സുഡാന്‍ സ്വദേശിക്ക് രക്തം നല്കാതെ ശസ്ത്രക്രിയ
- Last Updated on 26 February 2012
ബാംഗ്ലൂര്‍: ഒരുതുള്ളി രക്തംപോലും നല്കാതെ യഹോവ സാക്ഷികളുടെ സഭാംഗമായ സുഡാന്‍ സ്വദേശിക്ക് പാന്‍ക്രിയാസ് ശസ്ത്രക്രിയ. നാരായണ ഹൃദയാലയത്തിലാണ് വിജയകരമായ ഈ ശസ്ത്രക്രിയ നടന്നത്.
വയറുവേദനയുമായി എത്തിയ സുഡാനിലെ പിറ്റിയ റൂബനെ പരിശോധിച്ചപ്പോള്‍
പാന്‍ക്രിയാസ് വീക്കമാണെന്ന് (പാന്‍ക്രിയാറ്റൈറ്റിസ്) ഡോക്ടര്‍മാര്‍ കണ്ടെത്തി. പക്ഷെ, ശസ്ത്രക്രിയ നടത്തുമ്പോള്‍ രക്തം സ്വീകരിക്കാന്‍ പാടില്ല എന്ന നിര്‍ബന്ധം രോഗിക്ക് ഉണ്ടായിരുന്നു. മറ്റുള്ളവരില്‍നിന്ന് രക്തം സ്വീകരിക്കാന്‍ പാടില്ല എന്ന യഹോവാ സാക്ഷികളുടെ സഭയുടെ വിശ്വാസത്തെത്തുടര്‍ന്നാണിത്.
മുന്‍കരുതലുകളെടുത്ത് ഇതിന് ആവശ്യമായ പ്രത്യേക കുത്തിവെപ്പുംമറ്റും നല്കിയാണ് രോഗിയില്‍ ശസ്ത്രക്രിയ നടത്തിയത്. രക്തം തീരെ ഉപയോഗിച്ചില്ല. ഡോ. ഗായത്രി ഗോപാലകൃഷ്ണന്റെ പരിശോധനയെത്തുടര്‍ന്നാണ് ശസ്ത്രക്രിയ നിര്‍ദേശിച്ചത്. ഡോക്ടര്‍മാരായ ശരത് ദാമോദര്‍, വിക്രം ബെലിയപ്പ, കെന്നിത് ഡിക്രൂസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ.
ജനവരി രണ്ടാംവാരത്തിലും നാരായണ ഹൃദയാലയ മള്‍ട്ടി സ്‌പെഷ്യാലിറ്റി ആസ്പത്രിയില്‍ ഇത്തരത്തില്‍ ഹൃദയശസ്ത്രക്രിയ നടത്തിയിരുന്നു. യഹോവാ സാക്ഷി സഭാംഗമായ അമേരിക്കക്കാരന്‍ ജാക്ക് ജോണ്‍സിനാണ് (74) രക്തം നല്കാതെ ബൈപ്പാസ് ശസ്ത്രക്രിയ നടത്തിയത്.