ഇന്ത്യ പോളിയോ രഹിതം- ലോകാരോഗ്യ സംഘടന
- Last Updated on 26 February 2012
ന്യൂഡല്‍ഹി: പോളിയോ ബാധയുള്ള രാജ്യങ്ങളുടെ പട്ടികയില്‍ നിന്ന് ലോകാരോഗ്യസംഘടന ഇന്ത്യയെ ഒഴിവാക്കി. ഡല്‍ഹിയില്‍ നടന്ന പോളിയോ ഉച്ചകോടിയില്‍ കേന്ദ്രആരോഗ്യമന്ത്രി ഗുലാം നബി ആസാദാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. പ്രധാമന്ത്രി ഡോ. മന്‍മോഹന്‍ സിംഹും സന്നിഹിതനായിരുന്നു.
ശനിയാഴ്ച രാവിലെയാണ് ഈ വിവരം ലോകാരോഗ്യസംഘടനയില്‍ നിന്നു ലഭിച്ചതെന്ന് മന്ത്രി പറഞ്ഞു. പാകിസ്താന്‍, നൈജീരിയ, അഫ്ഗാനിസ്താന്‍ എന്നിവയാണ് ഇനിയും പോളിയോ വിമുക്തമാകാത്ത രാജ്യങ്ങള്‍.
പുതുതായി ഒരാള്‍ പോലും പോളിയോ ബാധിക്കാതെ ഒരു കൊല്ലം പൂര്‍ത്തിയാക്കിയത് തൃപ്തികരമാണെന്ന് ഉച്ചകോടിയില്‍ പ്രധാനമന്ത്രി പറഞ്ഞു. ''കൂട്ടായ പ്രവര്‍ത്തനം കൊണ്ടാണ് ഇത് സാധിച്ചത്. കേന്ദ്രസര്‍ക്കാറും സംസ്ഥാന സര്‍ക്കാറുകളും റോട്ടറി ഇന്‍റര്‍ നാഷണല്‍ , ലോകാരോഗ്യസംഘടന, യൂണിസെഫ് തുടങ്ങിയ സംഘടനകളും നടത്തിയ കൂട്ടായ പ്രവര്‍ത്തനമാണ് ഇത് സാധ്യമാക്കിയത്. എന്നാല്‍ ഇതിലേറ്റവും അഭിമാനിക്കാനുള്ളത് 23 ലക്ഷം സന്നദ്ധസേവകര്‍ നടത്തിയ പ്രവര്‍ത്തനമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
വിദൂരഗ്രാമങ്ങളില്‍, പ്രതികൂല കാലാവസ്ഥ വകവെക്കാതെ അവര്‍ നടത്തിയ പ്രവര്‍ത്തനമാണ് ഇതു സാധ്യമാക്കിയത്.
ധനിക-ദരിദ്ര ഭേദമില്ലാതെ, രാജ്യത്തെ ഏത് പ്രദേശത്തും ഏത് ഇന്ത്യന്‍ കുട്ടിക്കും ഇത്തരം രോഗപ്രതിരോധം നല്‍കുന്നതില്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ലോകാരോഗ്യസംഘടനയുടെ ഡയറക്ടര്‍ ജനറല്‍ മാര്‍ഗരറ്റ് ചാന്റെ കത്ത് അസിസ്റ്റന്‍റ് ഡയറക്ടര്‍ ജനറല്‍ ബ്രൂസ് എയില്‍വാഡാണ് ഇന്ത്യക്കു കൈമാറിയത്.
പന്ത്രണ്ടാം പദ്ധതിയില്‍ ആരോഗ്യത്തിനും വിദ്യാഭ്യാസത്തിനും ഊന്നല്‍ നല്‍കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. കുട്ടികളുടെയും അമ്മമാരുടെയും ആരോഗ്യം പ്രധാനമാണെന്നു പറഞ്ഞ പ്രധാനമന്ത്രി, രാജ്യത്ത് പോഷകാഹാരക്കുറവിന്റെ പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാര്‍ നടപടികളെടുക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി.
ശുചിത്വനിലവാരമുയര്‍ത്താനുള്ള നടപടികളും കൈക്കൊള്ളുന്നുണ്ട്. 2017-ഓടെ തുറന്ന സ്ഥലങ്ങളിലെ വിസര്‍ജനം പാടേ ഇല്ലാതാക്കും. രോഗനിയന്ത്രണത്തിന് പൊതുജനാരോഗ്യപ്രവര്‍ത്തകരെ നിയോഗിക്കാന്‍ ഉദ്ദേശിക്കുന്നു. എല്ലാ ഗ്രാമത്തിലും ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുകയാണ് മറ്റൊരു ലക്ഷ്യം- അദ്ദേഹം പറഞ്ഞു.
ആരോഗ്യപരിരക്ഷയുടെ ചെലവ് വര്‍ധിക്കുന്നത് വെല്ലുവിളിയാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇതിനായാണ് ദരിദ്രര്‍ക്കു വേണ്ടിയുള്ള സാമൂഹിക സുരക്ഷാപദ്ധതിക്ക് പ്രാധാന്യം നല്‍കുന്നത്. 2.67 കോടി ദരിദ്രകുടുംബങ്ങള്‍ക്ക് ഇന്ന് 'രാഷ്ട്രീയ സ്വാസ്ഥ്യ ബീമായോജന'യുടെ പ്രയോജനം ലഭിക്കുന്നുണ്ട്. വളര്‍ച്ചനിരക്ക് ഉയര്‍ന്ന തോതിലായതാണ് ആരോഗ്യരംഗത്ത് പണം മുടക്കാന്‍ സഹായകമായത്. 2006-07ല്‍ ജി.ഡി.പി.യുടെ 1 ശതമാനമായിരുന്നു ആരോഗ്യത്തിന് ചെലവഴിച്ചത്. പതിനൊന്നാം പദ്ധതിയുടെ അവസാനത്തോടെ ഇത് 1.4 ശതമാനമായി. എന്നാല്‍ ഇത് 2.5 ശതമാനമെങ്കിലും ആകേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ആരോഗ്യപരിരക്ഷയുടെ ആസൂത്രണവും മാനേജ്‌മെന്‍റും വികേന്ദ്രീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.