10March2012

ബന്ധുവിന് ഭൂമി: അച്യുതാനന്ദനെതിരെ തെളിവുണ്ടെന്ന് സര്‍ക്കാര്‍

കൊച്ചി: ബന്ധുവായ സോമന് വിമുക്തഭടന്‍ എന്ന നിലയില്‍ ഭൂമി പതിച്ചുനല്‍കിയ കേസില്‍ അച്യുതാനന്ദനെതിരെ തെളിവുണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. അനര്‍ഹമായ സഹായത്തിനു വേണ്ടി സര്‍ക്കാരിനെ സ്വാധീനിക്കാന്‍ ശ്രമിച്ചതിനെപ്പറ്റി സോമനെതിരായ അന്വേഷണം ഈ ഘട്ടത്തില്‍ സ്‌റ്റേ ചെയ്യരുതെന്നും പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ ടി. ആസഫലി വാദിച്ചു. 

ഇത് സംബന്ധിച്ച കേസില്‍ മുന്‍ മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന്‍ ഉള്‍പ്പെടെ ഏഴ് പ്രതികളുടെ പേരിലും ശക്തമായ തെളിവുണ്ടെന്നും പ്രഥമവിവര റിപ്പോര്‍ട്ട് റദ്ദാക്കരുതെന്നുമാണ് സര്‍ക്കാരിന്റെ വാദം. അതിനിടെ, വ്യാഴാഴ്ച ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് പി. എസ്. ഗോപിനാഥ് ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് പിന്‍മാറിയിട്ടുണ്ട്. 

സോമന്റെ പെന്‍ഷന്‍ ഉള്‍പ്പെടെ അപേക്ഷകര്‍ക്ക് പ്രതിവര്‍ഷം ഏകദേശം 1. 92 ലക്ഷം രൂപ വരുമാനമുണ്ട്. അക്കാര്യം മറച്ചുവച്ചാണ് 25, 000 രൂപ മാത്രമാണ് വരുമാനമെന്ന് കാണിച്ച് ഭൂമിക്ക് അപേക്ഷ നല്‍കിയത്. 30, 000 രൂപയില്‍ താഴെ വാര്‍ഷികവരുമാനമുള്ളവര്‍ക്ക് മാത്രമേ ഭൂമി പതിച്ചു കിട്ടാന്‍ അവകാശമുള്ളൂ എന്ന് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു. 

തങ്ങള്‍ക്ക് വേറെ വസ്തുവുണ്ടെന്ന കാര്യവും ഒഴിവാക്കിയാണ് സോമനും ഭാര്യയും വസ്തു പതിച്ചു കിട്ടാന്‍ അപേക്ഷിച്ചത്. ഇതും അനുവദിക്കാനാവില്ല. 1976-ല്‍ ഭൂമി അനുവദിക്കപ്പെട്ടപ്പോള്‍ അതിന് 673 രൂപ 90 ദിവസത്തിനകം കെട്ടിവയ്ക്കണമായിരുന്നു. സോമന്‍ ഈ വ്യവസ്ഥ പാലിച്ചിട്ടില്ല. കാലതാമസം വകവച്ചു നല്‍കാന്‍ അപേക്ഷയും നല്‍കിയിട്ടില്ല. അതിനാല്‍ ഭൂമി പതിച്ചു കിട്ടാനുള്ള അവകാശം സ്വാഭാവികമായി നഷ്ടമാവുമെന്ന് സര്‍ക്കാര്‍ ബോധിപ്പിച്ചു. അതിനുശേഷം 29 കൊല്ലം കഴിഞ്ഞാണ് വീണ്ടും അപേക്ഷ നല്‍കുന്നത്. മൂന്ന് സര്‍ക്കാരുകള്‍ക്ക് അപേക്ഷ നല്‍കി. 

ഏറ്റവുമൊടുവില്‍ വി. എസ്. അച്യുതാനന്ദന്‍ കഴിഞ്ഞ തവണ മുഖ്യമന്ത്രിയായപ്പോഴാണ് അപേക്ഷ പരിഗണിക്കാന്‍ സ്വാധീനം ചെലുത്തിയതായി കണ്ടെത്തിയിട്ടുള്ളത്. 19 സാക്ഷികളുടെ മൊഴിയെടുത്തു. 30 രേഖകള്‍ പിടിച്ചെടുത്തു. മുന്‍ മന്ത്രി, ഉദ്യോഗസ്ഥര്‍ എന്നിവരുള്‍പ്പെടെ 60 സാക്ഷികളുടെ മൊഴി കൂടി എടുക്കാനുണ്ട്. ഇതിന് കൂടുതല്‍ സമയം വേണം. ഈ ഘട്ടത്തില്‍ കോടതി ഇടപെടുന്നത് ഉചിതമാവില്ലെന്നാണ് സര്‍ക്കാരിന്റെ നിലപാട്. 

വ്യക്തിതാല്‍പര്യം മുന്‍നിര്‍ത്തിയാണ് ഭൂമി അനുവദിക്കാനുള്ള അപേക്ഷയിലെ നടപടികളുണ്ടായത്. ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് ഭൂമി അനുവദിക്കുന്നത് സംബന്ധിച്ചു നല്‍കിയ കത്തില്‍ മുഖ്യമന്ത്രിക്ക് താല്‍പര്യമുണ്ടെന്ന് സൂചിപ്പിക്കുന്നുണ്ട് എന്ന് സര്‍ക്കാര്‍ വിശദീകരണത്തില്‍ പറയുന്നു.

ഈ കത്തിന്റെ പകര്‍പ്പും ഹാജരാക്കുന്നുണ്ട്. ഈ കേസില്‍ വി. എസ്. അച്യുതാനന്ദന്‍ മറ്റ് പ്രതികളുമായി ഗൂഢാലോചന നടത്തിയെന്ന് പറയുന്നു. ഇത്തരത്തില്‍ ഭൂമി നല്‍കുമ്പോള്‍ കുന്നിന്‍പ്രദേശത്ത് പരമാവധി 1 ഏക്കര്‍ മാത്രമേ നല്‍കാവു എന്ന വ്യവസ്ഥയും ലംഘിക്കപ്പെട്ടു എന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു. കാസര്‍കോട്ട് 2. 22 ഏക്കര്‍ ഭൂമി അനുവദിച്ച മുന്‍സര്‍ക്കാരിന്റെ നടപടി റദ്ദാക്കിയതിനും അതേപ്പറ്റി വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടതിനും മറ്റും എതിരെ സോമന്‍ നല്‍കിയ ഹര്‍ജിയിലാണിത്.

Newsletter