05July2012

You are here: Home Education ഏഴാം ക്ലാസുകാരനും 10 ജയിക്കാം; ജോലിയും തേടാം

ഏഴാം ക്ലാസുകാരനും 10 ജയിക്കാം; ജോലിയും തേടാം

പത്താം ക്ലാസ് എങ്കിലും പഠിക്കാതെ എങ്ങനെ സമൂഹത്തെ അഭിമുഖീകരിക്കുമെന്ന ലജ്ജയുമായി എല്ലാ കാലവും കഴിയേണ്ടതില്ല. 17 വയസ്സുകഴിഞ്ഞ ആര്‍ക്കും എസ്.എസ്.എല്‍.സി. പരീക്ഷ എഴുതാനുള്ള സൗകര്യം ഇപ്പോഴുണ്ട്. എഴാംതരം വരെ പഠിക്കുകയോ, സാക്ഷരതാ മിഷന്റെ ഏഴാംതരം തുല്യതാപരീക്ഷ ജയിക്കുകയോ ചെയ്തവര്‍ക്കും ഒറ്റ പരീക്ഷയെഴുതി പത്താം ക്ലാസുകാരനാവാം. 

സംസ്ഥാന സാക്ഷരതാ മിഷന്‍ നടത്തുന്ന പത്താംതരം തുല്യതാപരീക്ഷയാണ് പഠനമോഹം ഉള്ളിലൊതുക്കി കഴിയുന്നവര്‍ക്ക് രക്ഷയായുള്ളത്. എത്ര വയസ്സായവര്‍ക്കും ഈ പരീക്ഷ എഴുതാം. 

സംസ്ഥാന സര്‍ക്കാറിന് കീഴിലുള്ള പൊതുപരീക്ഷാ ബോര്‍ഡാണ് പരീക്ഷ നടത്തി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്. വെറും പത്തുമാസം ദൈര്‍ഘ്യമുള്ള പഠനമാണ് ഇതിനാവശ്യമായുള്ളത്. ജോലി ചെയ്തുകൊണ്ടുതന്നെ പോയിവരാവുന്ന വിധമാണ് ക്ലാസുകള്‍ ക്രമീകരിച്ചിട്ടുള്ളത്. പൊതു അവധി ദിനങ്ങളിലാണ് പഠനം. തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍/ എയിഡഡ് സ്‌കൂളുകളിലും സാക്ഷരതാ കേന്ദ്രങ്ങളിലും സമ്പര്‍ക്ക പഠന ക്ലാസുകള്‍ നല്‍കും. പത്താം ക്ലാസിലെ എല്ലാ വിഷയങ്ങളും പഠിക്കാം.

ഉപരിപഠനത്തിനും സര്‍ക്കാര്‍ ജോലികള്‍ക്കും ഈ സര്‍ട്ടിഫിക്കറ്റ് മതിയാവും എന്നതാണ് തുല്യതാപഠനത്തിന്റെ മുഖ്യഗുണവും ആകര്‍ഷണവും. പുസ്തകം ഉള്‍പ്പെടെ കോഴ്‌സ് ഫീസ് 1500 രൂപ മതി. 300 രൂപ പരീക്ഷാ ഫീസും. അപേക്ഷാ ഫോറവും പ്രോസ്പക്ടസും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന വികസന, തുടര്‍വിദ്യാകേന്ദ്രങ്ങള്‍ വഴി ലഭിക്കും. സാക്ഷരതാമിഷന്‍ ഓഫീസുകളിലും ലഭ്യമാണ്. 100 രൂപയാണ് വില. തപാലില്‍ ലഭിക്കാന്‍ 100 രൂപ ഡി. ഡി. അയയ്ക്കണം. ഇത് സംസ്ഥാന സാക്ഷരതാമിഷന്‍ ഡയറക്ടറുടെ പേരില്‍ തിരുവനന്തപുരത്ത് മാറാവുന്ന വിധം എടുത്തതാവണം. 15 രൂപ സ്റ്റാമ്പ് പതിച്ച് സ്വന്തം മേല്‍വിലാസമെഴുതിയ കവറും ഒപ്പം അയയ്ക്കണം. ജില്ലാ സാക്ഷരതാ മിഷന്‍ ഓഫീസിലേക്കോ സംസ്ഥാന സാക്ഷരതാ മിഷന്‍ ഓഫീസിലെക്കോ അയച്ചാല്‍ മതി. 

വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്തും ഉപയോഗിക്കാം. വിലാസം:www.literacymissionkerala.org ഡൗണ്‍ലോഡ് ചെയ്ത ഫോം ഉപയോഗിക്കുന്നവര്‍ മേല്‍പ്പറഞ്ഞവിധം 100 രൂപ ഡി.ഡി.യും ഒപ്പം അയയ്ക്കണം. ജൂലായ്-31 വരെ അപേക്ഷ സമര്‍പ്പിക്കാം.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0471 2322253, 2322254.

Newsletter