കപ്പല്‍ ഉടമകള്‍ പത്തുലക്ഷം കൂടി കെട്ടിവയ്ക്കണം
- Last Updated on 27 February 2012
- Hits: 2
കൊച്ചി: രണ്ട് മത്സ്യത്തൊഴിലാളികളെ വെടിവെച്ചുകൊന്ന കേസില്‍ ഇറ്റാലിയന്‍ ചരക്കുകപ്പലായ എന്റിക്ക ലെക്‌സിയുടെ ഉടമകള്‍ പത്തുലക്ഷം രൂപകൂടി കോടതിയില്‍ കെട്ടിവയ്ക്കാന്‍ ഉത്തരവ്. മത്സ്യത്തൊഴിലാളികള്‍ ജോലിചെയ്തിരുന്ന സെന്റ് ആന്റണീസ് ബോട്ടിന്റെ ഉടമ ഫ്രെഡി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്. 75 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ഫ്രെഡി ഹൈക്കോടതിയെ സമീപിച്ചത്.
കപ്പലുടമ 25 ലക്ഷം രൂപ ബാങ്ക് ഗ്യാരണ്ടിയായി കെട്ടിവെക്കണമെന്ന് നേരത്തെ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് നല്‍കിയിരുന്നു. വെടിയേറ്റ്മരിച്ച കൊല്ലം സ്വദേശി വാലന്റൈന്റെ ഭാര്യ ഡോറമ്മയ്ക്കും കുട്ടിക്കും ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെ ആയിരുന്നു ഇത്.
അതിനിടെ അന്വേഷണസംഘം കസ്റ്റഡിയിലെടുത്ത കപ്പല്‍ ചൊവ്വാഴ്ച വൈകിട്ട് അഞ്ച് മണിവരെ കൊച്ചി തീരം വിട്ടുപോകരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടു. മരിച്ചവരുടെ ബന്ധുക്കള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണ് കോടതിയുടെ ഉത്തരവ്. നാളെ വൈകിട്ട് അഞ്ചുവരെ കപ്പല്‍ കൊച്ചിയില്‍ തന്നെയുണ്ടാകുമെന്ന് ഉറപ്പാക്കണമെന്നാണ് കോടതി പോര്‍ട്ട് അധികൃതര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം.
ഗ്യാരണ്ടി തുകയായി 25 ലക്ഷം എന്നത് അപര്യാപ്തമാണെന്നും കോടതി പറഞ്ഞു. കപ്പലുടമകള്‍ എന്തിനാണ് പിശുക്ക് കാണിക്കുന്നതെന്ന് അഭിഭാഷകനോട് കോടതി ചോദിക്കുകയുണ്ടായി. അന്താരാഷ്ട്ര നിലവാരമുള്ള ഇന്‍ഷുറന്‍സ് പരിരക്ഷയുള്ളതല്ലേയെന്നും കോടതി ആരാഞ്ഞു. കപ്പലുടമകളെ സംബന്ധിച്ചടത്തോളം നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരിക്കുന്നത് അത്ര വലിയ തുകയൊന്നുമല്ലെന്നും കോടതി അഭിപ്രായപ്പെട്ടു.
തോക്കുകള്‍ ഫോറന്‍സിക് ലാബിലേക്ക് അയച്ചു
കൊല്ലം: ഇറ്റാലിയന്‍ ചരക്കു കപ്പലായ എന്റിക്ക ലെക്‌സിയില്‍നിന്ന് പോലീസ് പിടിച്ചെടുത്ത ആയുധങ്ങള്‍ പരിശോധനയ്ക്കായി തിരുവനന്തപുരത്തെ ഫോറന്‍സിക് ലാബിലേക്ക് അയച്ചു. കൊല്ലത്തെ മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കിയ ശേഷമാണ് ആയുധങ്ങള്‍ അടങ്ങിയ പെട്ടികള്‍ തിരുവനന്തപുരത്തേക്ക് കൊണ്ടുപോയത്.
ബെറേറ്റ എ.ആര്‍.എക്‌സ് 160 തോക്കുകള്‍ അടക്കമുള്ളവയാണ് കോടതിയില്‍ ഹാജരാക്കിയതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. രണ്ട് പെട്ടികളിലായാണ് തോക്കുകള്‍ കോടതിയില്‍ ഹാജരാക്കിയത്. രണ്ട് ഇറ്റാലിയന്‍ നാവികരും ഇന്ന് കോടതിയില്‍ ഹാജരായിരുന്നു.