മുല്ലപ്പെരിയാര്‍ ഉന്നതാധികാര സമിതിയുടെ കാലാവധി നീട്ടി
- Last Updated on 27 February 2012
- Hits: 3
ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സുപ്രീം കോടതി നിയോഗിച്ച ഉന്നതാധികാര സമിതിയുടെ കാലാവധി ഏപ്രില്‍ 30 വരെ നീട്ടി. അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ കൂടുതല്‍ സമയം വേണമെന്ന സമിതിയുടെ ആവശ്യം പരിഗണിച്ചാണിത്. ഈ മാസം 29 ന് സമിതിയുടെ കാലാവധി അവസാനിക്കേണ്ടതായിരുന്നു.
മുന്‍ ചീഫ് ജസ്റ്റിസ് എ.എസ് ആനന്ദ് അധ്യക്ഷനായ അഞ്ചംഗ സമിതിയെയാണ് മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സുപ്രീം കോടതി നിയോഗിച്ചത്. 2012 ഫിബ്രവരിയില്‍ ഉന്നതാധികാര സമിതിയ്ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. പ്രശ്‌ന പരിഹാരത്തിനുള്ള ശ്രമങ്ങളില്‍ ഇരുസംസ്ഥാനങ്ങളും സഹകരിക്കുന്നില്ലെന്ന് ഉന്നതാധികാര സമിതിയുടെ ആവശ്യം പരിഗണിക്കവെ സുപ്രീം കോടതി നിരീക്ഷിച്ചു. ഉന്നതാധികാര സമിതിയുടെ സിറ്റിംഗുകളില്‍ പങ്കെടുക്കുക മാത്രമാണ് സംസ്ഥാനങ്ങള്‍ ചെയ്യുന്നതെന്നും കോടതി അഭിപ്രായപ്പെട്ടു.