നെയ്യാറ്റിന്‍കര എം.എല്‍.എ ശെല്‍വരാജ് രാജിവെച്ചു
- Last Updated on 09 March 2012
- Hits: 2
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിലെ സി.പി.എം എം.എല്‍.എ ആര്‍.ശെല്‍വരാജ് രാജിവെച്ചു. രാജിക്കത്ത് സ്പീക്കര്‍ ജി.കാര്‍ത്തികേയന് കൈമാറി. പാര്‍ട്ടി ജില്ലാ കമ്മിറ്റി അംഗത്വവും അദ്ദേഹം രാജിവെച്ചിട്ടുണ്ട്. വിഭാഗീയതയാണ് തന്റെ രാജിയുടെ കാരണമെന്ന് ശെല്‍വരാജ് പറഞ്ഞു. പാര്‍ട്ടി നേതൃത്വത്തിന് ഫ്യൂഡല്‍ മാനസികാവസ്ഥയാണുള്ളതെന്ന് അദ്ദേഹം ആരോപിച്ചു. പാര്‍ട്ടി നേതൃത്വം
വാര്‍ത്തയോട് പ്രതികരിക്കാന്‍ വിസമ്മതിച്ചു.
സംസ്ഥാന സമ്മേളനത്തിന് ശേഷവും പാര്‍ട്ടിയില്‍ വിഭാഗീയത അവസാനിച്ചിട്ടില്ല. പാര്‍ട്ടി നേതൃത്വത്തോട് പറഞ്ഞിട്ട് ഒരു കാര്യവുമില്ലെന്ന് മനസ്സിലായി. അതുകൊണ്ടാണ് രാജിവയ്ക്കുന്നത്. വ്യക്തിഹത്യയും വ്യക്തിപരമായ ആക്രമണം പാടില്ലെന്നും കേന്ദ്രകമ്മിറ്റിയുടെ മാര്‍ഗരേഖ ഉണ്ടായിട്ടും സമ്മേളനങ്ങളില്‍ വ്യക്തികേന്ദ്രീകൃത ആക്രമണങ്ങളാണുണ്ടായത്. മാര്‍ഗരേഖ ഒരുതരത്തിലും പാലിക്കപ്പെട്ടില്ല-ശെല്‍വരാജ് പറഞ്ഞു. വ്യക്തിപരമായി തന്നെയും തന്റെ കുടുംബത്തിന് നേരെയുമുള്ള ആക്രമണങ്ങളില്‍ നിന്ന് പാര്‍ട്ടിയുടെ പരിരക്ഷ ലഭിക്കില്ലെന്ന് മനസിലായതാണ് ഇത്തരമൊരു തീരുമാനമെടുക്കാന്‍ കാരണമായത്. എന്നും പാര്‍ട്ടിയില്‍ സത്യസന്ധമായാണ് പ്രവര്‍ത്തിച്ചത്. എം.എല്‍.എ ആയും പരമാവധി കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ട്. സ്ഥാനം രാജിവയ്ക്കാനുള്ള തീരുമാനം പാര്‍ട്ടി ജില്ലാ സെക്രട്ടറിയെ അറിയിച്ചിട്ടുണ്ട്. തന്റെ തീരുമാനത്തിന് പിന്നില്‍ ആരുടെയും പ്രേരണയില്ലെന്നും ശെല്‍വരാജ് വ്യക്തമാക്കി.
ഞാനുമായി ബന്ധമുള്ള സഖാക്കളുടെ മെമ്പര്‍ഷിപ്പ് പുതുക്കേണ്ടെന്ന് പാര്‍ട്ടി തീരുമാനിച്ചു. ഇനി ഇങ്ങിനെ തുടരുന്നതില്‍ കാര്യമില്ലെന്ന് തോന്നിയതിനാലാണ് എം.എല്‍.എ സ്ഥാനം രാജിവെച്ചത്. പാര്‍ട്ടിയില്‍ നിന്ന് രാജിവയ്ക്കുകയും എം.എല്‍.എ സ്ഥാനത്ത് തുടരുകയും ചെയ്യുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ജനങ്ങളെ ഒരിക്കലും വെല്ലുവിളിക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്ന് ശെല്‍വരാജ് വ്യക്തമാക്കി. പാര്‍ട്ടി പ്രവര്‍ത്തകനായി തുടരും. ഏതെങ്കിലുമൊരു പ്രത്യയശാസ്ത്രത്തില്‍ വിശ്വസിച്ച് പ്രവര്‍ത്തിക്കാന്‍ ഏതെങ്കിലും പാര്‍ട്ടിയില്‍ അംഗമാകണമെന്നില്ല. ജനങ്ങലിലും പാര്‍ട്ടി പ്രവര്‍ത്തകരിലും തനിക്ക് പൂര്‍ണവിശ്വാസമുണ്ട്-ശെല്‍വരാജ് പറഞ്ഞു. സമുദായ സംഘടനകളുമായി തനിക്ക് യാതൊരു ബന്ധവുമില്ല. അവരുടേതും തന്റേതും രണ്ട് വഴികളാണ്.
യു.ഡി.എഫിലേയ്ക്ക് ഒരിക്കലും പോവുകയില്ല. അങ്ങിനെ പോകുന്നതിലും ഭേദം ആത്മഹത്യ ചെയ്യുന്നതാണ്. യു.ഡി.എഫുമായി സന്ധിയില്ലാ സമരത്തിലാണ്. ആ സമരം ഇനിയും തുടരും-ശെല്‍വരാജ് വ്യക്തമാക്കി. പിറവം തിരഞ്ഞെടുപ്പിനെ തന്റെ രാജി ഒരുതരത്തിലും ബാധിക്കില്ല. പിറവവുമായി എനിക്ക് യാതൊരു ബന്ധവുമില്ല. എന്റെ കുടുംബാംഗങ്ങളില്‍ ആരും അവിടെ താമസിക്കുന്നവരുമല്ല. ഞാനവിടുത്തെ വോട്ടറുമല്ല-ശെല്‍വരാജ് പറഞ്ഞു.
ജില്ലയിലെ പല പാര്‍ട്ടി നേതാക്കളുമായി ശെല്‍വരാജിന് കടുത്ത അഭിപ്രായവ്യത്യാസമുണ്ടായിരുന്നു. 2006ല്‍ പാറശ്ശാലയില്‍ നിന്ന് ജയിച്ച എം.എല്‍.എ ആയ ശെല്‍വരാജിന് 2011ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പാറശ്ശാല മണ്ഡലം നല്‍കാന്‍ പാര്‍ട്ടി തയ്യാറായിരുന്നില്ല. പകരം നെയ്യാറ്റിന്‍കര മണ്ഡലത്തിലാണ് അദ്ദേഹത്തെ മത്സരിപ്പിച്ചത്. അവിടെ അദ്ദേഹം കോണ്‍ഗ്രസിലെ തമ്പാനൂര്‍ രവിയെ തോല്‍പിച്ചായിരുന്നു ശെല്‍വരാജ് എം.എല്‍.എ ആയത്.
തിരഞ്ഞെടുപ്പില്‍ തന്റെ സിറ്റിങ് സീറ്റീയിരുന്ന പാറശാലയില്‍ മത്സരിച്ച പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗം ആനാവൂര്‍ നാഗപ്പനെ പരാജയപ്പെടുത്താന്‍ ശെല്‍വരാജ് ശ്രമിച്ചിരുന്നതായി പാര്‍ട്ടിക്കുള്ളില്‍ ആരോപണമുണ്ടായിരുന്നു. ഇതിനെത്തുടര്‍ന്ന് പാര്‍ട്ടി ജില്ലാ, സംസ്ഥാന സമ്മേളനങ്ങളില്‍ ശെല്‍വരാജിനെതിരെ രൂക്ഷ വിമര്‍ശനമുയരുകയുമുണ്ടായി. ഇതിനെത്തുടര്‍ന്ന് പാര്‍ട്ടി തന്നെയും തന്റെ കുടുംബത്തെയും നശിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന് ശെല്‍വരാജ് ആരോപണമുയര്‍ത്തിയിരുന്നു.