ഇറാന്‍ എണ്ണ: ഇന്ത്യ വഴങ്ങിയെന്ന് അമേരിക്ക
- Last Updated on 02 March 2012
- Hits: 20
വാഷിങ്ടണ്‍: എണ്ണ ഇറക്കുമതിയില്‍ ഇറാനെ ആശ്രയിക്കുന്നത് കുറച്ചുകൊണ്ടുവരണമെന്ന യു.എസ്. ഭരണകൂടത്തിന്റെ നിര്‍ദേശം അനുസരിച്ച് ഇന്ത്യ പ്രവര്‍ത്തിച്ചുതുടങ്ങിയെന്ന് വിദേശകാര്യ സെക്രട്ടറി ഹില്ലരിക്ലിന്‍റണ്‍ അമേരിക്കന്‍ കോണ്‍ഗ്രസിനെ അറിയിച്ചു. ഇക്കാര്യത്തില്‍ ഇന്ത്യ ശരിയായ ദിശയിലാണ് നീങ്ങുന്നതെന്ന് അഭിപ്രായപ്പെട്ട ഹില്ലരി, പരസ്യപ്രസ്താവനകള്‍ മറിച്ചാണെങ്കിലും
ഇന്ത്യയിലെ ബാങ്കുകള്‍ ഇറാനെതിരെയുള്ള അമേരിക്കന്‍ ഉപരോധവുമായി സഹകരിക്കുന്നുണ്ടെന്നും വ്യക്തമാക്കി.
ഇറാന്റെ ആണവപരിപാടിക്കെതിരെ ശക്തമായി രംഗത്തുള്ള അമേരിക്കന്‍ഭരണകൂടം ഇന്ത്യ, ചൈന, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളോട് എണ്ണ ഇറക്കുമതിയില്‍ ഇറാനെ ആശ്രയിക്കുന്നത് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ ഈ രാജ്യങ്ങളുമായി യു.എസ്. ഗൗരവപൂര്‍ണവും തുറന്നതുമായ ചര്‍ച്ചകള്‍ നടത്തിവരികയാണെന്ന് ഹില്ലരി കഴിഞ്ഞദിവസം മറ്റൊരു കോണ്‍ഗ്രസ് സമിതിയെയും അറിയിച്ചിരുന്നു. ഈ വിഷയത്തില്‍ ഇന്ത്യ സ്വീകരിച്ച നടപടികളില്‍ അവര്‍ സംതൃപ്തി പ്രകടിപ്പിച്ചു.
ചൈനയും ഇറാനില്‍നിന്നുള്ള എണ്ണ ഇറക്കുമതി കുറയ്ക്കാന്‍ ശ്രമം തുടങ്ങിയതായി ഹില്ലരി കോണ്‍ഗ്രസ് അംഗങ്ങളെ അറിയിച്ചു. ഇറാനില്‍നിന്നുള്ള ഇറക്കുമതി കുറച്ചാല്‍ ഉണ്ടാകുന്ന എണ്ണ ദൗര്‍ലഭ്യം നേരിടാന്‍ ചൈന സൗദിയടക്കമുള്ള രാജ്യങ്ങളെ സമീപിച്ചിട്ടുണ്ടെന്നും ഹില്ലരി കോണ്‍ഗ്രസ് സമിതിയെ അറിയിച്ചു. ഇറാനില്‍ നിന്ന് വാതക പൈപ്പ്‌ലൈന്‍ സ്ഥാപിക്കാനുള്ള നീക്കത്തില്‍നിന്ന് പിന്തിരിയാന്‍ ഹില്ലരി ക്ലിന്‍റണ്‍ പാകിസ്താനോടാവശ്യപ്പെട്ടു. അമേരിക്ക പ്രഖ്യാപിച്ച ഉപരോധത്തിന് വിരുദ്ധമായ ഈ നടപടിക്ക് അപകടകരമായ പ്രത്യാഘാതം ഉണ്ടാവുമെന്ന് അവര്‍ മുന്നറിയിപ്പു നല്‍കി.
അതേസമയം ഇറാന്‍ ആണവായുധശേഷി നേടില്ലെന്ന് അമേരിക്ക ഉറപ്പുവരുത്തുമെന്ന് വൈറ്റ്ഹൗസ് പ്രസ്സ് സെക്രട്ടറി ജെ. കാര്‍ണി പറഞ്ഞു. ഇറാനെതിരായ സൈനികനടപടി മേഖലയില്‍ കടുത്ത അസ്ഥിരതയ്ക്ക് വഴിതെളിക്കുമെന്നും ഇറാഖിലും അഫ്ഗാനിസ്താനിലുമുള്ള അമേരിക്കക്കാരുടെ സുരക്ഷയ്ക്ക് ഭീഷണിയാവുമെന്ന് ഭയപ്പെടുന്നതായി അദ്ദേഹം സൂചിപ്പിച്ചു. പ്രശ്‌നത്തില്‍ രാഷ്ടീയപരിഹാരമാണ് ആഗ്രഹിക്കുന്നതെന്ന് കഴിഞ്ഞദിവസം ഒബാമാ ഭരണകൂടം പറഞ്ഞിരുന്നു.