മ്യാന്‍മറില്‍ ചരിത്രപരമായ തിരഞ്ഞെടുപ്പ്
- Last Updated on 02 April 2012
- Hits: 1
യാങ്കോണ്‍: ജനാധിപത്യഭാവി സ്വപ്നം കാണുന്ന മ്യാന്‍മര്‍ ജനതയുടെ പോരാട്ടപ്രതീകം ആങ് സാന്‍ സ്യൂചി ആദ്യമായി പാര്‍ലമെന്റിലേക്ക്. ഗ്രാമീണ മണ്ഡലമായ കൗമുവില്‍നിന്ന് സ്യൂ ചി ചരിത്രവിജയം നേടിയതായി അവരുടെ കക്ഷിയായ 'നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി' (എന്‍.എല്‍.ഡി.) അറിയിച്ചു. ഇതടക്കം ഞായറാഴ്ച ഉപതിരഞ്ഞെടുപ്പു നടന്ന 45 പാര്‍ലമെന്റ് സീറ്റുകളില്‍ മത്സരിച്ച 44 എണ്ണത്തിലും
തങ്ങളുടെ സ്ഥാനാര്‍ഥികള്‍ മുന്നേറുകയാണെന്നും എന്‍.എല്‍.ഡി. വൃത്തങ്ങള്‍ പറഞ്ഞു. ഔദ്യോഗിക ഫലപ്രഖ്യാപനം ഒരാഴ്ചയ്ക്കകമുണ്ടാവും.
സൈനിക പിന്തുണയോടെ ഭരണം നടത്തുന്ന യൂണിയന്‍ സോളിഡാരിറ്റി ആന്‍ഡ് ഡെവലപ്‌മെന്റ് പാര്‍ട്ടി (യു.എസ്.ഡി.പി.) യുടെ ഡോ. സോ മിന്‍ ആയിരുന്നു സ്യൂ ചിയുടെ പ്രധാന എതിര്‍സ്ഥാനാര്‍ഥി. മുന്‍ സൈനിക ഡോക്ടറാണ് അദ്ദേഹം. 2010 നവംബറില്‍ പട്ടാള ഭരണകൂടം സംഘടിപ്പിച്ച തിരഞ്ഞെടുപ്പു പ്രഹസനത്തെത്തുടര്‍ന്നാണ് മുന്‍ സൈനിക ജനറല്‍മാരുടെ നേതൃത്വത്തിലുള്ള യു.എസ്.ഡി.പി. അധികാരത്തിലെത്തിയത്. സ്യൂ ചിയെയോ എന്‍.എല്‍.ഡി.യെയോ അന്നു തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അനുവദിച്ചിരുന്നില്ല.
എന്നാല്‍, പിന്നീട് യു.എസ്.ഡി.പി. സര്‍ക്കാര്‍ സ്യൂ ചിയെ ദീര്‍ഘകാലത്തെ വീട്ടുതടങ്കലില്‍നിന്നു മോചിപ്പിക്കുകയും മറ്റുചില പരിഷ്‌കരണ നടപടികള്‍ കൈക്കൊള്ളുകയുമുണ്ടായി. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് ഞായറാഴ്ചത്തെ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സ്യൂ ചിയെയും എന്‍.എല്‍.ഡി.യെയും അനുവദിച്ചത്. മത്സരിച്ച 44 സീറ്റിലും ജയിച്ചാല്‍ത്തന്നെയും രാജ്യത്തെ അധികാരഘടനയില്‍ കാര്യമായ സ്വാധീനം ചെലുത്താന്‍ എന്‍.എല്‍.ഡി.ക്കു തത്കാലം സാധിക്കില്ലെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍.
എന്നാല്‍, പാര്‍ലമെന്റില്‍ സ്യൂ ചിയുടെ സാന്നിധ്യമുണ്ടാവുകയെന്നതുതന്നെ ജനായത്തത്തിലേക്കുള്ള മ്യാന്‍മറിന്റെ ചുവടുവെപ്പില്‍ നിര്‍ണായകമാണെന്ന് ജനാധിപത്യവാദികളും എന്‍.എല്‍.ഡി. അനുഭാവികളും കരുതുന്നു. 1990-ല്‍ നടത്തിയ പൊതുതിരഞ്ഞെടുപ്പില്‍ സ്യൂ ചിയുടെ നേതൃത്വത്തില്‍ എന്‍.എല്‍.ഡി. വന്‍വിജയം നേടിയിരുന്നെങ്കിലും അധികാരം കൈമാറാന്‍ സൈന്യം വിസമ്മതിക്കുകയാണുണ്ടായത്.
മുന്‍കാലങ്ങളില്‍നിന്നു വ്യത്യസ്തമായി ഇത്തവണ വിദേശത്തുനിന്നുള്ള വിദഗ്ധരെ തിരഞ്ഞെടുപ്പ് നിരീക്ഷിക്കാന്‍ മ്യാന്‍മര്‍ ഭരണകൂടം അനുവദിച്ചിരുന്നു. തിരഞ്ഞെടുപ്പ് റിപ്പോര്‍ട്ട് ചെയ്യാന്‍ വിദേശ മാധ്യമപ്രവര്‍ത്തകര്‍ക്കും അനുമതി നല്‍കി. നിര്‍ഭയമായി വോട്ടുചെയ്യാന്‍ മ്യാന്‍മര്‍ ജനതയ്ക്ക് ഏറെക്കാലത്തിനുശേഷം ലഭിച്ച അവസരമായിരുന്നു ഞായറാഴ്ചത്തേത്. സ്യൂ ചി മത്സരിച്ച കൗമുവിലും ഉപതിരഞ്ഞെടുപ്പു നടന്ന മറ്റു മണ്ഡലങ്ങളിലും ബൂത്തുകളില്‍ ജനം ക്ഷമയോടെ കാത്തുനിന്ന് വോട്ടുരേഖപ്പെടുത്തി. എന്നാല്‍, ചില്ലറ കൃത്രിമങ്ങള്‍ നടന്നതായി എന്‍.എല്‍.ഡി. ആരോപിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പുകമ്മീഷന് പരാതി അയച്ചതായി എന്‍.എല്‍.ഡി. വക്താവ് ന്യാന്‍ വിന്‍ പറഞ്ഞു.
മ്യാന്‍മറിന്റെ വഴികള്‍
1948-ല്‍ ബ്രിട്ടനില്‍ നിന്നു സ്വാതന്ത്ര്യം നേടിയ ബര്‍മ (ഇപ്പോള്‍ മ്യാന്‍മര്‍) ആദ്യകാലത്ത് ജനാധിപത്യ റിപ്പബ്ലിക്കായിരുന്നു. 1962-ലാണ് സൈന്യം അട്ടിമറിയിലൂടെ അധികാരം പിടിച്ചെടുത്തത്. ഉരുക്കുമുഷ്ടി ഉപയോഗിച്ചായിരുന്നു ഭരണം. 1990-ല്‍ സ്വതന്ത്ര തിരഞ്ഞെടുപ്പ് നടത്തിയെങ്കിലും ജനാധിപത്യ സര്‍ക്കാറിനെ വാഴിക്കാന്‍ സൈന്യം വിസമ്മതിച്ചു. ജനാധിപത്യപ്പോരാളി ആങ് സാന്‍ സ്യൂ ചി പിന്നീട് വര്‍ഷങ്ങളോളം തടവിലായി. 2010 നവംബറില്‍ രാജ്യത്ത് വീണ്ടും തിരഞ്ഞെടുപ്പ് നടന്നു. പട്ടാളത്തിന്റെ നിഴല്‍സംഘടനയായ യു.എസ്.ഡി.പി. ഭരണത്തിലേറി. തുടര്‍ന്ന് സ്യൂ ചിയെ മോചിപ്പിക്കുകയും രാജ്യത്ത് ചില പരിഷ്‌കരണങ്ങള്‍ നടപ്പിലാക്കുകയും ചെയ്തു.