ചെന്നൈയ്ക്ക് സൂപ്പര്‍ ജയം
- Last Updated on 11 May 2012
- Hits: 1
ജയ്പുര്‍: കൈവിട്ടു പോയെന്ന് കരുതിയ കളിയില്‍ വാലറ്റക്കാരുടെ വെടിക്കെട്ടില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് ജയം. ഐ.പി.എല്‍. ക്രിക്കറ്റില്‍ ആതിഥേയരായ രാജസ്ഥാന്‍ റോയല്‍സിനെ നാലു വിക്കറ്റിന് തോല്പിച്ച് നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സെമിഫൈനല്‍ പ്രതീക്ഷ നിലനിര്‍ത്തി. ജയത്തോടെ ചെന്നൈ 13കളികളില്‍ 13 പോയന്റുമായി നാലാം സ്ഥാനത്തേക്കുയര്‍ന്നു. തോറ്റിരുന്നെങ്കില്‍
ചെന്നൈ പുറത്തേക്കുള്ള പാതയിലാവുമായിരുന്നു. മഴമൂലം തടസ്സപ്പെട്ട കളിയില്‍ ആദ്യ ബാറ്റിങ്ങിന് അയക്കപ്പെട്ട രാജസ്ഥാന് 126 റണ്‍സ് നേടാനേ കഴിഞ്ഞുള്ളൂ. നാല് ഓവറില്‍ എട്ടു റണ്‍സ് മാത്രം വിട്ടുകൊടുത്ത് രണ്ടു വിക്കറ്റെടുത്ത ചെന്നൈയുടെ ബെന്‍ ഹില്‍ഫെനോസാണ് കളിയിലെ താരം. സ്‌കോര്‍: രാജസ്ഥാന്‍ 20 ഓവറില്‍ 6ന് 126; ചെന്നൈ 18.1 ഓവറില്‍ 6ന് 127.
ബാറ്റിങ് ദുഷ്‌കരമായ പിച്ചില്‍ 16.2 ഓവറില്‍ 84 റണ്‍സ് ചേര്‍ക്കുന്നതിനിടെ ആറു വിക്കറ്റുകള്‍ നഷ്ടപ്പെട്ട ചെന്നൈ തോല്‍വി ഉറപ്പിച്ചതാണ്. 22 പന്തില്‍ 43 റണ്‍സ് വേണമെന്ന നിലയില്‍ ഉഴറിയ ചെന്നൈയെ ആറു പന്തില്‍ 18 റണ്‍സ് വീതമെടുത്ത ആല്‍ബി മോര്‍ക്കലും അനിരുദ്ധ ശ്രീകാന്തുമാണ് വിജയത്തിലേക്ക് നയിച്ചത്. ഇരുവരും രണ്ടു സിക്‌സറും ഓരോ ബൗണ്ടറിയും വീതമടിച്ചു.