ് റിപ്പോര്‍ട്ട്. പ്രശ്‌നം ഇന്ത്യന്‍നിയമപ്രകാരം കൈകാര്യം ചെയ്യപ്പെടേണ്ടതല്ലെന്നാണ് ഇറ്റലിയുടെ അഭിപ്രായം. ഐക്യരാഷ്ട്രസഭയുടെ കടല്‍നിയമപ്രകാരം, തങ്ങളുടെ പതാക വഹിക്കുന്ന കപ്പല്‍ ഉള്‍പ്പെട്ട പ്രശ്‌നം ഇറ്റലിയിലെ നിയമപ്രകാരം വിചാരണ ചെയ്യപ്പെടണം എന്ന് അവര്‍ വാദമുയര്‍ത്തിയിരുന്നു. എന്നാല്‍ കുറ്റവാളികളെ ഇന്ത്യന്‍ നിയമപ്രകാരംതന്നെ വിചാരണചെയ്യുമെന്ന നിലപാടില്‍ ഇന്ത്യ ഉറച്ചുനില്‍ക്കുകയാണ്.
കഴിഞ്ഞ 18 നുതന്നെ തെര്‍സി, വിദേശകാര്യമന്ത്രി കൃഷ്ണയുമായി ഈ വിഷയം സംസാരിച്ചിരുന്നു. പിന്നീട് ഉപമന്ത്രി സ്റ്റെഫാന്‍ ദ് മിസ്ത്യൂറയെ ഇന്ത്യയിലേക്ക് അയയ്ക്കുകയും ചെയ്തു. അദ്ദേഹം കൊച്ചിയും സന്ദര്‍ശിച്ചിരുന്നു.